തിരുവനന്തപുരം: സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിക്കാനായി നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റി ചേരും. നിലവിലുള്ള അംഗങ്ങളെല്ലാം മിക്കവാറും തുടരുമെന്നാണ് റിപ്പോർട്ട്. അതേസമയം കേന്ദ്ര കമ്മറ്റി അംഗങ്ങളായ മന്ത്രിമാരെ മാറ്റണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അംഗങ്ങളായ പലരും മന്ത്രിമാരായതു സെക്രട്ടേറിയറ്റ് ദുർബലമാകാൻ കാരണമായെന്ന വിലയിരുത്തൽ ഉള്ളതിനാൽ അതു കണക്കിലെടുത്തുള്ള മാറ്റങ്ങളുണ്ടാകും.

മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ തോമസ് ഐസക്, എ.കെ.ബാലൻ, കെ.കെ.ശൈലജ എന്നിവരാണു മന്ത്രിസഭയിലുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങൾ. ഇതിൽ, ശൈലജ സെക്രട്ടേറിയറ്റ് അംഗമല്ല. ടി.പി.രാമകൃഷ്ണൻ, എം.എം.മണി എന്നിവർ നിലവിൽ സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാരാണ്. പുതിയ സെക്രട്ടേറിയറ്റിൽ ഇവരെല്ലാവരുമുണ്ടാകാൻ സാധ്യത കുറവാണ്.

കേന്ദ്രകമ്മിറ്റി അംഗങ്ങൾക്കു സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പങ്കെടുക്കാമെന്നതിനാൽ അവരിൽ ചിലരെ മാറ്റിനിർത്താനോ, ചുരുങ്ങിയതു മന്ത്രിമാരായ കേന്ദ്രകമ്മിറ്റി അംഗങ്ങളെയെങ്കിലും ഒഴിവാക്കാനോ ഉള്ള സാധ്യത നേതൃത്വം ആലോചിക്കുന്നു. ജില്ലാ സെക്രട്ടേറിയറ്റുകൾ രൂപീകരിച്ചപ്പോൾ സംസ്ഥാനകമ്മിറ്റി അംഗങ്ങളെ മിക്കയിടത്തും അതിൽ നിന്നൊഴിവാക്കിയിരുന്നു.

15 അംഗ സെക്രട്ടേറിയറ്റിൽ അന്തരിച്ച വി.വി.ദക്ഷിണാമൂർത്തിയുടെ ഒഴിവു നിലവിലുണ്ട്. പി.ജയരാജനെ കണ്ണൂർ ജില്ലാസെക്രട്ടറി പദത്തിൽ നിന്നു മാറ്റി സംസ്ഥാന സെക്രട്ടേറിയറ്റിലെടുക്കുമോയെന്നതിൽ ആകാംക്ഷയുണ്ട്. പുതുതായി കേന്ദ്രകമ്മിറ്റിയിലെത്തിയ കെ.രാധാകൃഷ്ണനെ ഇവിടെ സെക്രട്ടേറിയറ്റിലുൾപ്പെടുത്തിയേക്കാനും ഇടയുണ്ട്.

രാധാകൃഷ്ണനു പകരം പുതിയ തൃശൂർ ജില്ലാസെക്രട്ടറി ആര് എന്നതും ചർച്ച ചെയ്‌തേക്കും. യു.പി.ജോസഫിനാണു സാധ്യത. അനാരോഗ്യം അലട്ടുന്ന വൈക്കം വിശ്വനു പകരം പുതിയ എൽഡിഎഫ് കൺവീനർ വരാനുള്ള സാധ്യതയും ശക്തം.