തിരുവനന്തപുരം: സിപിഎം സെക്രട്ടറിയേറ്റിൽ പി ജയരാജനെ ഉൾപ്പെടുത്തി വലിയ മാറ്റമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിച്ചത്. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ അത് പൊളിച്ചു. ഇനി ജയരാജനെ കണ്ണൂർ ലോക്സഭാ സീറ്റിൽ മത്സരിപ്പിക്കാനാണ് ആലോചന. അതിന് ശേഷം കണ്ണൂരിലെ പാർട്ടിയെ അഴിച്ചു പണിയും. അടുത്ത മേയിൽ ലോക്സഭാ ഇലക്ഷൻ നടക്കും. എന്നാൽ ഏത് സമയവും മോദി സർക്കാർ തെരഞ്ഞെടുപ്പിലേക്ക് പോകുമെന്ന വിലയിരുത്തലും സജീവം. അതു മുന്നിൽ കണ്ടാണ് നീക്കങ്ങൾ

പാർട്ടി സമ്മേളനത്തിനിടെ കണ്ണൂരിൽ ജയരാജനെ മാറ്റാൻ ഇരുപക്ഷവും ശ്രമിച്ചെങ്കിലും അണികളുടെ എതിർപ്പ് മൂലം നടന്നില്ല. ഈ സാഹചര്യത്തിൽ സെക്രട്ടറിയേറ്റിൽ എടുത്ത് ഇരട്ട പദവിയുടെ പേരിൽ കണ്ണൂരിൽ നിന്ന് ജയരാജനെ മാറ്റാനായിരുന്നു നീക്കം. പി ജയരാജൻ സെക്രട്ടറിയേറ്റിലെത്തുമ്പോൾ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എംവി ജയരാജൻ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയാകുമെന്ന വിലയിരുത്തലെത്തി. ഇതാണ് പൊളിഞ്ഞത് നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് എംവി ജയരാജൻ. ജയരാജനെ കണ്ണൂരിലേക്ക് അക്കുമ്പോൾ പി ശശി പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയാകുമെന്നായിരുന്നു വിലയിരുത്തൽ. ഇതെല്ലാം പൊളിഞ്ഞു. ഈ സാഹചര്യത്തിൽ പൊളിറ്റിക്കൽ സെക്രട്ടറിയായി ശശിയെ കൊണ്ടു വരാനും നീക്കം സജീവമാണ്.

അതിനിടെ തോമസ് ഐസകിനേയും ആലപ്പുഴയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിപ്പിക്കാനാണ് നീക്കം. സെക്രട്ടറിയേറ്റിലെത്തിയ പി രാജീവ് എറണാകുളത്തും കെ എൻ ബാലഗോപാൽ കൊല്ലത്തും മത്സരിക്കാൻ സാധ്യത ഏറെയാണ്. ധനകാര്യ മന്ത്രിയായ തോമസ് ഐസക്കിനോട് പിണറായിക്ക് താൽപ്പര്യക്കുറവുണ്ട്. ഇതാണ് തോമസ് ഐസക്കിനെ എംപിയാക്കാനുള്ള കാരണം. എംപിയാകുമ്പോൾ തോമസ് ഐസക് രാജിവയ്ക്കും. തോറ്റാൽ ഇമേജ് നഷ്ടമാവുകയും ചെയ്യും. ഇതിനുള്ള ശ്രമമാണ് നടക്കുന്നത്.

കണ്ണൂരിലെ പാർട്ടിയെ ശശിയെ ഏൽപ്പിക്കാനാണ് പിണറായിയുടെ തീരുമാനം. പി ജയരാജനെ ലോക്സഭയിലേക്ക് മത്സരിപ്പിച്ച് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റും. പകരം വിശ്വസ്തരെ സെക്രട്ടറിയാക്കും. എംവി ജയരാജനാണ് സാധ്യത കൂടുതൽ. പക്ഷേ പാർട്ടിയെ നിയന്ത്രിക്കുക ശശി തന്നെയാകും. പിണറായിയുടെ അതിവിശ്വസ്തനാണ് ശശി. കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കെ ശശിക്കെതിരെ സ്ത്രീ പീഡന ആരോപണം ഉയർന്നു. ഇതോടെ പാർട്ടിയിൽ നിന്ന് മാറ്റി നിർത്തി. ഈ സഹാചര്യത്തിലാണ് ജില്ലാ സെക്രട്ടറിയായി പി ജയരാജൻ എത്തിയത്. ലളിത ജീവതത്തിലൂടെ അണികളുടെ നേതാവായി ജയരാജൻ മാറ്റി.

കൊലക്കേസുകളിൽ ജില്ലാ സെക്രട്ടറിയെ സിബിഐ പ്രതിയാക്കിയതും പാർട്ടിക്കാർക്കിടയിൽ ജയരാജനെ സർവ്വ സമ്മതനാക്കി. ഇതോടെ കണ്ണൂരിൽ പിണറായിയുടേയും കോടിയേരിയുടേയും പിടി അയഞ്ഞു. വ്യക്തിപൂജാ വിവാദത്തിൽ ജയരാജനെ തളയ്ക്കാൻ ശ്രമിച്ചെങ്കിലും പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇതോടെ വീണ്ടും പി ജയരാജനെ തന്നെ സെക്രട്ടറിയാക്കേണ്ടിയും വന്നു. ഈ സാഹചര്യത്തിലാണ് ജയരാജനെ കണ്ണൂരിൽ നിന്ന് മാറ്റാൻ പല വിധ തന്ത്രങ്ങൾ ആലോചിച്ചത്. ഇതാണ് പൊളിഞ്ഞത്. പി ജയരാജനെ സെക്രട്ടറിയേറ്റിൽ ഉയർത്താൻ കഴിയാത്ത സാഹചര്യത്തിൽ ശശിയെ വീണ്ടും സജീവമാക്കാനാണ് പുതിയ നീക്കം.

ഇ കെ നയനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ ശശി പൊളിട്ടിക്കൽ സെക്രട്ടറിയായിരുന്നു. പിണറായിയുടെ അടുപ്പക്കാരനായാണ് ശശി അറിയപ്പെട്ടിരുന്നത്. പൊലീസിനേയും മറ്റും കാർക്കശ്യത്തോടെ നിയന്ത്രിച്ചിരുന്ന ശശിയുടെ ഭരണ പരിചയം മുതൽകൂട്ടാക്കാനാണ് പിണറായിയുടെ തീരുമാനം. ഇതിനൊപ്പം ശശിയെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനും. സിപിഎം സംസ്ഥാന സമിതി അംഗമായിരുന്നു ശശി. വിവാദത്തെ തുടർന്ന് സ്ഥാനമെല്ലാം നഷ്ടമായി. കോടതി കുറ്റവിമുക്തനാക്കിയ ശശിയെ വീണ്ടും പാർട്ടിയുടെ നേതൃസ്ഥാനത്ത് എത്തിക്കാനാണ് പിണറായിയുടെ നീക്കം. കണ്ണൂരിലെ സിപിഎം രാഷ്ട്രീയം തന്നിലേക്ക് അടുപ്പിക്കാൻ കൂടിയാണ് ഇത്. ഇതിന് വേണ്ടി പൊളിട്ടക്കൽ സെക്രട്ടറിയായി ശശിയെ നിയമിക്കും. നിലവിൽ ദിനേശൻ പുത്തലേത്ത് പൊളിട്ടിക്കൽ സെക്രട്ടറിയാണ്. ദിനേശനെ മാറ്റാതെ ശശിയേയും ഉൾപ്പെടുത്തും. ഒന്നിലധികം മാധ്യമ ഉപദേഷ്ടാക്കൾ പിണറായിക്കുണ്ട്. ഈ മാതൃകയിലാകും ശശിയുടെ നിയമനം.

പിണറായി മുഖ്യമന്ത്രിയായ ശേഷം കണ്ണൂരിൽ നിരവധി രാഷ്ട്രീയ സംഘർഷം നടന്നു. പലതവണ ചെയ്യരുതെന്ന് പറഞ്ഞിട്ടും സിപിഎമ്മുകാർ കൊലക്കേസിൽ പ്രതിയായി. ഈ സാഹചര്യത്തിലാണ് കണ്ണൂരിൽ പിടിമുറുക്കാൻ പാർട്ടിയിൽ ശശിയെ സജീവമാക്കുന്നത്. അധികാര കേന്ദ്രത്തിൽ ശശിയെത്തുന്നതോടെ പാർട്ടിക്കാർ കൂടുതലായി സഖാവുമായി അടുക്കും. പതിയെ കണ്ണൂരിലെ പാർട്ടിയുടെ നിയന്ത്രണം ശശിയിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. എറണാകുളത്ത് പി രാജീവിന്റെ പകരക്കാരനായി ഗോപീ കോട്ടമുറിക്കൽ ജില്ലാ സെക്രട്ടറിയായി എത്തിയേക്കും.

ജില്ലാ സെക്രട്ടറിയായിരിക്കെ ഉണ്ടായ വിവാദത്തിൽ കോട്ടമുറിക്കലിന് പാർട്ടിയിലെ സ്ഥാനം നഷ്ടമായി. അന്വേഷണത്തിൽ കുറ്റവിമുക്തനായ ഗോപീ കോട്ടമുറിക്കൽ കഴിഞ്ഞ സമ്മേളനത്തിൽ സംസ്ഥാന സമിതിയിലും എത്തി. അതുകൊണ്ട് തന്നെ ഗോപീ കോട്ടമുറിക്കലിനെ പാർട്ടി സെക്രട്ടറിയാക്കാനുള്ള സാധ്യത ഏറെയാണ്. പിണറായിയുടെ അതിവിശ്വസ്തന്മാരിൽ ഒരാളാണ് ഗോപീ കോട്ടമുറിക്കൽ. വി എസ് പക്ഷത്തിന്റെ കോട്ടയായിരുന്ന എറണാകുളത്തെ അടിമുടി മാറ്റിയെടുത്തത് ഈ നേതാവായിരുന്നു.