സ്വോർഡ്സ്: സ്വോർഡ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സ്വോർഡ്സ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഫിങ്ലസ് വെസ്റ്റ് ടീം വിജയികളായി. ഫൈനലിൽ കരുത്തരായ ലുക്കൻ ക്രിക്കറ്റ് ക്ലബിനെയാണ്( LCC) ഫിങ്ലസ് വെസ്റ്റ് ടീം പരാജയപ്പെടുത്തിയത്. ഡോണാബേറ്റിലെ ന്യൂ ബ്രിഡ്ജ് പാർക്കിൽ ഉള്ള ക്ലബ്ബിന്റെ ഗ്രൗണ്ടിൽ വച്ച് നടന്ന വാശിയേറിയ മത്സരത്തിൽ അയർലണ്ടിലെ പന്ത്രണ്ടോളം പ്രമുഖ ടീമുകൾ മാറ്റുരച്ചു.

നേരത്തെ ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ഫിൻഗാൾ മേയർ ഡാരൻ ബട്‌ലർ നിർവഹിച്ചു. ടൂർണമെന്റിന്റെ നടത്തിപ്പിലും കൂട്ടായ്മയിലും അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും നൽകി.ഫിങ്ലസ് വെസ്റ്റ് ടീമിന്റെ അങ്കൂർ ശർമ്മ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാൻ ആയി ലൂക്കൻ ക്രിക്കറ്റ് ക്ലബ്ബിലെ നീം ഹസ്റത്തിനെയും, മികച്ച ബൗളറായി ഫിങ്ലസ് വെസ്റ്റ് ടീമിന്റെ മുഹമ്മദ് അബ്ദുള്ളയെയും തിരഞ്ഞെടുത്തു. മികച്ച ക്യാച്ചിനുള്ള അവാർഡ് സ്വോർഡ്സ് ടീമിലെ ലെസ്ലി അഗസ്റ്റിൻ കരസ്ഥമാക്കി.

ടൂർണമെന്റ് വിജയിപ്പിക്കാൻ സഹകരിച്ച ഏവർക്കും നന്ദി രേഖപ്പെടുത്തുന്നതായി കോഓർഡിനേറ്റർ പവൽ കുര്യാക്കോസും മറ്റു ഭാരവാഹികളും അറിയിച്ചു.