കൊച്ചി: കേരളപ്പിറവി സമ്മാനമായി ലഭിച്ച ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരം കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടത്താനുള്ള തീരുമാനത്തെ വിമർശിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇയാൻ ഹ്യൂം രംഗത്ത്. തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോൾ കൊച്ചിയിലെ ഫുട്‌ബോൾ സ്റ്റേഡിയം തെരഞ്ഞെടുത്തത് എന്തിനാണെന്നും ക്രിക്കറ്റ് സ്റ്റേഡിയത്തിനായി ഗ്രൗണ്ടിൽ മാറ്റം വരുത്തിയാൽ ഇത് പഴയ രീതിയിലാക്കാൻ ഏറെ പ്രയാസമാണെന്നും ഹ്യൂം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ ഞാൻ കൊച്ചിയിലുണ്ടായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന ക്രിക്കറ്റ് സ്റ്റേഡിയം ഫുട്‌ബോൾ മത്സരത്തിനായി സജ്ജമാക്കാൻ 6-8 ആഴ്ചകൾ വേണ്ടിവന്നു. അതിനായി ഏറെ പ്രയാസപ്പെടേണ്ടിവന്നു. ഇപ്പോഴും ഒരു ഫുട്്‌ബോൾ ഗ്രൗണ്ടിനുവേണ്ട പല ഗുണങ്ങളും ഇതിനില്ല. എന്നിരുന്നാലും അണ്ടർ 17 ലോകകപ്പിനായും ഇന്ത്യൻ സൂപ്പർ ലീഗിനായും ഗ്രൗണ്ട് സജ്ജമാക്കാൻ ചെലവഴിച്ച പണം മുഴുവൻ ഒരു ക്രിക്കറ്റ് മത്സരത്തിനായി പാഴാക്കുന്നു. കേരളം മാത്രമല്ല, ഇന്ത്യക്കാർ മുഴുവൻ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നു. പക്ഷേ, തിരുവനന്തപുരത്ത് ക്രിക്കറ്റിനു മാത്രമായി ഒരു സ്റ്റേഡിയമുള്ളപ്പോൾ, എന്തിനാണ് ഒരു ക്രിക്കറ്റ് മത്സരത്തിനു മാത്രമായി വർഷങ്ങൾ സമയമെടുത്ത് സജ്ജീകരിച്ച ഗ്രൗണ്ട് കുത്തിപ്പൊളിക്കുന്നത്- ഹ്യൂം പറഞ്ഞു. ഒരു ഫുട്‌ബോൾ മത്സരം മാത്രം നടത്താനായി കോൽക്കത്തയിലെ ഈഡൻ ഗാർഡൻ ഗ്രൗണ്ട് കുത്തിപ്പൊളിക്കുമോയെന്നും ഹ്യൂം ചോദിക്കുന്നു.

ഇന്ത്യ-വെസ്റ്റിൻഡീസ് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരം കൊച്ചിയിൽ നടക്കും. കലൂർ സ്റ്റേഡിയത്തിലായിരിക്കും മൽസരം. കെസിഎയും, സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം ധാരണയിലായത്. ഈ വർഷം അവസാനത്തോടെ നടക്കുന്ന ഇന്ത്യ-വിൻഡീസ് പരമ്പരയിലെ അഞ്ചാം ഏകദിന മത്സരത്തിനാണ് കലൂർ സ്റ്റേഡിയം വേദിയാകുന്നത്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.

നേരത്തെ തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയവും മത്സരം നടത്താൻ പരിഗണിച്ചിരുന്നു. എന്നാൽ കേരള ക്രിക്കറ്റ് അസോസിയേഷനും സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ.യും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് വേദി കൊച്ചിയാക്കാൻ തീരുമാനമായത്.

മത്സരത്തിനുള്ള എല്ലാ സൗകര്യവും ഒരുക്കാമെന്ന് ജിസിഡിഎ ഉറപ്പുനൽകിയിട്ടുണ്ട്. ആകെ മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ടിട്വന്റിയുമാണ് വിൻഡീസിന്റെ ഇന്ത്യ പര്യടനത്തിലുള്ളത്. കഴിഞ്ഞ വർഷം നവംബർ ഏഴിന് നടന്ന ഇന്ത്യ-ന്യൂസിലൻഡ് ടിട്വന്റി മത്സരത്തിന് പിന്നാലെയാണ് വീണ്ടും ഒരു അന്താരാഷ്ട്ര മത്സരം കേരളത്തിലെത്തുന്നത്. അന്ന് മത്സരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു. കലൂർ ജവഹൽ ലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് നാല് വർഷങ്ങൾക്ക് ശേഷമാണ് ഒരു അന്താരാഷ്ട്ര മത്സരം എത്തുന്നത്. 2014-ലാണ് അവസാനമായി ഒരു ഏകദിന മത്സരത്തിന് കൊച്ചി വേദിയായത്. അന്നും ഇന്ത്യയും വിൻഡീസും തമ്മിലായിരുന്നു മത്സരം.

ജിസിഡിഎ സ്റ്റേഡിയം വിട്ടുകൊടുക്കാൻ തയ്യാറായതോടെ, അന്താരാഷ്ട്ര മൽസരത്തിന് വേണ്ടി അത് ഒരുക്കിയെടുക്കുക എന്നത് കെസിഎയ്ക്ക് വെല്ലുവിളിയായി മാറി.അണ്ടർ 17 ലോകകപ്പിനായി സ്റ്റേഡിയം ഒരുക്കിയപ്പോൾ വന്ന മാറ്റങ്ങളാണ് കാരണം.