മനാമ: ദുബായിലും സൗദിയിലും അനധികൃത ടാക്‌സിക്കാരെ പിടികൂടിയതിന് പിന്നാലെ ബഹ്‌റിനും വ്യാജ ടാകിസിക്കാർക്കെതിരെ നടപടി ശക്തമാക്കുന്നു. നിരത്തുകളിൽ നിയമപരമല്ലാതെ ഓടുന്ന ടാക്‌സികൾ പിടികൂടി കർശന നടപിടി സ്വീകരിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ട്രാഫിക് ജനറൽ ഡയറക്ടർ ഷെയ്ഖ് നാസർ ബിൻ അബ്ദുൾറഹ്മാൻ അൽഖലീഫ ഇതിനായി വേണ്ട നടപടി സ്വകരിച്ചുകഴിഞ്ഞു.

മാർക്കറ്റ്, ഷോപ്പിങ്ങ് മാൾ എന്നിവയ്ക്ക് സമീപം നിയമപരമല്ലാത്ത ധാരാളം ടാക്‌സികൾ ഓടുന്നതായി അധികൃതർക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് ഇവരെ പിടികൂടാൻ അധികൃതർ ശ്രമം തുടങ്ങിയത്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി നടത്തിയ പരിശോധനയിൽ ഏകദേശം 64 ഏഷ്യാക്കാർ, ബഹ്‌റിനികൾ, ഗൾഫ് രാജ്യക്കാർ എന്നിവരെ പിടികൂടിയിരുന്നു. നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് ഇവരെ കൈമാറിയിരുന്നു. ഇവർക്ക് ഒരു മാസത്തെ ജയിൽശിക്ഷയും 1000 ബഹ്‌റിനി ദിനാർ പിഴയും വിധിച്ചു. ഇതിൽ ചിലരെ നാടുകടത്തുകയും ചെയ്യും.