കൊച്ചി: ഞാനെന്നല്ല, ഒരു കളിക്കാരനും ക്രിക്കറ്റിനേക്കാൾ വലുതല്ലെന്നു സച്ചിൻ ടെൻഡുൽക്കർ. തന്റെ ഹൃദയത്തിലാണ് ക്രിക്കറ്റിന്റെ സ്ഥാനമെന്നും സച്ചിൻ പറഞ്ഞു.

കൊച്ചിയിൽ ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷൻ ഇന്ത്യ ചാപ്റ്ററിന്റെ രജത ജൂബിലി സമ്മേളനത്തിൽ സംസാരിക്കവെയാണു സച്ചിൻ മനസുതുറന്നത്.

വിജയത്തിലേയ്ക്ക് ഒരിക്കലും കുറുക്കുവഴികളില്ലെന്നും സച്ചിൻ പറഞ്ഞു. എന്റെ ക്രിക്കറ്റ് കരിയർ നൽകുന്ന പാഠമിതാണ്. പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി കഠിനമായി യത്‌നിക്കുക. ഒരിക്കലും കുറുക്കുവഴികളെ കൂട്ടുപിടിക്കരുത്. മാനസികമായി എന്നെ ശക്തനാക്കിയത് പരിശീലനമാണ്. വിജയത്തിലേയ്ക്ക് കുറുക്കുവഴികളില്ലെന്ന് എന്നെ പഠിപ്പിച്ചതും കഠിനമായ ഈ പരിശീലനങ്ങളാണ്.

ക്രിക്കറ്റിനെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും കുട്ടിക്കാലം മുതൽ ഞാൻ ചിന്തിച്ചിരുന്നില്ല. ക്രിക്കറ്റ് സ്വാഭാവികമായി എന്നിൽ വളർന്നു വരികയായരുന്നു. ജീവിതത്തിൽ ശരിയായ ആൾക്കാരെ കണ്ടുമുട്ടാനായതാണ് എന്റെ കരിയറിനെ ഇന്നത്തെ നിലയിൽ വളർത്തിയതെന്നും സച്ചിൻ പറഞ്ഞു.

ഒരിക്കലും പുകയില ഉൽപ്പന്നങ്ങളുടെയോ മദ്യത്തിന്റെയോ പരസ്യത്തിൽ അഭിനയിക്കില്ലെന്നും സച്ചിൻ പറഞ്ഞു. ഇതെനിക്ക് എന്റെ അച്ഛൻ നൽകിയ ഉപദേശമാണ്. ഒരിക്കലും അതിൽ നിന്ന് വ്യതിചലിക്കില്ലെന്നും സച്ചിൻ വ്യക്തമാക്കി.

ഐഎഎ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം കൊച്ചിയിൽ പനങ്ങാട്ട് പുതുതായി വാങ്ങിയ വീട്ടിലും സച്ചിൻ എത്തി. പനങ്ങാട് പ്രൈം മെറിഡിയന്റെ കായലോര പ്രോജക്ടായ ബ്ലൂ വാട്ടേഴ്‌സിലെ 5000 സ്‌ക്വയർ ഫീറ്റിൽ സ്ഥിതിചെയ്യുന്ന വില്ലയാണ് സച്ചിന്റെ വീട്. ഇവിടവച്ചും സച്ചിൻ മാദ്ധ്യമങ്ങളോടു സംസാരിച്ചു.