പനാജി: വീട്ടമ്മയെ ജോലി വാഗ്ദാനം ചെയ്ത് പാസ്‌പോർട്ട് റെഡിയാക്കാൻ എന്നുപറഞ്ഞ് ഗോവയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെ നടപടിയെടുത്ത് പാർട്ടി. തിരുവനന്തപുരം മംഗലപുരം ഏരിയാ സെക്രട്ടറി വിനോദ് കുമാറിനെയാണ് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് മഡ്ഗാവ് പൊലീസ് വിനോദിനെ അറസ്റ്റുചെയ്തത്.

പാസ്‌പോർട്ടും വിദേശത്ത് ജോലിയും സംഘടിപ്പിച്ചു കൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ ഗോവയിൽ എത്തിച്ചശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മുറിയിൽ കയറിവന്നതിൽ പന്തികേടു തോന്നിയ യുവതി ഇറങ്ങിയോടി റിസപ്ഷനിലെത്തി പരാതി പറയുകയും അവർ പൊലീസിൽ ്അറിയിച്ചതോടെ നേതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. തിരുവനന്തപുരം കാട്ടായിക്കോണത്തെ മുൻ കൗൺസിലറായിരുന്നു വിനോദ്കുമാർ. ഇക്കഴിഞ്ഞ തവണയാണ് പാർട്ടി ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

ഇയാളെ ഇന്നലെ തന്നെ ജുഡീഷ്യൽ കസ്റ്റഡിയിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതായി ഗോവൻ പൊലീസ് മറുനാടനോട് വ്യക്തമാക്കി. മഡ്ഗാവിലെ വുഡ്‌ലാൻഡ് ഹോട്ടലിലെ 309ാം മുറിയിലാണ് യുവതിക്ക് താമസം ഏർപ്പാടാക്കിയത്. ഇവിടേക്ക് കയറിവന്ന് യുവതിയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. വനിതയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് ഇന്ന് സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചതും അത് പ്രഖ്യാപിച്ചതും.

കൊല്ലം സ്വദേശിനിയായ യുവതിയെയാണ് ഇയാൾ ഗോവയിൽ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ യുവതിയാണ് നേതാവിന്റെ കെണിയിൽ വീണത്. ഗോവയിൽ സുഹൃത്തുക്കളുണ്ടെന്നും ഇവർ വഴി പോർച്ചുഗീസ് പാസ്‌പോർട്ട് സംഘടിപ്പിച്ച് നൽകാമെന്നും ജോലി ശരിയാക്കാമെന്നുമെല്ലാം ആയിരുന്നു വാഗ്ദാനമെന്നാണ് യുവതി ഗോവൻ പൊലീസിന് മൊഴി ന്ൽകിയിട്ടുള്ളത്.

ഗോവയിൽ വച്ച് വിനോദ് സ്ത്രീയുടെ മുറിയിൽ രാത്രി ചെല്ലുകയും ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആർ. ഇവരിൽ നിന്ന് മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും ദ്വിഭാഷിയുടെ സഹായം ലഭ്യമായില്ലെന്നും ഇതു ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ എന്നുമാണ് ഇന്നലെ മഡ്ഗാവ് ടൗൺ പൊലീസ് മറുനാടനോട് വ്യക്തമാക്കിയത്. ഇപ്പോൾ റിമാൻഡ് ചെയ്യപ്പെട്ട പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യംചെയ്യുമെന്നും പൊലീസ് അറയിച്ചു.

യുവതിയുടെ മുറിയിലെത്തി ആദ്യം അനുനയത്തിൽ കീഴ്‌പ്പെടുത്താൻ ശ്രമിച്ചുവെന്നും വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും ഇതിനിടെ രക്ഷപ്പെട്ടോടുകയായിരുന്നു എന്നുമാണ് യുവതി മൊഴി നൽകിയിട്ടുള്ളത്. ദുബായിൽ ഉണ്ടായിരുന്ന സ്ത്രീ ഒന്നര മാസം മുമ്പാണ് വിനോദിനെ പരിചയപ്പെടുന്നത്. നാട്ടിലെത്തി ജോലി അന്വേഷിക്കുന്നതിനിടെ ഇത് ശരിയാക്കി നൽകാമെന്ന വാഗ്ദാനത്തിൽ കുടുങ്ങിയാണ് ഗോവയക്ക് പോയതെന്നാണ് പൊലീസ് പറയുന്നത്.

നാട്ടിൽ സർവസമ്മതനായിരുന്ന നേതാവ് ഇത്തരത്തിൽ പീഡനത്തിന് ശ്രമിച്ചുവെന്നത് നാട്ടിലും ചർച്ചയായിട്ടുണ്ട്. പ്രാദേശികമായി സ്വഭാവ ദൂഷ്യമില്ലാത്ത നേതാവായാണ് ഇയാൾ അറിയപ്പെടുന്നത്.