വിശാഖപട്ടണം: പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കാനുള്ള ചർച്ചകളിലേക്ക് സിപിഐ(എം) പാർട്ടി കോൺഗ്രസ് കടക്കുന്നു. ഇതിനൊപ്പം പുതിയ കേന്ദ്ര കമ്മറ്റിയെ കുറിച്ചുള്ള ചർച്ചകളും സജീവമായി. സീതാറാം യെച്ചൂരിയോ എസ് രാമചന്ദ്രൻ പിള്ളയോ ജനറൽ സെക്രട്ടറിയാകുമെന്നാണ് സൂചന. ഇതിൽ യെച്ചൂരിക്കാണ് സാധ്യത കൂടുതൽ. എസ്.രാമചന്ദ്രൻ പിള്ളയ്ക്ക് കേരള ഘടകം ശക്തിയായ പിന്തുണ നൽകുമ്പോൾ യെച്ചൂരിക്കായി മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തി. മണിക് സർക്കാർ, ബുദ്ധദേവ് ഭട്ടാചാര്യ, ബിമൻബോസ് എന്നിവർ യെച്ചൂരിക്ക് അനുകൂലമായ നിലപാട് പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. വി എസ്.അച്യുതാനന്ദനും യെച്ചൂരിയെ ശക്തിയായി അനുകൂലിക്കുന്നു.

കേരളത്തിലെ നേതാക്കൾ മാത്രമേ എസ് ആർ പിയെ പിന്തുണയ്ക്കുള്ളൂ. അതിൽ രാഷ്ട്രീയമുണ്ടെന്നാണ് ആക്ഷേപം. വി എസ് അച്യുതാനന്ദനോട് അടുപ്പമുള്ളതിന്റെ വൈരാഗ്യമാണ് യെച്ചുരിയോട് കേരളത്തിലെ നേതാക്കൾ തീർക്കുന്നതെന്നാണ് വാദം. അതുകൊണ്ട് തന്നെ പാർട്ടി താൽപ്പര്യങ്ങൾക്ക് മുൻതൂക്കം നൽകി യെച്ചൂരിയെ ജനറൽ സെക്രട്ടറിയാക്കണമെന്നാണ് നിർദ്ദേശം. ഈ വാദത്തിന് പാർട്ടി കോൺഗ്രസിൽ പിന്തുണയേറെയുമാണ്. എന്നാൽ സമവായത്തിലൂടെ എസ് ആർ പിയെ കൊണ്ടു വരാനുള്ള ചരട് വലികൾ പ്രകാശ് കാരാട്ട് സജീവമായി നടത്തുന്നുണ്ട്. അതിനിടെ പാർട്ടി കോൺഗ്രസിന് എത്താത്ത ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും മുതിർന്ന നേതാവ് നിരുപം സെന്നും യെച്ചൂരിക്ക് പിന്തുണയുമായി നേതൃത്വത്തിന് കത്ത് നൽകി.

ഞായറാഴ്ച രാവിലെ ചേരുന്ന കേന്ദ്ര കമ്മിറ്റിയാണ് പുതിയ കേന്ദ്ര കമ്മിറ്റിക്കുള്ള ഔദ്യോഗിക പാനലും പുതിയ ജനറൽ സെക്രട്ടറിയെയും പി.ബി.അംഗങ്ങളെയും നിശ്ചയിക്കുക. ഔദ്യോഗിക നിർദ്ദേശങ്ങൾക്കെതിരെ കേന്ദ്രകമ്മിറ്റിയിൽ മത്സരം വേണമെങ്കിൽ ആവാം. ഈ സാഹചര്യത്തിൽ സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഇന്നലെ മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്തി. മണിക് സർക്കാരിനെ ഹോട്ടൽ മുറിയിൽ ചെന്ന് കണ്ടു. ബുദ്ധദേവ് ഭട്ടാചാര്യ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നില്ലെങ്കിലും ഫോണിൽ കാരാട്ട് അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ എസ് ആർ പിക്ക് അനുകൂലമായി തീരുമാനം ഒന്നും വന്നില്ല.

അതിനിടെ വി.എസിനെ കേന്ദ്രകമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവായി നിലനിർത്തുമെന്നാണ് ഇപ്പോഴത്തെയും സൂചന. കേന്ദ്ര കമ്മിറ്റിയിൽ നിന്ന് പാടെ ഒഴിവാക്കിയാൽ വി എസ് രൂക്ഷമായി പ്രതികരിക്കുമെന്ന ഭയം പാർട്ടി നേതൃത്വത്തിനുണ്ട്. എന്നാൽ കേരളത്തിലെ പ്രശ്‌നങ്ങൾ സമവായത്തിലൂടെ പരിഹരിക്കുന്നതിന്റെ ഭാഗമായി വിഎസിനെ കേന്ദ്രകമ്മറ്റിയിൽ നിലനിർത്തണമെന്ന അഭിപ്രായവും സജീവമാണ്. കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് എ.കെ.ബാലൻ, എം വിഗോവിന്ദൻ മാസ്റ്റർ, എളമരം കരീം, കെ.രാധാകൃഷ്ണൻ എന്നിവരിൽ മൂന്ന് പേർ വരാൻ സാദ്ധ്യതയുണ്ട്.

ജി.സുധാകരനെ കേന്ദ്ര കമ്മിറ്റിയിലേക്ക് നേതൃത്വം പരിഗണിച്ചെങ്കിലും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ തവണ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പേര് നിർദ്ദേശിച്ചപ്പോഴും അദ്ദേഹം വിസമ്മതം അറിയിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയ്ക്ക് പാർട്ടിയോടുള്ള കടമ നിറവേറ്റാൻ കഴിയുന്നുണ്ടെന്നാണ് സുധാകരന്റെ നിലപാട്.