- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോഴിക്കോട് സി പി എമ്മിൽ നിന്നും വീണ്ടും കൂട്ടരാജി; ഇരുപതോളം പേർ സിപിഐയിൽ ചേർന്നു; രാജിക്ക് മുതിർന്ന മുൻ കൗൺസിലർ ഉൾപ്പെടെയുള്ള നേതാക്കളെ പാർട്ടി നേതൃത്വം ഇടപെട്ട് പിന്തിരിപ്പിച്ചു; ജോലി അടക്കം നഷ്ടപ്പെടുത്തുമെന്ന് വിട്ടവർക്ക് ഭീഷണി; പ്രവർത്തകരെ ചാക്കിട്ടുപിടിക്കുന്നതിൽ സിപിഐക്കെതിരെ സിപിഎമ്മിന് രോഷം
കോഴിക്കോട്: പയ്യോളിയിൽ ഇരുന്നൂറോളം പ്രവർത്തകർ സി പി എമ്മിൽ നിന്ന് രാജി വെച്ച് സിപിഐയിൽ ചേർന്നതിന് പിന്നാലെ കോഴിക്കോട് നഗരത്തിലും കൂട്ടരാജി. രാജിവെച്ചവർ സിപിഐയിൽ ചേർന്നു. രാജിവെക്കാൻ ഒരുങ്ങിയ മുൻ കൗൺസിലർ ഉൾപ്പെടെ പ്രമുഖ പ്രാദേശിക നേതാക്കളെ സി പി എം ജില്ലാ നേതൃത്വം ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
സി പി എമ്മിൽ നിന്ന് രാജിവെച്ച് വന്നവർക്ക് ഇന്നലെ എ ഐ ടി യു സി ഹാളിൽ സ്വീകരണം നൽകി.സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രനാണ് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തത്. ജില്ലാ സെക്രട്ടറി ടി വി ബാലൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി കെ നാസർ തുടങ്ങിയവർ നേരിട്ടാണ് സി പി എമ്മിൽ നിന്നു വിട്ടുവന്നവരെ സ്വീകരിച്ചത്. മുൻ കൗൺസിലറും പ്രഭാഷകനുമായ നേതാവുൾപ്പെടെ അറുപതോളം പേരാണ് സി പി എമ്മിൽ നിന്ന് രാജിവെക്കാൻ ശ്രമിച്ചത്. എന്നാൽ അദ്ദേഹത്തെ ഉൾപ്പെടെ സി പി എം നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
പലരെയും ജോലി ഉൾപ്പെടെ നഷ്ടപ്പെടുത്തുമെന്ന് സി പി എം ഭീഷണിപ്പെടുത്തിയതായി സിപിഐ നേതാക്കൾ വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇരു പാർട്ടികളും തമ്മിൽ ഏറ്റുമുട്ടലുണ്ടാകാതിരിക്കാൻ പലരോടും കുറച്ചു കഴിഞ്ഞ ശേഷം പാർട്ടിയിലേക്ക് വന്നാൽ മതിയെന്ന് സിപിഐ നേതൃത്വം തന്നെ അറിയിക്കുകയായിരുന്നെന്നാണ് അറിയുന്നത്. ഇരുപതോളം പേരാണ് നിലവിൽ സിപിഐയിൽ ചേർന്നത്. ബാക്കിയുള്ളവർ വരും അടുത്തു തന്നെ സിപിഐയിൽ ചേരുമെന്നാണ് അറിയുന്നത്. സി പി എം വിട്ടെത്തിയവർ അഴിമതി ഉൾപ്പെടെ രൂക്ഷമായ ആക്ഷേപങ്ങളാണ് സി പി എം നേതാക്കൾക്കെതിരെ ഉയർത്തിയത്. ഇതേ സമയം പാർട്ടിയെ ദുർബലപ്പെടുത്താനുള്ള ഏതു ശ്രമവും ചെറുക്കാനുള്ള നീക്കത്തിലാണ് സി പി എം.
തെരഞ്ഞെടുപ്പ് കാലത്തു പോലും തങ്ങളുടെ പ്രവർത്തകരെ സിപിഐ ചാക്കിട്ടുപിടിക്കുന്നതിൽ സി പി എമ്മിനുള്ളിൽ അമർഷം ശക്തമാണ്. സി പി എം നേതൃത്വവുമായി കുറേക്കാലമായി ഇടഞ്ഞു നിൽക്കുകയായിരുന്ന പയ്യോളി തുറയൂരിലെ പ്രമുഖ സി പി എം നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ സിപിഐയിൽ ചേർന്നത് ആഴ്ചകൾക്ക് മുമ്പാണ്. പയ്യോളി അങ്ങാടിയിൽ സി പി എമ്മിനെ വെല്ലുവിളിച്ച് നടത്തിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തത് ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനായിരുന്നു.
ഇരുന്നൂറോളം പേരാണ് അന്ന് സിപിഐയിൽ ചേർന്നത്. സിപി എം മുൻ ഏരിയാ കമ്മിറ്റി അംഗം പി ബാലഗോപാലൻ, മുൻ ലോക്കൽ സെക്രട്ടറി പി ടി ശശി, ഡിവൈ എഫ് ഐ മുൻ പയ്യോളി ബ്ലോക്ക് സെക്രട്ടറി കെ രാജേന്ദ്രൻ, പ്രസിഡന്റായിരുന്ന പി ടി സനൂപ്, എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ ഏരിയാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന കെ ജയന്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്ന് കൂടുമാറ്റം.
2017 മുതൽ തുറയൂരിൽ സി പി എമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങളാണ് അവിടെ കൂട്ടരാജിയിലേക്ക് നയിച്ചതെങ്കിൽ കോഴിക്കോട് നഗരത്തിൽ അടുത്ത കാലത്തുണ്ടായ പ്രശ്നങ്ങളാണ് പൊട്ടിത്തെറിയിലെത്തിച്ചത്. പാർട്ടിവിട്ടവർക്ക് സ്വീകരണം ഒരുക്കിയ എൽ ഡി എഫ് ഘടകകക്ഷിയുടെ തീരുമാനത്തിൽ സി പി എമ്മിന് കടുത്ത അമർഷമുണ്ട്. പ്രാദേശികമായ ഈ ഭിന്നത തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പ്രതിഫലിക്കുമെന്ന ഭീതി മുന്നണി നേതൃത്വത്തിനുമുണ്ട്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.