തിരുവനന്തപുരം: 'ധീരയോദ്ധാക്കളായ സ്വാതന്ത്ര്യ സമര സേനാനികളായി സവർക്കർ സഹോദരന്മാരെ സിപിഎമ്മിന് അംഗീകരിക്കാൻ പറ്റുന്നുണ്ട്.. ചില സിപിഎം സൈബർ പോരാളികൾക്കാണ് കൃമികടി അപ്പോൾ': ബിജെപി-ആർഎസ്എസ് പ്രൊഫൈലുകൾ സിപിഎമ്മിന്റെ ഔദ്യോഗിക പോസ്റ്റിനെ മുൻനിർത്തി പൊങ്കാലയിടുകയാണ്.

സിപിഐഎം കേരള എന്ന സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് അന്തമാനിലെ സെല്ലുലാർ ജയിലിലടച്ച സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ചുള്ള കുറിപ്പ് വന്നത്. ഇത് ബിജെപി ഇപ്പോൾ രാഷ്ട്രീയ ആയുധം ആക്കിയിരിക്കുകയാണ്.'കുപ്രസിദ്ധമായ അന്തമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ. ഈ ധീരയോദ്ധാക്കളിൽ 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടിരുന്നവരാണ്'-ഇതാണ് സിപിഎം. പേജിലെ പോസ്റ്റ്.

1909-1921 കാലയളവിലെ സെല്ലുലാർ ജയിലിലെ തടവുകാരുടെ വിവരങ്ങളും പങ്കുവെച്ചു. ഇതിൽ ബോംബെയിൽനിന്നുള്ള മൂന്നാമത്തെ പേരുകാരൻ വിനായക് ദാമോദർ സവർക്കർ എന്ന വി.ഡി. സവർക്കർ ആണ്. തടവുകാരുടെ പേര് കൊത്തിവെച്ച ഫലകത്തിന്റെ ചിത്രം അതേരീതിയിൽ ഫോട്ടോയായും നൽകിയിട്ടുണ്ട്.

സിപിഎമ്മിന്റെ പോസ്റ്റ് 'അങ്ങനെ സവർക്കറെയും സഖാവാക്കി' എന്നു ബിജെപി. പ്രൊഫൈലുകൾ വ്യാഖ്യാനിക്കുന്നു. അതേസമയം, ധീരയോദ്ധാക്കൾ ജയിൽവാസം അനുഭവിച്ചപ്പോൾ സവർക്കർ മാപ്പെഴുതിക്കൊടുത്തു പുറത്തിറങ്ങി, അതാണ് ചരിത്രമെന്ന് സിപിഎം. പ്രൊഫൈലുകളും തിരിച്ചടിക്കുന്നു.

പോസ്റ്റ് പങ്കുവച്ച് കെ.സുരേന്ദ്രനും

ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സിപിഎമ്മിന്റെ പോസ്റ്റ് പങ്കുവച്ചു: 'സ്വാതന്ത്ര്യസമരസേനാനികളുടെ ഗണത്തിൽ സവർക്കറെയും ഉൾപ്പെടുത്തിയ മഹാമനസ്‌കതയ്ക്ക് നമോവാകം. ഓഗസ്റ്റ് 15 അല്ല, ഇതാപത്തു പതിനഞ്ചാണെന്നാണ് 1947-ൽ പറഞ്ഞത്. പതിനഞ്ചുകൊല്ലം ത്രിവർണപതാക വലിച്ചുതാഴ്‌ത്തി കരിങ്കൊടികെട്ടിയ ചരിത്രം വല്ലപ്പോഴും ഓർക്കുന്നത് നല്ലത്'.

സിപിഎം പോസ്റ്റിന് ശ്രീജിത്ത് പണിക്കരുടെ മറുപടി

ഒരു നിമിഷം. സവർക്കർ ഉൾപ്പെട്ട ആദ്യ ലിസ്റ്റ് 1909 മുതൽ 1921 വരെ സെല്ലുലാർ ജയിലിൽ ഉണ്ടായിരുന്നവരുടേതാണ്. അവരും 1925ൽ ആരംഭിച്ച നമ്മുടെ കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടിരുന്നവർ ആണെന്നാണോ പറയുന്നത്? മഹാവീര്യർ കണ്ടല്ലേ? ??

Edit: നിങ്ങളുടെ ലിസ്റ്റിൽ 24 മുതൽ 73 വരെ 50 'സഖാക്കൾ' മിസ്സിങ് ആണ്. 1932-1938 കാലഘട്ടം കാണിക്കുമ്പോൾ 163നു ശേഷം ആരും ഇല്ലതാനും. 1936 അവസാനിക്കുമ്പോൾ മാത്രം സെല്ലുലാർ ജയിലിൽ ഉണ്ടായിരുന്നത് 386 തടവുകാർ ആയിരുന്നെന്ന് ഓർക്കണം. അവിടെയുള്ള മൊത്തം സെല്ലുകളുടെ എണ്ണം പോലും നിങ്ങളീ പറയുന്ന സംഖ്യകളേക്കാൾ വളരെ വലുതായിരുന്നു - 693. എന്നിട്ടാണ്, 80 ശതമാനത്തിന്റെ കണക്ക്!