തിരുവനന്തപുരം: ഏറെ വിപ്ലവകരമായ മാറ്റമായിരിക്കും ക്യാഷ്ലെസ് എക്കോണമി എന്നതിലൂടെ നടപ്പിലാവുക എന്ന പ്രചരണത്തിനൊപ്പം തന്നെ ഉന്നയിക്കപ്പെട്ട ചോദ്യമായിരുന്നു എത്രത്തോളം സുരക്ഷിതമാണ് ഓൺലൈൻ പണമിടപാടുകളെന്ന്.

ക്രെഡിറ്റ് കാർഡ് ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഒ.ടി.പി നമ്പറും ഷെയർ ചെയ്യാതെ 51,220 രൂപ നഷ്ടപെട്ടതിന്റെ കഥയാണ് തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ ശ്രീജിത്.എസ്.‌നായർക്ക് പറയാനുള്ളത്. ഇക്കഴിഞ്ഞ മാസം 15ന് ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നും 6 തവണയായിട്ടാണ് ശ്രീജിത്തിന് ഇത്രയും തുക നഷ്ടമായിരിക്കുന്നത്.

നവംബർ 15ന് രാത്രി 10.25 മുതൽ 10.30 വരെയാണ് ആറ് തവണയായി ശ്രീജിത്തിന് പണം നഷ്ടമായത്. നാല് തവണ ഡൽഹിയിൽ നിന്നും രണ്ട് തവണ മുംബൈയിൽ നിന്നും ഉള്ള സ്ഥാപനങ്ങളിലേക്കാണ് ബില്ലായി തുക പിൻവലിച്ചിരിക്കുന്നത്. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ഇതേ ക്രെഡിറ്റ് കാർഡ് ബ്ലോക്കാവുകയും ചെയ്തിരുന്നു. പിന്നീട് നടത്താൻ ശ്രമിച്ച ട്രാൻസാക്ഷനുകൾ പൂർത്തിയാക്കാനായില്ലെന്നും മെസ്സേജ് ലഭിച്ചു.

തന്റെ അറിവോ സമ്മതമോ ഇല്ലാതെയും ഒ.ടിപി വന്ന മെസ്സേജ് ആരുമായും ഷെയർ ചെയ്യാതിരുന്നിട്ടുമാണ് ഇത്രയും പണം നഷ്ടമായതെന്ന് ശ്രീജിത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു.

പണം നഷ്ടമായതിന് പിന്നാലെ എസ്‌ബിഐയുടെ റീജയണൽ ഹെഡ് ഓഫീസായ സ്റ്റാച്യു ശാഖയിൽ എത്തി കാര്യം പറഞ്ഞപ്പോഴും മോശമായ അനുഭവമാണ് ഉണ്ടായതെന്നും പരാതിയുണ്ട്. തനിക്ക് പണം നഷ്ടപ്പെട്ട വിവരം പറഞ്ഞപ്പോൾ എത് തുക നഷ്ടമായി എന്ന് ചോദിച്ച ബാങ്ക് അധികൃതർ നൽകിയ മറുപടി ഓ! അത്രയും തുക അല്ലേ നഷ്ടമായുള്ളു എന്നാണ്.

ഇത്ര ലാഘവത്തോടെ സംസാരിക്കുന്നത് അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടി ദിവസേന ഇതിലും കൂടുതൽ തുക നഷ്ടമായി എന്ന പരാതി ലഭിക്കാറുണ്ടെന്നാണ് ബാങ്കിൽ നിന്നും ലഭിച്ച മറുപടി. ഈ പറഞ്ഞ കാര്യങ്ങൾ ഒരു സ്റ്റേറ്റ്മെന്റ് ആയി എഴുതി നൽകാമോ എന്ന ചോദ്യത്തിന് മറുപടി പറയാതെ പണം നഷ്ടപ്പെട്ടതിന്റെ സ്ഥിരീകരണം നൽകുകയായിരുന്നു അധികൃതർ. ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്നും ശ്രീജിത്ത് പറയുന്നു.

വിഷയത്തെ നിയമപരമായി തന്നെ നേരിടാനാണ് ഇപ്പോൾ ശ്രീജിത്ത് തീരുമാനിച്ചിരിക്കുന്നത് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലും, സിറ്റി പൊലീസ് കമ്മീഷണർക്കും സൈബർസെല്ലിനും വിഷയം ചൂണ്ടിക്കാണിച്ച് പരാതി നൽകിയിരിക്കുകയാണ് ഇപ്പോൾ. എന്തായാലും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഓൺലൈൻ പണമിടപാടുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതാണ് ഈ സംഭവം.