കോഴിക്കോട്: കെ.എം.ഷാജിയെ തളയ്ക്കണം. അതിലൂടെ ലീഗിന്റെ കൊമ്പൊടിക്കണം. കൊമ്പൊടിഞ്ഞ ലീഗിന്റെ പിന്തുണ നിയമസഭയിൽ ലഭിക്കാതെയാകുമ്പോൾ യുവതുർക്കികളായ കോൺഗ്രസ് എംഎ‍ൽഎ.മാരും തളരും. അതായിരുന്നു സിപിഎമ്മിന്റെ അജണ്ട. ഹൈക്കോടതി വിധിയിലൂടെ ഇക്കാര്യം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാമെന്ന ആലോചനയിലായിരുന്നു സിപിഎം.ഇത് വരെ.

സുപ്രീം കോടതി വിധി ഷാജിക്ക് അനുകൂലമായാൽ എങ്ങനെ നേരിടണമെന്ന് വരെ പാർട്ടി ഉന്നത നേത്യത്വം കൂലങ്കഷമായി ആലോചിച്ചിരുന്നു. സുപ്രീം കോടതിയിലെ വാക്കാൽ നിരീക്ഷണം തട്ടിമാറ്റാനാണ് പാർട്ടി ഇപ്പോൾ ഗഹനമായി ആലോചിക്കുന്നത്. അടുത്ത ദിവസം നടക്കുന്ന നിയമസഭാ സമ്മേളനത്തിലേക്ക് കെ.എം.ഷാജിയെ പങ്കെടുപ്പിക്കുകയില്ലെന്ന സ്പീക്കറുടെ നിരീക്ഷണവും പിന്നാലെ വന്നു. ഷാജിക്ക് മാത്രമായി ഇതെങ്ങനെ വന്നു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയൊന്നും ഇത് വരെ ലഭിച്ചിട്ടില്ല. ഹൈക്കോടതി വിധിയാണ് സ്പീക്കറുടെ മുമ്പിലുള്ളത്. സുപ്രീംകോടതിയുടെ നിരീക്ഷണം രേഖാമൂലം വന്നിട്ടില്ല എന്നാണ് സ്പീക്കറുമായി ബന്ധപ്പെട്ടുള്ള കേന്ദ്രങ്ങളുടെ വിശദീകരണം.

നിയമസഭാ സമ്മേളനം ശബ്ദുമുഖരിതമാകുമെന്ന കാര്യം ആരെക്കാളം നന്നായി മുഖ്യമന്ത്രി പിണറായി വിജയനറിയാം. കെ.ടി.ജലീനെതിരെ ശക്തമായി വെല്ലുവിളിയുമായി നടന്നത് യൂത്ത് ലീഗായിരുന്നുവെങ്കിൽ അതിന് പിന്നിൽ ജ്വലിച്ച് നിൽക്കുന്നത് കെ.ടി.ജലീലിനെതിരെയുള്ള ഷാജിയുടെ പോരാട്ടമാണ്. നിയമസഭാ സമ്മേളനത്തിൽ ജലീലിനെ ഷാജി കശക്കിയെറിയുമെന്ന കാര്യം തീർച്ചയാണ്. അതിന്റെ മുന്നോരുക്കം ഷാജി നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഹൈക്കോടതി വിധി വന്ന ഘട്ടത്തിലും ജലീലിനെതിരെ രംഗത്തിറങ്ങാനായിരുന്നു ഷാജിയുടെ തീരുമാനം. ഷാജിയുടെ തീപാറും ബൗളിംഗിന് മുമ്പിൽ ജലീൽ എങ്ങനെ പിടിച്ചു നിൽക്കുമെന്നാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുമ്പോഴാണ് സ്പീക്കറുടെ തടയിടൽ.

ഷാജിയുടെ നിയമസഭാ പ്രവേശം തടയുന്നതിന് സിപിഎമ്മിലെ ഉന്നത കേന്ദ്രങ്ങൾ ശക്തമായ ചരട് വലി നടത്തുന്നതായി നേരത്തെ തന്നെ ഒരു വിഭാഗം ലീഗ് നേതാക്കൾക്ക് വിവരം ലഭിച്ചിരുന്നു. ലീഗിലെ ഒരു വിഭാഗം നേരത്തെ സിപിഎമ്മുമായി മ്യദുസമീപനം പുലർത്തുന്ന സമീപനം സ്വീകരിച്ചപ്പോഴും ശക്തമായി ആഞ്ഞടിച്ചത് ഷാജിയുടെ നേത്യത്വത്തിലായിരുന്നു. പിണറായി വിജയനും കോടിയേരിയും പി.ജയരാജനും ശേഷം ഷാജിയുടെ നാവിന്റെ തീവ്രത നന്നായി അറിഞ്ഞത് കെ.ടി.ജലീലായിരുന്നു. ഇത്ര രൂക്ഷമായി സിപിഎം.നേതാക്കളെ ആക്രമിക്കണമോയെന്ന ചോദ്യം ലീഗിലെ പലരും ഉന്നയിച്ചപ്പോൾ ശക്തി കുറഞ്ഞ് പോയോ എന്ന മറു ചോദ്യമാണ് ഷാജി നൽകിയിരുന്നത്.

ഷുക്കൂറിന്റെയും ഫസലിന്റെയും അസ്ലമിന്റെയും രക്തപങ്കിലമായ സിപിഎം.കോടിയിലെ ചുവപ്പിന്റെ പാപ ഭാരം മുഴുവൻ കഴുകി തീരുന്നത് വരെ തന്റെ പോരാട്ടം തുടരുമെന്ന് തന്നെയായിരുന്നു ഷാജിയുടെ പ്രഖ്യാപനം. നാദാപുരം തൂണേരി വെള്ളൂരിൽ സിപിഎമ്മിന്റെ ആക്രമികളാൽ കരഞ്ഞുണങ്ങിയ വീടുകളും തകർന്ന സമ്പാദ്യങ്ങളിൽ നിന്നും ഉയർന്ന നിരാലംബരുടെ പ്രാർത്ഥന മാത്രം തനിക്ക് മതിയെന്നാണ് ഷാജി സിപിഎമ്മിനെതിരെയുള്ള പോരാട്ടത്തെ വിശേഷിപ്പിച്ചത്. ഈ ഷാജിയെ തളയ്ക്കാൻ കോടതി വിധി തന്നെയാണ് ഏറ്റവും നല്ല മാർഗമെന്നാണ് സി.പിഎമ്മിന്റെ ഉന്നത നേതാക്കളുടെ വിലയിരുത്തൽ.

വളരെ തന്ത്രപൂർവ്വം ഒരുക്കിയ കെണിയായിരുന്നു കെ.എം.ഷാജിക്ക് എതിരെയുള്ള തിരഞ്ഞെടുപ്പ് കേസെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഹൈക്കോടതി വിധിക്കെതിരെയും ന്യായാധിപനെതിരെയും ശക്തമായ എതിരഭിപ്രായമാണ് ലീഗിനും ഷാജിക്കുമുള്ളത്. എന്നാൽ രാഷ്ട്രീയ മര്യാദക്കനുസരിച്ച് ഇക്കാര്യം പരസ്യമാക്കേണ്ടതില്ലെന്ന ശക്തമായ നിലപാടാണ് ഷാജി സ്വീകരിച്ചത്. കോടതി തെറ്റായി വിധിച്ചാൽ ബൂർഷ്വാ കോടതി തുലയട്ടെ എന്ന് മുദ്രാവാക്യം വിളിക്കുന്ന സിപിഎം.ശൈലി അല്ല ലീഗിന്റെതെന്ന് പൊതുസമൂഹത്തിൽ ഉറച്ച് പറയാനാണ് ലീഗിന്റെ തീരുമാനം.