കോഴിക്കോട്: സിപിഎമ്മിന്റെ രക്തസാക്ഷി ദിനാചരണ ചടങ്ങുകൾ കൂടുതലുള്ള മാസങ്ങളാണ് ഒക്ടോബറും, നവംബറും. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ സിപിഎമ്മിന് കൂടുതൽ പ്രവർത്തകരെ നഷ്ടപ്പെട്ടത് ഈ മാസങ്ങളിലാണ്. രക്തസാക്ഷി ദിനാചരണ പരിപാടികൾ നടത്തുന്ന തിരക്കിലാണ് പാർട്ടി നേത്യത്വം.

രക്തസാക്ഷി ദിനാചരണ ചടങ്ങുകളിൽ നേതാക്കളുടെ പ്രധാന പ്രസംഗ വിഷയം ശബരിമല തന്നെയാണ്. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയെ എന്തുകൊണ്ട് പാർട്ടി പിന്തുണക്കുന്നുവെന്ന് വിശദീകരിക്കുന്ന പ്രസംഗമാണ് നേതാക്കൾ കൂടുതലായി നടത്തുന്നത്. പ്രായഭേദമെന്യേ സ്ത്രീപ്രവേശനത്തിന് കോടതി അനുമതി നൽകിയ കാര്യം വിശദീകരിക്കുന്നതോടൊപ്പം സംഘപരിവാറിന്റെ വർഗീയ അജണ്ടയും നേതാക്കൾ ക്യത്യമായി വിശദീകരിക്കുന്നുണ്ട്.

പ്രളയം മൂലം തകർന്ന കേരളത്തെ വീണ്ടും തകർക്കാനുള്ള സംഘപരിവാറിന്റെ നീക്കത്തെ എടുത്തു കാണിക്കാനാണ് നേതാക്കളുടെ തീരുമാനം. പുതിയ ഒരു കേരളം പണിയാനുള്ള നീക്കത്തിന് എല്ലാ അർത്ഥത്തിലും കേരളത്തിലെ ബിജെപി.യും കേന്ദ്രസർക്കാറും തകർക്കുകയാണെന്നും യോഗങ്ങളിൽ വിശദീകരിക്കുന്നു. കോടതി വിധിയെ സംഘ പരിവാറിന്റെ കേന്ദ്ര നേത്യത്വം അനുകൂലിച്ച രീതിയും ഇപ്പോൾ കാണിക്കുന്ന ഇരട്ടത്താപ്പും പ്രസംഗത്തിൽ നല്ല തോതിൽ പരാമർശിക്കുന്നുണ്ട്.

രക്തസാക്ഷി ദിനാചരണ ചടങ്ങുകളിൽ പ്രമുഖനേതാക്കളാണ് പ്രസംഗകരായി എത്തുന്നത്. ചില പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ തന്നെ എത്തുന്നു. ശബരിമല സംഭവത്തിന് ശേഷം ഇടതു മുന്നണിയുടെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ വിവിധ ജില്ലകളിൽ ഇതിനകം നടന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പരിപാടി 6 ന് കോഴിക്കോട് വെച്ച് നടക്കും. ശബരിമല വിഷയത്തിൽ പഞ്ച് ഡയലോഗുകൾ കൊണ്ട് തിമർത്താടി പ്രവർത്തകരുടെ മിന്നലാട്ടമായി മാറിയ പിണറായി വിജയൻ തന്നെ കോഴിക്കോട് നടക്കുന്ന പോതുസമ്മേളനത്തിൽ പ്രസംഗിക്കുന്നുണ്ട്.

കോൺഗ്രസിന്റെയും ലീഗിന്റെയും ശബരിമല സ്ത്രീ പ്രശ്നത്തിലുള്ള നിലപാടുകൾ കശക്കിയറിഞ്ഞാണ് നേതാക്കളുടെ രക്തസാക്ഷി അനുസ്മരണ പരിപാടികളിലെ പ്രസംഗങ്ങൾ. വിവിധ സ്ഥലങ്ങളിൽ നാമജപ യാത്രക്ക് ലീഗ് പിന്തുണ നൽകിയതിനെതിരെ രൂക്ഷ വിമർശനമാണ് സിപിഎം.നേതാക്കൾ നൽകുന്നത്. നരേന്ദ മോദിയെും അമിത് ഷായെയും നേർക്ക് നേരെ ഏറ്റുമുട്ടാനുള്ള ശക്തിയും കരുത്തുമുള്ള നേതാവ് ഇന്ത്യയിൽ പിണറായി വിജയൻ മാത്രമേയുള്ളുവെന്നാണ് വിവിധ യോഗങ്ങളിൽ നേതാക്കളുടെ അവകാശവാദം.