ദോഹ: രാജ്യത്തെ റോഡിലെ മഞ്ഞബോക്സിൽ വാഹനം നിർത്തുന്നവരെ പിടികൂടാനുള്ള പരിശോധന ഊർജ്ജിതമാക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമംലംഘിക്കുന്നവരുടെ എണ്ണം കൂടിവരുന്നുവെന്നനും നിയമലംഘകർക്ക് ആയിരം റിയാൽവരെ പിഴയീടാക്കുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു.

ഇന്റർസെക്ഷനുകളിലെ മഞ്ഞ ബോക്സിൽ വാഹനം നിർത്തുന്നവരെ കണ്ടെത്താൻ കൂടുതൽ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ാഹനങ്ങളുടെ മൂന്ന് ചിത്രങ്ങളാണ് ഇന്റർസെക്ഷനുകളിൽ ക്യാമറ പകർത്തുന്നത്. നമ്പർ പ്ലേറ്റിന്റേയും വാഹനത്തിന്റെയും വാഹനത്തിന്റെ പൊസിഷനും മഞ്ഞബോക്സിൽ വാഹനം നിൽക്കുന്ന സ്ഥലവുമാണ് ക്യാമറ പകർത്തുന്നത്. മെട്രാഷിന്റെ ഉപയോക്താവാണ് വാഹനയുടമയെങ്കിൽ ലംഘനം നടത്തി നിമിഷങ്ങൾക്കുള്ളിൽ ലംഘനവും അടയ്ക്കേണ്ട പിഴത്തുകയും സംബന്ധിച്ച സന്ദേശം മൊബൈലിലെത്തും.

നിയമലംഘകർക്ക് ആയിരം റിയാൽവരെയാണ് പിഴ ചുമത്തുന്നത്. കൂടാതെ വാഹനം ഒരാഴ്ച ജപ്തിചെയ്യും. മഞ്ഞവരയിൽ വാഹനം നിർത്തുന്നവർക്ക് പിഴത്തുകയിൽ അമ്പത് ശതമാനം ഇളവിന്റെ ആനുകൂല്യം ലഭിക്കുകയുമില്ല. വലതുവശത്തുകൂടി വാഹനങ്ങളെ മറികടക്കുന്നത് കണ്ടെത്താൻ കൂടുതൽക്യാമറകൾ സ്ഥാപിക്കുമെന്നും അൽ അബ്ദുല്ല പറഞ്ഞു.

ഇന്റർസെക്ഷനിലെ സിഗ്‌നലിൽ പച്ച ലൈറ്റ് തെളിയുമ്പോൾ വാഹനം മഞ്ഞബോക്സിൽ നിർത്തുന്നത് പിറകെവരുന്ന വാഹനങ്ങൾക്ക് തടസ്സം ഉണ്ടാക്കുകയും ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യും. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നത് വാഹനാപകടത്തിനും കാരണമാകുന്നതായാണ് കണ്ടെത്തൽ.