കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെതിരായ പോരാട്ടത്തിൽ കോൺഗ്രസിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ ബംഗാളിൽ ഇടതുപക്ഷം തയ്യാറെന്നു റിപ്പോർട്ടുകൾ. ഇന്നു ചേർന്ന ഇടതുമുന്നണി യോഗത്തിലാണു തീരുമാനം. പതിനൊന്നു പാർട്ടികളടങ്ങിയ ഇടതുമുന്നണി യോഗമാണ് ഇക്കാര്യത്തിൽ ചർച്ച നടത്തിയത്.

ജനാധിപത്യം പുനഃസ്ഥാപിക്കാൻ ബംഗാളിൽ കോൺഗ്രസുമായി സഖ്യമാകാമെന്നു സിപിഐഎം നേതാവ് ബിമൻ ബോസ് പ്രതികരിച്ചു. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്രകമ്മിറ്റിയാകും എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന് പുറമെ ഇടതുമുന്നണിയിലെ മറ്റു ഘടകകക്ഷികളും കോൺഗ്രസുമായി സഖ്യമാകുന്നതിനെ പിന്തുണച്ചു. ബംഗാളിൽ കോൺഗ്രസ് സഖ്യത്തിന് സന്നദ്ധരായാൽ തങ്ങൾ ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇന്ന് ചേർന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചതായി ചെയർമാൻ ബിമൻ ബോസ് പറഞ്ഞു. കോൺഗ്രസുമായി ചർച്ച നടത്തുന്നതിൽ പ്രശ്‌നമില്ല. എന്നാൽ അവർ തങ്ങളെ ചർച്ചയ്ക്ക് വിളിക്കുകയാണ് വേണ്ടത്. സഖ്യ ചർച്ചകൾക്കായി കോൺഗ്രസ് ഇതുവരെ തങ്ങളെ സമീപിച്ചിട്ടില്ലെന്നും ബിമൻ ബോസ് പറഞ്ഞു.

ബംഗാളിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആലോചിക്കുന്നതിനായി സിപിഐഎം സംസ്ഥാന സമിതി നാളെ ചേരാനിരിക്കെയാണ് സഖ്യ ചർച്ചയ്ക്ക് സിപിഐഎം സന്നദ്ധത അറിയിച്ചത്. കേന്ദ്ര കമ്മിറ്റിയായിരിക്കും കോൺഗ്രസുമായുള്ള സഖ്യത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സിപിഐഎം, സിപിഐ, ആർഎസ്‌പി, എഐഎഫ്ബി തുടങ്ങിയ പാർട്ടികൾക്ക് പുറമെ മുന്നണിയിലെ മറ്റു ചെറു കക്ഷികളുമാണ് യോഗത്തിൽ പങ്കെടുത്തത്. ജനാധിപത്യം തകർച്ച നേരിടുമ്പോൾ അത് പുനഃസ്ഥാപിക്കാൻ സമാന ചിന്താഗതിക്കാരുമായി ചർച്ചയാകാമെന്ന് ബോസ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി തീരുമാനം കേന്ദ്ര കമ്മിറ്റി പരിശോധിച്ച ശേഷമാകും സഖ്യകാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുകയെന്നും അദ്ദേഹം അറിയിച്ചു.