- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിക്ക് ഒരുസീറ്റുപോലും കിട്ടില്ല; യുഡിഎഫിന് ഒപ്പം നിന്ന മൂന്നുജില്ലകളിൽ രണ്ടിൽ കൂടി മാറ്റം വരും; എൽഡിഎഫിന് ഒരു ജില്ലയിലും മേൽക്കൈ നഷ്ടപ്പെടില്ലെന്നും എൺപതിന് മേലേ സീറ്റുകൾ കിട്ടുമെന്നും എ.വിജയരാഘവൻ; തൃശൂർ മണ്ഡലത്തിൽ പരാജയസാധ്യതയെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ വിലയിരുത്തലും
തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റിൽ പോലും വിജയിക്കില്ലെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. യുഡിഎഫിനോടൊപ്പം നിന്ന മൂന്ന് ജില്ലകളിൽ രണ്ടെണ്ണത്തിൽ കൂടി മാറ്റമുണ്ടാവും. കേരള കോൺഗ്രസ് എമ്മിന്റെ എൽഡിഎഫിലേക്കുള്ള വരവ് അതിന് വഴിതെളിച്ചിട്ടുണ്ടെന്നും വിജയരാഘവൻ പറഞ്ഞു. ഇക്കാര്യം മനോരമ ഓൺലൈനാണ് റിപ്പോർട്ട് ചെയ്തത്.
'കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന മൂന്ന് ജില്ലകളിൽ രണ്ടിൽക്കൂടി മാറ്റം വരും. കേരള കോൺഗ്രസ് എമ്മിന്റെ എൽഡിഎഫിലേക്കുള്ള വരവ് അതിന് വഴിയൊരുക്കും. എൽഡിഎഫിന് ഒരു ജില്ലയിലും മേൽക്കൈ നഷ്ടപ്പെടില്ല. മിക്ക ജില്ലകളിൽ പരമാവധി സീറ്റുകൾ 2016ൽ നേടിയിട്ടുണ്ട്. അവിടെയൊന്നും ഒരു ക്ഷീണവും സംഭവിക്കാനുള്ള സാഹചര്യം നിലവിലില്ല', വിജയരാഘവൻ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മാറ്റി നിർത്തിയാൽ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നിരന്തരമായ തോൽവികളാണ് സംഭവിക്കുന്നത്. ബിജെപി വോട്ടുകൂടി മറിച്ചു കിട്ടാതെ കേരളത്തിൽ എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫിന് സാധിക്കില്ല എന്നതാണ് ഇപ്പോഴത്തെ യാഥാർത്ഥ്യം. പ്രാദേശികമായി അങ്ങനെയുണ്ടായിട്ടുണ്ട്. പക്ഷേ, അതിനെ അതിജീവിക്കാനുള്ള പിന്തുണ ജനങ്ങൾ എൽഡിഎഫിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൺപതിൽ കൂടുതൽ സീറ്റാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നതെന്നും വിജയരാഘവൻ പറയുന്നു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ 12 സീറ്റുകളിൽ എൽഡിഎഫിന് വിജയം ഉറപ്പാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിലയിരുത്തൽ. തൃശൂർ മണ്ഡലത്തിൽ പരാജയസാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി.തൃശൂരിലെ ഇടതു സ്ഥാനാർത്ഥിയായ പി ബാലചന്ദ്രൻ വൻപരാജയം നേരിടുകയാണെങ്കിൽ പ്രചരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഏരിയ കമ്മറ്റികൾക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും യോഗം നൽകിയിട്ടുണ്ടെന്നാണ് വിവരങ്ങൾ. മണ്ഡലത്തിലെ പ്രചരണപ്രവർത്തങ്ങളിൽ അതൃപ്തിയും നേതാക്കൾ രേഖപ്പെടുത്തി. ഇവിടെ പത്മജ വേണുഗോപാലിന് വിജയസാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ.
കുന്നംകുളത്ത് മന്ത്രി എസി മൊയ്തീൻ 10,000 മുതൽ 20,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വടക്കാഞ്ചേരിയിൽ 5000 മുതൽ 10,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി വിജയിക്കുമെന്നും യോഗം വിലയിരുത്തി.
മറുനാടന് മലയാളി ബ്യൂറോ