തിരുവനന്തപുരം: കെഎം മാണി മുന്നണിവിട്ടുപോകുമോ എന്ന ആശങ്കയോടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ അനുനയിപ്പിക്കാൻ പഠിച്ചപണി പതിനെട്ടും നോക്കി പിന്നാലെ നടക്കുമ്പോൾ മാണിപോയാൽ ഒരു ചുക്കും സംഭവിക്കില്ലെന്ന ധീരമായ നിലപാടുമായി യൂത്ത് കോൺഗ്രസ് നേതാവ് സി. ആർ മഹേഷ്.

മാണി ഇപ്പോൾ കാട്ടിക്കൂട്ടുന്നതെല്ലാം അദ്ദേഹത്തിന്റെ കപടതന്ത്രങ്ങൾ മാത്രമാണെന്നും കോഴക്കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള കപടതന്ത്രമായിമാത്രമേ അതിനെ കാണാനാകൂ എന്നും അധികാരത്തോടുള്ള മാണിയുടെ ആർത്തിയാണ് ഇപ്പോഴത്തെ നിലപാടുകളിൽ പ്രകടമാകുന്നതെന്നും തുറന്നടിച്ച് മഹേഷ് ഫെയ്‌സ് ബുക്ക് പോസ്റ്റ് നൽകി.

ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സുധീരനും വിളിച്ചിട്ടും നിഷേധം കാണിക്കുന്ന മാണിയോട് എന്തിനാണ് സന്ധിചെയ്യുന്നതെന്ന് മഹേഷ് ചോദിക്കുന്നു. നിയമസഭയിൽ ബ്‌ളോക്കുണ്ടാക്കി ഇരിക്കുമെന്ന് പറയുന്നതും തട്ടിപ്പാണ്. വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യം നോക്കിയുള്ള അടവുനയമാണ് മാണിയുടേതെന്ന് ആർക്കും മനസ്സിലാകും.

എംഎൽഎ ആയത് ആയിരക്കണക്കിന് കോൺഗ്രസ്സുകാരുടെ വോട്ടുകൂടി നേടിയാണെന്ന് പ്രത്യേകം ഇരിക്കുമെന്നു പറയുന്നവർ ഓർക്കണം. കോൺഗ്രസ് പാർട്ടിയിലെ ആയിരക്കണക്കിനു പ്രവർത്തകർ ചോര നീരാക്കി, ഊണും ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ടത്തിന്റെ ഫലം കൂടിയാണ് അവരുടെ വിജയം - - മഹേഷ് തുറന്നു പറയുന്നു.

യുഡിഎഫ് സംവിധാനത്തിൽ കൂടി ജയിച്ചു വന്നവർ ധാർമികത ഉണ്ടെങ്കിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ തുനിയാതെ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാണ് മഹേഷ് ആവശ്യപ്പെടുന്നത്. യുഡിഎഫ് വിട്ടു പോകാനുള്ള കെ.എം.മാണിയുടെ തീരുമാനം ചാപിള്ളയാകും. അങ്ങനെ വരുമ്പോൾ വീണ്ടും യുഡിഎഫിലേക്കുതന്നെ മടങ്ങി വരാനും കെ.എം മാണി ശ്രമിക്കുമെന്നും അപ്പോൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചാൽ അതു കോൺഗ്രസിലെ സാധാരണ പ്രവർത്തകർ ഉൾക്കൊള്ളില്ലെന്നും മഹേഷ് ഓർമ്മപ്പെടുത്തുന്നു. അതേസമയം പോനാൽ പോകട്ടും പോടാ എ്ന്ന മട്ടിൽ മഹേഷ് നടത്തിയ തുറന്നുപറച്ചിലിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്.

കെ.എം.മാണി യുഡിഎഫ് വിട്ടാലും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയേക്കാൾ വലുതായി ഒന്നും യുഡിഎഫിന് സംഭവിക്കാൻ പോകുന്നില്ലെന്നും മഹേഷ് തുറന്നുപറയുമ്പോൾ ഏറെപ്പേർ കമന്റുമായെത്തി അതിനെ അനുകൂലിക്കുന്നു. ഇത്തരത്തിൽ തരംതാണ രാഷ്ട്രീയം കളിക്കുന്നവർക്കു വഴങ്ങാതിരിക്കുവാനുള്ള ഇച്ഛാശക്തിയും ആർജ്ജവവും കോൺഗ്രസ് നേതൃത്വം കാണിക്കണമെന്നാണ് മഹേഷ് ആവശ്യപ്പെടുന്നത്. അതേസമയം, കേരളാ കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിലൂടെ നിരന്തരം കോൺഗ്രസിനെതിരെ ലേഖനങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് മഹേഷിന്റെ പോസ്റ്റ് എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

മാണി അനുനയ ചർച്ചകൾക്കുപോലും തയ്യാറാകാതെ ഇപ്പോൾ കോൺഗ്രസുമായും യുഡിഎഫിലെ മറ്റു ഘടകകക്ഷി നേതാക്കൾക്കെതിരെയും മുഖംതിരിക്കുന്ന നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ പ്രതികരണം വലിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. രമേശ് ചെന്നിത്തലയാണ് മാണിക്കെതിരെ ബാർകോഴ ആരോപണം ഉയർത്തിക്കൊണ്ടുവന്നതിന്റെ സൂത്രധാരനെന്ന പ്രചരണം നടത്തിയാണ് കേരളാ കോൺഗ്രസ് ഇ്‌പ്പോൾ കടുത്ത നിലപാടെടുക്കുമെന്ന ഭീതി പടർത്തുന്നത്.

ചരൽക്കുന്നിൽ ഈയാഴ്ച നടക്കുന്ന നേതൃത്വക്യാമ്പിൽ വൻ തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രചരണം നടത്തി കോൺഗ്രസ്സിനെ മുൾമുനയിൽ നിർത്തുന്ന മാണിയുടെ നിലപാടിനെതിരെ കടുത്ത എതിർപ്പുണ്ട് നിരവധി കോൺ്ഗ്രസ് നേതാക്കൾക്ക്. ഉമ്മൻ ചാണ്ടിയെ അനുനയത്തിനായി കോൺഗ്രസ് ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ചരൽക്കുന്ന ക്യാമ്പ് കഴിയാതേ അദ്ദേഹവുമായോ മറ്റൊരു സീനിയർ ഘടകകക്ഷി നേതാവായ കുഞ്ഞാലിക്കുട്ടിയുമായോ ചർച്ച നടത്താനില്ലെന്ന നിലപാടിലാണ് മാണി.

ഇതിനു പിന്നാലെ ഇന്ന് കേരളാ കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിൽ കെ ബാബുവിനെതിരെ ദുസ്സൂചനകളുമായി ലേഖനം വന്നതും കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ബാർ കോഴ കേസിലെ യഥാർത്ഥ പ്രതിയെ തിരഞ്ഞെടുപ്പിൽ ജനം തറപറ്റിച്ചുവെന്ന മട്ടിലുള്ള ലേഖനമാണ് കടുത്ത എതിർപ്പിന് ഇപ്പോൾ കാരണമായിട്ടുള്ളത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മഹേഷിന്റെ കടുത്തഭാഷയിലുള്ള കുറിപ്പെന്നാണ് സൂചനകൾ.

 

മഹേഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്