തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനം ഇത്തവണ തൃശൂരിൽ നടത്തിയേക്കും. വ്യാഴം, വെള്ളി ദിവസങ്ങളിലായി ചേരുന്ന സംസ്ഥാന കമ്മിറ്റിക്കൊടുവിൽ ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ പിടിച്ചെടുത്ത ജില്ലകളിലൊന്നാണ് തൃശൂർ. ഒരു സീറ്റാണ് ആകെ തൃശൂരിൽ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത്. വടക്കാഞ്ചേരിയിൽ 43 വോട്ടുകൾക്ക് തോറ്റത് മാത്രമാണ് സിപിഎമ്മിന് ജില്ലയിൽ ഏറ്റ ഏക തോൽവി. എ.സി. മൊയ്തീനും രവീന്ദ്രനാഥും ഉൾപ്പെടെ രണ്ടു മന്ത്രിമാരുടെ ജില്ലയെന്നതും തൃശൂരിൽ സമ്മേളനത്തിനു മുൻഗണന ലഭിച്ചു.

കോൺഗ്രസിന് മുൻതൂക്കമുണ്ടായിരുന്ന ജില്ലയെ ഇടതുപക്ഷത്തെത്തിച്ച സിപിഎമ്മിന്റെ താഴെത്തട്ടിലെ പ്രവർത്തനതുടർച്ചയ്ക്കാണു സമ്മേളനം തൃശൂരിലെത്തിക്കുന്നത്. സെപ്റ്റംബർ അവസാനത്തോടെ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങും. ഒക്ടോബറിൽ ലോക്കൽ കമ്മിറ്റി സമ്മേളനം പൂർത്തിയാക്കും. നംവബർ, ഡിസംബർ മാസങ്ങളിൽ ഏരിയാസമ്മേളനങ്ങൾ പൂർത്തിയാക്കും.

ജനുവരിയിൽ ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കി, ഫെബ്രുവരിയാദ്യം സംസ്ഥാനസമ്മേളനം നടത്താനാണ് സി.പി.എം ഉദ്ദേശിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെല്ലാവരും മുഴുവൻ സമയവും പങ്കെടുത്താവണം ജില്ലാ സമ്മേളനങ്ങൾ നടക്കാനെന്ന വൃവസ്ഥയും ഇക്കുറി മുന്നോട്ട് വച്ചിട്ടുണ്ട്. കഴിഞ്ഞ സംസഥഛാന സമ്മേളനം 2015ൽ ആലപ്പുഴയിലാണ് നടന്നത്. ആലപ്പുഴ സമ്മേളനത്തിൽ സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണൻ തന്നെ സ്ഥാനത്ത് തുടരാനാണ് സാധ്യത.