കൊല്ലം: രാഷ്ട്രീയം അവസരവാദത്തിന്റെയും ധനസമ്പാദനത്തിന്റെയും മാർഗമായി മാറുമ്പോൾ ആ വഴികളിൽ നിന്നും മാറിനടന്ന് വ്യത്യസ്തനാകുകയാണ് കരുനാഗപ്പള്ളി എംഎൽഎ സിആർ മഹേഷ്. അധികാരം കാശുണ്ടാക്കാനും സാധാരണക്കാർക്ക് മുന്നിൽ ഷൈൻ ചെയ്യാനുള്ള മാർഗമല്ലെന്ന് മുമ്പും പലവട്ടം തെളിയിച്ചിട്ടുള്ള യുവനേതാവാണ് സിആർ മഹേഷ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും സംസ്ഥാന ഉപധ്യക്ഷനും കെപിസിസി ജന. സെക്രട്ടറിയുമൊക്കെ ആയപ്പോളൊക്കെ ജനങ്ങൾക്കിടയിൽ സജീവമായിരുന്നു അദ്ദേഹം. പൊതുജീവിതത്തിൽ ബാധ്യതകളല്ലാതെ സ്വന്തമായി മറ്റൊന്നും അദ്ദേഹം നേടിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

എംഎൽഎ ബോർഡ് വച്ച കാർ അധികാരത്തിന്റെ അടയാളങ്ങളാണ്. ഒരു പൊതുപ്രവർത്തകൻ എംഎൽഎ ആയിക്കഴിഞ്ഞാൽ കടം വാങ്ങിയെങ്കിലും ഒരു കാർ വാങ്ങുന്നത് ആ ബോർഡും വച്ച് ജനങ്ങൾക്കിടയിലൂടെ ചെത്തിനടക്കാൻ തന്നെയാണ്. എന്നാൽ കരുനാഗപ്പള്ളി എംഎൽഎയ്ക്ക് സ്വന്തമായി എംഎൽഎ ബോർഡ് മാത്രമേ ഉള്ളു. സ്വന്തമായി കാറില്ലാത്ത നിയമസഭാ സാമാജികൻ ഒരുപക്ഷേ സി.ആർ.മഹേഷ് മാത്രയിരിക്കും. സ്വന്തമായി കാറും ഡ്രൈവറും ഇല്ലാത്തതിനാൽ സുഹൃത്തുക്കളുടെ കാറിലാണ് യാത്ര.

കാറില്ലെങ്കിലും എംഎ‍ൽഎ. എന്നെഴുതിയ രണ്ടു ചെറുബോർഡുകൾ എപ്പോഴും സി.ആറിന്റെ കൈയിലുണ്ടാകും. നേരത്തേ നിശ്ചയിച്ചുറപ്പിച്ച സുഹൃത്തുക്കൾ കാറുമായി വീട്ടിലെത്തുമ്പോൾ, എംഎ‍ൽഎ. എന്നെഴുതിയ ബോർഡുകൾ കാറിന്റെ മുന്നിലും പിന്നിലുംവച്ചാണ് യാത്ര.

ചിലപ്പോഴക്കെ രാവിലെ എത്തിയ സുഹൃത്തിന് ഉച്ചയ്ക്കുശേഷം തിരികെപ്പോകേണ്ടിവന്നിട്ടുണ്ട്. അപ്പോൾ കാറുമാറും. ഒപ്പം എംഎ‍ൽഎ. ബോർഡും. കാർ സമയത്ത് എത്താത്ത സാഹചര്യത്തിൽ ഓട്ടോറിക്ഷയാണ് ആശ്രയം. ചിലപ്പോൾ സുഹൃത്തുക്കളുടെ ബൈക്കിന്റെ പിന്നിലിരുന്നാണ് യാത്ര.

നിയമസഭാ സാമാജികർക്ക് കാറുവാങ്ങാൻ വായ്പ ലഭിക്കും. വായ്പയെടുത്ത് ചെറു കാറുവാങ്ങാൻ തീരുമാനിച്ചതാണ്. അപ്പോഴാണ് ഭാര്യാപിതാവും തന്റെ സഹോദരനും അകാലത്തിൽ മരിച്ചത്. ഇതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വംകൂടി ഏറ്റെടുക്കേണ്ടതായിവന്നു.

വായ്പയെടുത്ത് കാറ് വാങ്ങിയാൽ എല്ലാമാസവും നല്ലൊരു തുക തിരിച്ചടവുവരും. നിലവിൽ തന്നെ നിരവധി കടബാധ്യതകളും മറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ അത് ബുദ്ധിമുട്ടാകും. അനുകൂലസാഹചര്യം വരുമ്പോൾ കാർ വാങ്ങണം. അതുവരെ സുഹൃത്തുക്കളുടെ കാറുകളിൽ യാത്രതുടരും-മഹേഷ് പറയുന്നു.

മഹേഷിന്റെ അമ്മയുടെ പേരിലെടുത്ത വായ്പയ്ക്ക് കഴിഞ്ഞവർഷം സഹകരണബാങ്കിൽനിന്ന് ജപ്തി നോട്ടീസ് വന്നത് വാർത്തയായിരുന്നു.