- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്യൂട്ടിപാർലറിൽ അനൂപ് മുഹമ്മദിന്റെ കാർഡുമയെത്തിയ യുവതിയെ കണ്ടെത്താൻ ഇഡി; കേന്ദ്ര ഏജൻസിയുടെ ഗെയിം ഓഫ് ചെസിൽ കുടുങ്ങുന്നത് ആര്? ഭാര്യയും അമ്മായിയും തീർത്ത പ്രതിരോധമെല്ലാം വെറുതെയാകും; ബംഗ്ലൂരുവിലുള്ള ആളുടെ കാർഡ് കേരളത്തിൽ ഉപയോഗിച്ചതിന് കാർഡ് സ്റ്റേറ്റ്മെന്റിൽ തെളിവുകൾ ഏറെ; ബിനീഷിന് കരുക്കായി ആ കാർഡ് കണ്ടെത്തൽ
തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പിടിച്ചെടുത്ത ക്രെഡിറ്റ് കാർഡിന്റെ ഇടപാടുകൾ കുടുക്കുന്നത് ഒരു യുവതിയെ. ഈ കാർഡുമായെത്തി പണം ഇടപാടുകൾ നടത്തിയത് യുവതിയാണെന്നാണ് പ്രാഥമിക നിഗമനം. ബ്യൂട്ടീ പാർലറിൽ അടക്കം ഈ കാർഡ് ഉപയോഗിച്ചിട്ടുണ്ട്. ബംഗളൂരുവിലുള്ള അനൂപ് മുഹമ്മദിന്റെ കാർഡ് എങ്ങനെ തിരുവനന്തപുരത്ത് ഉപയോഗിച്ചുവെന്നതാണ് കേസിൽ നിർണ്ണായകം. ഇതോടെ കാർഡുപയോഗിച്ചവരേയും കേസിൽ പ്രതിയാക്കാനുള്ള സാധ്യത കൂടുകയാണ്. കാർഡിന്റെ വിശദാംശങ്ങൾ ഇഡി ശേഖരിച്ചിട്ടുണ്ട്. ഇതുപയോഗിച്ച ആളെ കണ്ടെത്തി വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റും രേഖപ്പെടുത്തും.
ബെംഗളൂരു മയക്കുമരുന്നുകേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡ് എങ്ങനെ ബിനീഷിന്റെ കൈയിൽ എത്തി എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. ഇ.ഡി. ഉദ്യോഗസ്ഥർ കാർഡ് കൊണ്ടുവന്നുെവച്ചതാണെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ ഉൾപ്പെടെയുള്ളവർ ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിനിടെയാണ് അനൂപിന്റെ കാർഡ് ഉപയോഗിച്ച് കേരളത്തിൽ പലയിടത്തും ഇടപാടുകൾ നടന്നിട്ടുള്ളതായി ഇ.ഡി. കണ്ടെത്തിയതായാണു വിവരം. ഈ ദിവസങ്ങളിൽ കാർഡ് ഉപയോഗിച്ച ഇടങ്ങളിൽ അനൂപ് ഇല്ലായിരുന്നു. അങ്ങനെയെങ്കിൽ കാർഡ് ആര് ഉപയോഗിച്ചുവെന്നു കണ്ടെത്തേണ്ടതുണ്ട്. കാർഡ് ഉപയോഗിച്ച സ്ഥാപനങ്ങളിലും ഇ.ഡി. പരിശോധന നടത്തി. കാർഡ് നൽകിയ ബാങ്കിൽനിന്ന് ഇടപാടുകളുടെ വിശദവിവരങ്ങളും ഇ.ഡി. ശേഖരിച്ചു. തിരുവനന്തപുരത്തും കാർഡ് ഉപയോഗിച്ചിരുന്നു. കാർഡ് കുരുക്കാകുമെന്നും തിരുവനന്തപുരത്തെ ബ്യൂട്ടീ പാർലറിൽ ഇതു ഉപയോഗിച്ച കാര്യവും ഇന്നലെ മറുനാടൻ വാർത്തയാക്കിയിരുന്നു.
അനൂപ് മുഹമ്മദിനെ മുന്നിൽനിർത്തിയാണ് ബിനീഷ് പല ഇടപാടുകളും നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങുന്നത്. പലരെയും നടത്തിപ്പുകാരാക്കി ബിസിനസ് ചെയ്യുന്ന തന്ത്രം ഏറെക്കാലമായി ബിനീഷ് നടത്തിയിരുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. അതിന്റെ ഭാഗമായാണ് മുമ്പ് പണംമുടക്കിയിട്ടുള്ള സ്ഥാപനങ്ങളുടെവരെ വിവരങ്ങൾ ശേഖരിച്ചത്. ഇത് തന്നെയാണ് ക്രെഡിറ്റ് കാർഡിലുമുള്ളത്. മറ്റുള്ളവരുടെ ക്രെഡിറ്റ് കാർഡ് ബിനീഷ് ഉപയോഗിച്ചത് എന്തെന്നത് അന്വേഷണത്തിൽ നിർണ്ണായകമാകും. കള്ളപ്പണവും ബിനാമി സ്വത്തും പിടിക്കാതിരിക്കാനുള്ള തന്ത്രമാണ് ക്രെഡിറ്റ് കാർഡ് പൊളിച്ചത്. ക്രെഡിറ്റ് കാർഡിൽ ഗെയിം ഓഫ് ചെസ് തന്ത്രമാണ് ഇഡി പയറ്റിയത്. ഇതിൽ പലരും പെട്ടുവെന്നാണ് സൂചന.
ക്രെഡിറ്റ് കാർഡ് വിവാദം ബിനീഷ് കോടിയേരിയുടെ ഭാര്യയ്ക്കും ബന്ധുക്കൾക്കും തിരിച്ചടിയായേക്കും എന്ന വിവരമാണ് വെളിയിൽ വരുന്നത്. ലഹരിമരുന്നു കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ ക്രെഡിറ്റ് കാർഡ് ഇഡി സംഘം 'കോടിയേരി' വീട്ടിൽ വെച്ച ശേഷം വീട്ടിൽ നിന്ന് ലഭിച്ചു എന്ന സ്റ്റേറ്റ്മെന്റിൽ ഒപ്പിടാൻ നിർബന്ധിച്ചു എന്നാണ് ബിനീഷിന്റെ ഭാര്യയായ റെനീറ്റയും മാതാവ് മിനിയും ആരോപിച്ചത്. . വീട്ടിൽ നിന്ന് കിട്ടിയ കാർഡ് ആണ് ഇത് എന്ന വാദത്തിൽ ഇഡി തുടരവേ തന്നെയാണ് കാർഡ് വിവാദം ബിനീഷ് കോടിയേരിയുടെ ഭാര്യ കുടുംബത്തിനു വിനയാകും എന്ന സൂചനകൾ ലഭിക്കുന്നത്. അന്വേഷണം ഭാര്യ ബന്ധുക്കളിലേക്ക് കൂടി നീണ്ടെക്കാനുള്ള സൂചനകൾ ആണ് വരുന്നത്. റെനീറ്റയുടെയും മാതാവിന്റെയും ഫോൺ പിടിച്ചെടുത്തത് ഇതിന്റെ സൂചനകളായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു.
ബിനീഷിന്റെ മുറിയിൽ നിന്നാണ് അനൂപിന്റെ കാർഡ് കിട്ടിയത് ഡ്രൈവറുടെ സാന്നിദ്ധ്യത്തിലാണ് കാർഡ് കണ്ടെടുത്തത്. ബാങ്ക് ട്രാൻസാക്ഷൻ തെളിവായി നിൽക്കുമ്പോൾ ക്രെഡിറ്റ് കാർഡ് തെളിവ് ഇഡിക്ക് കൃത്രിമമായി നിർമ്മിക്കേണ്ടതില്ലാ എന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുള്ള സൂചനകളായി ലഭിക്കുന്നത്. അനൂപിന്റെ കാർഡ് ആണെങ്കിൽ അത് തങ്ങൾ കത്തിച്ചു കളയില്ലേ എന്ന ബിനീഷിന്റെ ഭാര്യാ മാതാവ് മിനിയുടെ മൊഴിയും ഈ കാർഡ് അവിടെ ഉണ്ടായിരുന്നതല്ല എന്ന വാദത്തിൽ ഉറച്ച് നിൽക്കുന്ന ഭാര്യ റെനീറ്റയുടെയും വാദങ്ങൾ ഇഡിക്ക് മുന്നിലുണ്ട്.
റെനീറ്റ കളവു പറയുന്നതായും തെളിവുകൾ മിനി അടക്കമുള്ള നശിപ്പിച്ചതായും ഇഡിക്ക് സംശയം വന്നാൽ ഇവരും ഇഡിയുടെ കസ്റ്റഡിയിലേക്ക് നീങ്ങാൻ സാധ്യത കൂടുന്നു. ബിനീഷിന്റെ ബന്ധുക്കളുടെ പ്രതിഷേധവും പൊലീസിന്റെയും ബാലാവകാശ കമ്മിഷന്റെ ഇടപെടലുകളും എല്ലാം ബിനീഷിനുള്ള ഉന്നത സ്വാധീനത്തിന്റെ തെളിവായി ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടിയാൽ ബിനീഷിനു ജാമ്യത്തിനുള്ള സാധ്യതകൾ കൂടി അടയും. കേസ് അട്ടിമറിക്കാൻ ബിനീഷ് ശ്രമിക്കും എന്നും ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടും. ഇതിനുള്ള തെളിവുകളും ഇന്നലത്തെ സംഭവത്തോടെ ഇഡിക്ക് ലഭിക്കുകയും ചെയ്തു. അനൂപിന്റെ കാർഡ് ആണെങ്കിൽ കാർഡ് കത്തിച്ചു കളയുമായിരുന്നു എന്ന മിനിയുടെ പരസ്യ പ്രതികരണം വിനയായതായി സിപിഎം വൃത്തങ്ങളും ഭരണ വൃത്തങ്ങളും കണക്കുകൂട്ടിയിട്ടുമുണ്ട്.
കാർഡ് കിട്ടിയതായി സ്റ്റേറ്റ്മെന്റിൽ ഒപ്പിടാൻ റെനീറ്റ വിസമ്മതിച്ചതോടെയാണ് റെയ്ഡ് നീണ്ടത്. അല്ലെങ്കിൽ സാധാരണ രാത്രി ഒൻപത് മണിക്ക് അവർ റെയ്ഡ് അവസാനിപ്പിക്കേണ്ടതാണ്. ക്രെഡിറ്റ് കാർഡ് വീട്ടിൽ നിന്നും കണ്ടെടുത്തു എന്ന് ഒപ്പിടാൻ റെനീറ്റ വിസമ്മതിച്ചതോടെ റെയ്ഡ് നീണ്ടു. വിവാദങ്ങൾക്ക് തിരി കൊളുത്തുകയും ചെയ്തു. ഡിജിറ്റൽ എവിഡൻസ് ആണ് കാർഡിനു ഉള്ളത്. ട്രാൻസാക്ഷൻ നോക്കിയാൽ പെട്ടെന്ന് കാർഡിന്റെ ഉപയോഗം എവിടെ നിന്നൊക്കെ എന്ന് കണ്ടുപിടിക്കാൻ കഴിയും. റെനീറ്റ ഈ കാർഡ് ഉപയോഗിച്ചെങ്കിൽ അതും ഇഡിക്ക് മനസിലാക്കാൻ കഴിയും. അങ്ങനെ ഒരു സംഭവം വന്നാൽ കുരുക്കുകൾ ഭാര്യാ ബന്ധുക്കളിലേക്കും നീങ്ങും. ബംഗളൂരിൽ മാത്രം പർച്ചേസ് ചെയ്ത കാർഡ് തിരുവനന്തപുരത്ത് വീട്ടിൽ നിന്നും ലഭിച്ച് എന്ന് പറയുമ്പോൾ അത് കോടതിയിൽ തെളിവായി നിലനിൽക്കില്ല. അതുകൊണ്ട് തന്നെ കോടതിയിൽ അനായാസം തള്ളിപ്പോകുന്ന ഒരു തെളിവ് സൃഷ്ടിക്കാൻ ഇഡി ശ്രമിക്കില്ല എന്നാണ് അറിയാൻ കഴിയുന്നത്.
ഇഡി കളിച്ച് ഗെയിം ഓഫ് ചെസിൽ ബിനീഷിന്റെ കുടുംബങ്ങൾ ചെന്ന് ചാടുകയും ചെയ്തു. ഈ രീതിയിൽ ഒരു കാർഡ് ലഭിച്ചാൽ ഞങ്ങൾ അത് കത്തിച്ചു കളയില്ലേ എന്നാണ് റെനീറ്റയുടെ മാതാവ് മിനി പരസ്യമായി ചാനലുകളിൽ ചോദിച്ചത്. ഇത് തന്നെ ബിനീഷിനു വൻ തിരിച്ചടിയാണ്. റെനീറ്റയും മാതാവും തെളിവ് നശിപ്പിച്ചതായി സംശയം വന്നാൽ ഇഡിക്ക് ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാം. ബാലാവകാശ കമ്മിഷനും പൊലീസിനും നോക്കി നിൽക്കേണ്ടിയും വരും. ഇഡിയുടെ ഗെയിമിൽ ബിനീഷിന്റെ കുടുംബം അകപ്പെട്ടതായാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വിരൽ ചൂണ്ടിയത്.
മറുനാടന് മലയാളി ബ്യൂറോ