അഡ്ലെയ്ഡ്: അഡ്ലൈയ്ഡ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 90 റൺസ് വിജയ ലക്ഷ്യം. ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർന്നു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 9 വിക്കറ്റിന് 36 റൺസെടുത്തു. പരിക്കേറ്റ മുഹമ്മദ് ഷാമി പിന്മാറിയോതോടെയാണ് ഇന്ത്യൻ ഇന്നിങ്‌സ് അവസാനിച്ചത്. ഹെയ്സൽവുഡും പാറ്റ് കമ്മിൻസും ചേർന്നാണ് ഇന്ത്യയെ വരിഞ്ഞു കെട്ടിയത്. ഹെയ്‌സൽ വുഡ് അഞ്ചുവിക്കറ്റ് എടുത്തു.

ഒരു വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ പാറ്റ് കമ്മിൻസ് തിരിച്ചടി നൽകി. ആദ്യം നൈറ്റ് വാച്ച്മാൻ ജസ്പ്രീത് ബുംറയെ (2) പുറത്താക്കിയ കമ്മിൻസ് പിന്നാലെ ചേതേശ്വർ പൂജാര (0), വിരാട് കോലി (4) എന്നിവരെ മടക്കി. തന്റെ ആദ്യ ഓവറിൽ തന്നെ മായങ്ക് അഗർവാളിനെയും (9) അജിങ്ക്യ രഹാനെയേയും (0) മടക്കിയ ജോഷ് ഹെയ്‌സൽവുഡും ഇന്ത്യയെ ഞെട്ടിച്ചു. പിന്നാലെ തുരുതുരാ വിക്കറ്റു വീണു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ ഇന്നിങ്സ് സ്‌കോറാണ് ഇത്.

നേരത്തെ ആദ്യ ഇന്നിങ്‌സിൽ 53 റൺസിന്റെ വിലപ്പെട്ട ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസെന്ന നിലയിലായിരുന്നു. നാലു റൺസെടുത്ത പൃഥ്വി ഷായുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. മായങ്ക് അഗർവാൾ, ക്യാപ്റ്റൻ വിരാട് കോലി എന്നിവരായിരുന്നു ക്രീസിൽ. എല്ലാ വിക്കറ്റുകളും അതിവേഗം ഓസീസ് ബൗളർമാർ നേടി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 244-ന് എതിരേ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 191 റൺസിന് പുറത്തായിരുന്നു.

99 പന്തിൽ നിന്ന് 10 ഫോറുകളടക്കം 73 റൺസോടെ പുറത്താകാതെ നിന്ന ക്യാപ്റ്റൻ ടിം പെയ്‌നാണ് ഓസീസ് സ്‌കോർ 191-ൽ എത്തിച്ചത്. 119 പന്തുകൾ നേരിട്ട് 47 റൺസെടുത്ത മാർനസ് ലബുഷെയ്ൻ മാത്രമാണ് പിന്നീട് ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ പിടിച്ചു നിന്നത്. ഇന്ത്യൻ ഫീൽഡർമാരുടെ മോശം പ്രകടനം ഇല്ലായിരുന്നെങ്കിൽ 100 റൺസിനു മുകളിലുള്ള ലീഡ് ഇന്ത്യ സ്വന്തമാക്കുമായിരുന്നു. നാലു വിക്കറ്റെടുത്ത ആർ. അശ്വിനാണ് ഓസീസിനെ തകർത്തത്. ഉമേഷ് യാദവ് മൂന്നു വിക്കറ്റുമായി തിളങ്ങിയപ്പോൾ ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റ് വീഴ്‌ത്തി. എടുത്തുപറയത്തക്ക കൂട്ടുകെട്ടുകളൊന്നും തന്നെ ഓസീസ് ഇന്നിങ്‌സിലുണ്ടായില്ല.

മാത്യു വെയ്ഡ് (8), ജോ ബേൺസ് (8), സ്റ്റീവ് സ്മിത്ത് (1), ട്രാവിസ് ഹെഡ് (7), കാമറൂൺ ഗ്രീൻ (11), പാറ്റ് കമ്മിൻസ് (0), മിച്ചൽ സ്റ്റാർക്ക് (15), നഥാൻ ലിയോൺ (10), ഹെയ്‌സൽവുഡ് (8) എന്നിവരാണ് പുറത്തായത്.