കോട്ടയം: കേരളത്തിന് അനുവദിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നഷ്ടമാകാൻ സാധ്യത. ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരം കേരളത്തിൽ നടത്താൻ ആവശ്യപ്പെടാൻ കെസിഎ തീരുമാനിച്ചിരുന്നു. എന്നാൽ ഓസ്‌ട്രേലിയയുടെ മത്സരം കേരളത്തിന് അനുവദിക്കാനാവില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് മത്സരത്തിൽ മഴയുടെ ആശങ്കയുണ്ടെന്ന് കെസിഎ അറിയിച്ചാൽ മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റുമെന്ന് ബിസിസിഐ ഉന്നതൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. കെസിഎയ്ക്കുള്ളിലെ ഭിന്നതയാണ് ഇതിന് കാരണമെന്ന് ബിസിസിഐ തിരിച്ചറിയുന്നു. ഇത്തരമൊരു അസോസിയേഷന് മത്സരം അനുവദിച്ചാൽ അത് കളിയെ ബാധിക്കുമെന്ന ആശങ്കയാണ് ബിസിസിഐയ്ക്കുള്ളത്.

വെസ്റ്റ് ഇൻഡീസ്-ഇന്ത്യാ ഏകദിനം തിരുവനന്തപുരത്ത് നടത്തുമെന്ന് ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത് കെസിഎയായിരുന്നു. ഇത് അടുത്ത ദിവസം കെസിഎ സെക്രട്ടറി ജയേഷ് ജോർജ് മാറ്റി പറഞ്ഞു. ഇതോടെയാണ് വിവാദം ഉണ്ടായത്. കൊച്ചിയിൽ ഫുട്‌ബോൾ ടർഫ് സംരക്ഷിക്കണമെന്ന ആവശ്യവും ചർച്ചയായി. ഇതിനിടെ തിരുവനന്തപുരത്തിന് അനുവദിച്ച വേദി കൊച്ചിയിലേക്ക് മാറ്റിയത് ശശി തരൂർ എംപി ചോദ്യം ചെയ്തു. സച്ചിൻ തെണ്ടുൽക്കറും കൊച്ചിയിലെ മത്സരത്തിനെ എതിർത്തു. സച്ചിന് പിച്ചിനെ കുറിച്ച് ഒന്നും അറിയില്ലെന്ന പരിഹാസവുമായി ജയേഷ് ജോർജ് നേരിട്ടു. പക്ഷേ സർക്കാരിന്റെ നിലപാട് തിരുവനന്തപുരത്തിന് അനുകൂലമായതോടെ കളി ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടത്താമെന്ന് സമ്മതിച്ചു. അതിന് ശേഷവും തിരുവനന്തപുരത്ത് കളി നടത്താനാവില്ലെന്ന നിലപാടിലാണ് ജയേഷ് ജോർജ്.

നവംബറിൽ കൊച്ചിയിൽ ക്രിക്കറ്റ് നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഐഎസ്എൽ സീസണാണ് ഇതിന് കാരണം. എന്നാൽ ഫെബ്രുവരിൽ പ്രശ്‌നമൊന്നുമില്ല. അതിനാൽ ഓസ്‌ട്രേലിയയ്ക്കായി വാദമുയർത്താനാണ് ജയേഷിന്റെ നീക്കം. എന്തു വന്നാലും തിരുവനന്തപുരത്ത് ക്രിക്കറ്റ് കൊണ്ടു വരില്ലെന്ന നിലപാടിലാണ് ചില കെസിഎ നേതാക്കൾ. ഇപ്പോഴത്തെ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതാണ്. ലോധാ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കിയാൽ ഇവരൊന്നും ഭാരവാഹിയായി ഉണ്ടാകില്ല. ഇത് തിരിച്ചറിഞ്ഞാണ് കൊച്ചിയിലേക്ക് കളിമാറ്റാനുള്ള കള്ളക്കളി. കൊച്ചയിലാണെങ്കിൽ ജില്ലാ അസോസിയേഷന്റെ പേരുപറഞ്ഞ് സംഘടകനായി വിലസാം. അതിന് വേണ്ടി മാത്രമാണ് എല്ലാ ആധുനിക സംവിധാനവുമുള്ള ഗ്രീൻ ഫീൽഡിനെ തഴയാൻ കെസിഎ മുന്നിൽ നിൽക്കുന്നതെന്നാണ് ഉയരുന്ന വാദം.

നവംബർ-ഡസിംബർ മാസത്തിൽ മഴ പെയ്യാനുള്ള സാധ്യത കേരളത്തിൽ വളരെ കുറവാണ്. ഇടവപാതിയും തുലാവർഷവുമാണ് കേരളത്തിൽ മുൻകൂട്ടി പ്രവചിക്കാനാവുന്ന കലാവർഷം. ഇതൊന്നും നവംബറിൽ കേരളത്തിൽ എത്തുകയില്ല. എന്നിട്ടും നവംബറിൽ മഴയുണ്ടാകുമെന്ന ആശങ്ക പടർത്തുന്നത് വ്യക്തമായ ഉദേശത്തോടെയാണ്. നവംബറിൽ സംസ്ഥാനത്തു മഴക്കാലമാണെന്ന് കെസിഎ മാത്രമേ പറയൂ. ഇതുമൂലം കളി തടസപ്പെടാൻ സാധ്യതയുണ്ടെന്ന വാദം ഇന്ത്യ-വിൻഡീസ് മത്സരം ഇല്ലാതാക്കാൻ വേണ്ടി മാത്രമാണ്. ഇത്തരത്തിലൊരു കത്ത് കെസിഎ അയച്ചാൽ കേരളത്തിന്റെ അന്താരാഷ്ട്ര മത്സരം തന്നെ നഷ്ടമാകും. ഏത് മാസവും മഴ എത്താം. അതുകൊണ്ട് തന്നെ മഴയെ പഴിക്കുന്നത് ശരിയല്ല. മഴക്കാലത്ത് ഗ്രീൻ ഫീൽഡിലാണെങ്കിൽ മത്സരം നടക്കാനുള്ള സാധ്യത കൂടുതലാണെന്നും കെസിഎയിലുള്ളവർ തന്നെ പറയുന്നു.

ഓസ്‌ട്രേലിയൻ ടീമിന്റെ പര്യടനവേദികൾ സംബന്ധിച്ച് ഇതിനകം തീരുമാനമായിട്ടുണ്ട്. വേദി ലഭിച്ച അസോസിയേഷനുകൾ സമ്മതിച്ചാൽ മാത്രമേ ഇനി കേരളത്തിനു സാധ്യത തെളിയൂ. ഇന്ത്യ-വിൻഡീസ് മത്സരം വിട്ടു കൊടുത്തു ഫെബ്രുവരിയിലെ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം വാങ്ങാനുള്ള നീക്കം ഈ സാഹചര്യത്തിൽ കൂടിയാണ് സംശയാസ്പദമാകുന്നത്. ആരും ഓസ്‌ട്രേലിയയുമായുള്ള മത്സരം വിട്ടുകൊടുക്കാൻ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഈ നീക്കം കേരളത്തിൽ നിന്ന് മത്സരത്തെ അകറ്റാനുള്ള നീക്കമാണെന്നാണ് വിലയിരുത്തൽ. ഇന്നലെ കുമരകത്തു ചേർന്ന കെ.സി.എ. വാർഷിക പൊതുയോഗത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടു ബി.സി.സി.ഐയെ സമീപിക്കാൻ തീരുമാനിച്ചു.

ബി.സി.സിഐ കേരളത്തിന് അനുവദിച്ച ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന മത്സരം ഏറ്റെടുക്കുന്നതിൽനിന്നു പിന്നോട്ടുപോകാനാണു കെ.സി.എയുടെ നീക്കം. ഓസ്ട്രേലിയൻ പര്യടനത്തിലെ അഞ്ച് ഏകദിനങ്ങൾ ഉൾപ്പെടെ ഏഴു മത്സരങ്ങളുടെ വേദി സംബന്ധിച്ച് അന്തിമ തീരുമാനം ബി.സിസിഐ എടുത്തു കഴിഞ്ഞതിനാൽ കേരളത്തിനു വേദി ലഭിക്കാനുള്ള സാധ്യത തീരെയില്ല. 2019 ഫെബ്രുവരി 24 ന് മൊഹാലിയിലും 27ന് ഹൈദരാബാദിലും മാർച്ച് രണ്ടിനു നാഗ്പൂർ, അഞ്ചിന് ഡൽഹി, എട്ടിനു റാഞ്ചി എന്നിവിടങ്ങളിലാണു മത്സരങ്ങൾ. 10,13 തീയതികളിലായി യഥാക്രമം ബംഗളുരുവിലും വിശാഖപ്പട്ടണത്തുമാണ് ട്വന്റി20 മത്സരങ്ങൾ.

നവംബറിലെ ഏകദിനം വിട്ടുകൊടുത്താൽ അടുത്ത ഏകദിനത്തിനായി കാത്തിരിക്കണം. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ നടത്താനുള്ള സൗകര്യങ്ങൾ പോരെന്നാണു കെ.സി.എയുടെ നിലപാട്.