തിരുവനന്തപുരം: രമേശ് ചെന്നത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര കണ്ണൂരിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുന്നേറുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ പാളിയതിൽ നിന്ന് പാഠം പഠിച്ച് പുതിയ ആയുധങ്ങളുമായാണ് യുഡിഎഫിന്റെ വരവ്. നിയമസഭ തിരഞ്ഞെടുപ്പിൽ ശബരിമല യുവതീപ്രവേശ വിഷയവും സിപിഎമ്മിന്റെ വർഗീയ പരാമർശങ്ങളും പ്രചാരണ വിഷയമാക്കാൻ യുഡിഎഫ് തീരുമാനിച്ചിരിക്കുകയാണ്. അധികാരത്തിലെത്തിയാൽ ശബരിമലയുടെ കാര്യത്തിൽ നിയമനിർമ്മാണം നടത്തുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, ശബരിമല പ്രശ്‌നം ചർച്ചയാക്കി വോട്ടുപിടിക്കാനുള്ള യുഡിഎഫ് പ്രചാരണം അവഗണിക്കാനാണ് സിപിഎം തീരുമാനം. ശബരിമല വിഷയം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനാൽ പൊതു ചർച്ച വേണ്ടെന്ന് നേതൃയോഗം വിലയിരുത്തി.

സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലമാണ് ശബരിമലയിൽ ഭക്തർക്കെതിരായ വിധിക്ക് കാരണമെന്നും, പുതുക്കിയ സത്യവാങ്മൂലം നൽകാൻ തയ്യാറാകണമെന്നും യുഡിഎഫ് നേതാക്കൾ കഴിഞ്ഞദിവസങ്ങളിൽ അഭിപ്രായപ്പെട്ടിരുന്നു. സുപ്രീംകോടതി വിധി മറികടക്കാൻ ഭക്തർക്ക് അനുകൂലമായി നിയമനിർമ്മാണം നടത്തണമെന്നും ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ ഉന്നയിക്കുന്നു.

എന്നാൽ ശബരിമല വിഷയത്തിൽ സിപിഎമ്മിനെക്കൊണ്ട് പ്രതികരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. യുഡിഎഫിന്റെ ഈ നീക്കത്തിൽ വീഴരുതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പൊതു ധാരണയിലെത്തുകയായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതി വിധിക്ക് അനുസരിച്ച് നിലപാട് എടുക്കുമെന്നാണ് സിപിഎം സ്വീകരിച്ചിട്ടുള്ള നയം. അതിനാൽ വിഷയത്തിൽ മറുപടി നൽകേണ്ടതില്ല. മുസ്ലിം ലീഗിനെതിരായ വിമർശനം തുടരാനും സിപിഎം യോഗത്തിൽ ധാരണയിലെത്തി

ഭൂരിപക്ഷ ജനവിഭാഗത്തിനൊപ്പമെന്ന് ആവർത്തിക്കുന്ന സിപിഎം നേതൃത്വം ശബരിമലയുടെ കാര്യത്തിൽ സ്വീകരിച്ചത് ഇരട്ടത്താപ്പെന്നാണ് യുഡിഎഫ് നിലപാട്. ശബരിമല വിധി സർക്കാർ ചോദിച്ചു വാങ്ങിയതാണ് എന്നു പറഞ്ഞ ഉമ്മൻ ചാണ്ടി, ഭക്തരുടെ ആഗ്രഹം നടത്താനല്ല സർക്കാർ ശ്രമിച്ചതെന്നും ആരോപിച്ചിരുന്നു, പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിരുന്നെങ്കിൽ സത്യവാങ്മൂലം പിൻവലിച്ചേനെ. വേഷം മാറ്റി പൊലീസ് സുരക്ഷയിൽ വനിതകളെ സന്നിധാനത്തെത്തിച്ച സർക്കാരാണ് അധികാരത്തിൽ ഇരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റേത് ഈ നിലപാടല്ല.

സ്വർണക്കടത്ത് ഉൾപ്പെടെ സർക്കാരിനെതിരെയുള്ള ആരോപണങ്ങൾക്കൊപ്പം ശബരിമലയും ന്യൂനപക്ഷങ്ങൾക്കെതിരായ സിപിഎം വിമർശനങ്ങളും ഉയർത്തി പ്രചാരണം ചൂടാക്കാനാണ് യുഡിഎഫ് ശ്രമം. പ്രതിപക്ഷ നേതാവിന്റെ യാത്ര തലസ്ഥാനത്തെത്തുമ്പോൾ ഇടത് ഭരണത്തിനും സമാപനമാകുമെന്ന് വാക്കുകൾ കടുപ്പിക്കുന്നതും ഇതുലക്ഷ്യമിട്ടുതന്നെ.