ഷ്മാവ് പരിധി വിട്ടുയർന്നതിനെ തുടർന്ന് നോർത്തേൺ സൈബീരിയൻ ഗ്രാമങ്ങളിൽ 50 അടിയോളം വിസ്തൃതിയുള്ള ഗർത്തങ്ങൾ രൂപപ്പെടുന്നുവെന്ന് റിപ്പോർട്ട്. ഗർത്തങ്ങൾ കണ്ട് നാട്ടുകാർ അത്ഭുതം കൂറുമ്പോൾ ഇതിന്റെ രഹസ്യം തേടുകയാണ് ശാസ്ത്ര്ജ്ഞന്മാർ.കടുത്ത ചൂടേറുന്നതാണ് ഇതിന് കാരണമെന്നും അപകടകരമായ മുന്നറിയിപ്പാണിതെന്നുമാണ് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പേകുന്നത്.

ജലത്തിന്റെ ഖരാങ്കത്തിൽ താഴെ ഊഷ്മാവിൽ സ്ഥിതി ചെയ്യുന്ന മണ്ണ് അഥവാ പെർമാഫ്രോസ്റ്റ് ഉരുകുന്നതാണ് ഇതിന് കാരണമെന്നും അവർ കണ്ടെത്തിയിട്ടുണ്ട്. ഇതിന് മുമ്പ് 130,000 വർഷങ്ങൾക്ക് മുമ്പ് മാത്രമായിരുന്നു ഇത്തരത്തിൽ പെർമാഫ്രോസ്റ്റ് ഉരുകിയിരുന്നതെന്നാണ് ഓക്സ്ഫോർഡ് യൂണിയവേഴ്സിറ്റിയിലെ എയർത്ത് സയൻസസിലെ പ്രഫസറായ ഡോ. ഗിഡിയോൻ ഹെൻഡേർസൻ വെളിപ്പെടുത്തുന്നത്. ഭൂമിയുടെ ഓർബിറ്റിൽ വരുന്ന മാറ്റങ്ങളുടെ ഫലമായുണ്ടാകുന്ന പ്രകൃതിപരമായ പ്രതിഭാസമാണിതെന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്നാൽ ഭൂമിയിലെ ചൂട് മുമ്പില്ലാത്ത വിധം വർധിക്കുന്നതാണ് ഇതിന് ഇപ്പോൾ കാരണമായിരിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇത്തരത്തിലുള്ള ചൂടുയരൽ ആയിരക്കണക്കിന് വർഷങ്ങളെടുത്തിട്ടായിരുന്നു ഇതിന് മുമ്പുണ്ടായിരുന്നതെങ്കിൽ നിലവിൽ നൂറ്റാണ്ടുകളോ ദശാബ്ദങ്ങളോ മാത്രമെടുത്തിട്ടാണെന്നത് കനത്ത ആശങ്കയുയർത്തുന്ന കാര്യമാണെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

നിലവിൽ പെർമാഫ്രോസ്റ്റിലുണ്ടാകുന്ന ഉരുകൽ അടുത്ത കാലത്തുണ്ടായ കാലാവസ്ഥാ മാറ്റത്തിന്റെ അപകടകരമായ പ്രത്യാഘാതങ്ങളുടെ സൂചനയാണെന്നാണ് ഹെൻഡേർസൻ മുന്നറിയിപ്പേകുന്നത്. മനുഷ്യർ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിനെ തുടർന്ന് പരിസ്ഥിതിയിലേക്ക് പുറന്തള്ളപ്പെടുന്ന കാർബണെ സംഭരിച്ച് കൊണ്ട് നിയന്ത്രിക്കുന്നത് ഈ പെർമാഫ്രോസ്റ്റാണ്.എന്നാൽ സൈബീരിയയിൽ ഈ പ്രദേശത്തെ കാലാവസ്ഥയിൽ വന്ന അടിമുടിയുള്ള മാറ്റത്തെ തുടർന്ന് ഇത് നേരെ മറിച്ചാണ് സംഭവിക്കുന്നത്. പെർമാഫ്രോസ്റ്റ് കാർബൺ പുറത്ത് വിടുമ്പോൾ ഇത് ഭാവിയിലെ ചൂട് വർധിപ്പിക്കാനിടയാക്കുമെന്നാണ് ഹെൻഡേർസൻ പറയുന്നത്.

സൈബീരിയൻ മേഖലയിലെ ഭൂമിയിൽ നിരവധി വലിയ തുളകൾ അടുത്ത കാലത്തായി വീണിരുന്നു. ഇവ 2014ൽ ആയിരുന്നു ആദ്യമായി ദൃശ്യമായിരുന്നത്. ഭൂമിക്കടിയിൽ ശേഖരിച്ച് വച്ചിരിക്കുന്ന വാതകങ്ങൾ പുറത്തേക്ക് വരുമ്പോഴാണിവ രൂപം കൊള്ളുന്നതെന്നാണ് ചില ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഇതിനെ തുടർന്ന് കാർബൺഡയോക്സൈഡും മീഥൈനും പുറന്തള്ളപ്പെടാനുമിടയാകുന്നു. ഒരു ഗ്രീൻഹൗസ് വാതകമായ മീഥൈൻ കാർബൺ ഡയോക്സൈഡിനേക്കാൾ വേഗത്തിൽ ഭൂമിയെ ചുട് പിടിപ്പിക്കുന്നതാണ്. ഇത്തരംഗർത്തങ്ങളുടെ പ്രത്യാഘതങ്ങൾ നോർത്തേൺ സൈബീരിയൻ നിവാസികൾ അനുഭവിക്കാൻ തുടങ്ങിയിട്ടുണ്ട്. തൽഫലമായി ഇവിടുത്തെ റോഡുകൾ താറുമാറാവുകയും റെയിൽ ലൈനുകളിൽ തകരാറ് പതിവാകുകയും കെട്ടിടങ്ങൾ ഭൂമിക്കടിയിലേക്ക് താണ് പോവുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്.