എഡ്മന്റൺ: എഡ്മന്റണിലെ കോസ്മോപോളിറ്റൻ ക്ലബിന്റെ വാർഷിക പരിപാടിയായ എഡ്മന്റൺ കോസ്മോപോളിറ്റൻ മേള ഓഗസ്റ്റ് 12,13 തീയതികളിലായി നടന്നു. കഴിഞ്ഞവർഷങ്ങളിലെ പോലെ തന്നെ ക്രിക്കറ്റ് ടൂർണമെന്റിനൊപ്പം ഈവർഷം കുട്ടികൾക്കായുള്ള സോക്കർ ക്യാമ്പും വടംവലി മത്സരവും ഉൾപ്പെടുത്തിക്കൊണ്ട് മേള വിപുലമാക്കി. ഓഗസ്റ്റ് 12-ന് കുട്ടികൾക്കായുള്ള സോക്കർ കോച്ചിങ് ക്യാമ്പും ടൂർണമെന്റും നടത്തി.

രാവിലെ ഫിറ്റ്നസ് ട്രെയിനറായ റബേക്ക ഗോൾബർഗ് സ്പോർട്സിനു വേണ്ട ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുകയും പ്രാഥമികമായ വ്യായാമ മുറകൾ പരിശീലിപ്പിക്കുകയും ചെയ്തു. തുടർന്ന് കോച്ചിങ് ക്യാമ്പിനെത്തിയ അമ്പതോളം കുട്ടികളെ വിവിധ ടീമുകളായി തിരിച്ച് സോക്കർ മത്സരങ്ങൾ ആരംഭിച്ചു. സോക്കർ പരിശീലനത്തിന് മുൻതൂക്കം നൽകിയ മത്സരങ്ങളിൽ, അതുകൊണ്ടു തന്നെ സ്‌കോർ നിലവാരം രേഖപ്പെടുത്തിയില്ല. ക്യാമ്പിന്റെ അവസാനം പങ്കെടുത്ത എല്ലാ കുട്ടികൾക്കും ലഘുഭക്ഷണം കൂടാതെ 75 ഡോളറിൽ കൂടുതൽ വിലയുള്ള സമ്മാനങ്ങളും നൽകി. സേവ് ഓൺ ഫുഡ്സ്, സെർവ്സ്, തൗസണ്ട് സ്പൈസസ്, ജനോടെക്, വെസ്റ്റ് എഡ്മന്റൺ മാൾ എന്നിവയായിരുന്നു മുഖ്യ സ്പോൺസർമാർ.

എഡ്മന്റണിലെ മലയാളി ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 13-ന് കൊറോണേഷൻ പാർക്കിലാണ് നടന്നത്. ആലപ്പി ഓൾഡ് മങ്ക്സ്, പത്തനംതിട്ട പാന്തേഴ്സ്, പത്തനംതിട്ട സ്ട്രൈക്കേഴ്സ്, കൊച്ചി കാസാ, മലബാർ ടൈറ്റൻസ്, കൊല്ലം മഹാരാജാസ്, അനന്തപുരി വാരിയേഴ്സ്, കോട്ടയം അച്ചായൻസ് എന്നീ ടീമുകളാണ് ഏകദിന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ മത്സരിച്ചത്. 6 ഓവർ വീതമുള്ള ലീഗ് മത്സരങ്ങളിൽ നിന്നു നാലു ടീമുകൾ സെമിയിലെത്തി. തികഞ്ഞ പ്രൊഫഷണലിസത്തോടെ, വീറും വാശിയും നിറഞ്ഞ മത്സരങ്ങളിലൂടെ ഫൈനലിലേക്ക് കൊല്ലം മഹാരാജാസും, അനന്തപുരി വാരിയേഴ്സും ജയിച്ചുകയറി. കലാശപ്പോരാട്ടത്തിൽ തലസ്ഥാനത്തിന്റെ പെരുമയുമായി വന്നവർ വിജയികളായി.

ക്രിക്കറ്റ് മേളയ്ക്കുശേഷം കോസ്മോപോളിറ്റൻ ക്ലബ് ഇദംപ്രഥമമായി പ്രൊഫഷണൽ വടംവലി മത്സരം നടത്തപ്പെട്ടു. മലബാർ ടൈറ്റൻസ്, കൊല്ലം മഹാരാജാസ്, അനന്തപുരി വാരിയേഴ്സ്, മലബാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഷാജി പാപ്പാൻ & ടീം, എഡ്മന്റൺ കോസ്മോപോളിറ്റൻസ് എന്നീ ആറു ടീമുകളാണ് വടംവലി മത്സരത്തിൽ പങ്കെടുത്തത്. കായികശേഷിയും പേശീബലവും ടീമിന്റെ ഒത്തിണക്കവും ഒന്നിച്ചു പോരാടിയ മത്സരങ്ങൾക്കൊടുവിൽ കൊല്ലം മഹാരാജാസിനെ മുന്നോട്ടു വലിച്ചിട്ട് മലബാർ ആർട്സ് ആൻഡ് സ്പോട്സ് ക്ലബ് 500 ഡോളറും, ആട്ടിറച്ചിയും അരിച്ചാക്കും ഉൾപ്പെട്ട സമ്മാനം ഏറ്റുവാങ്ങി.

ഏറ്റവും കൂടുതൽ മലയാളികൾ പങ്കെടുക്കുന്ന എഡ്മന്റണിലെ കായികദിനമായിക്കഴിഞ്ഞു എഡ്മന്റൺ കോസ്മോപോളിറ്റൻ മേള. ഏതൊരു സമയത്തും 250-ലധികം ആളുകൾ പെരിവെയിലത്തും ചാറ്റൽ മഴയിലും ക്രിക്കറ്റും വടംവലിയും കാണാനുണ്ടായിരുന്നു. ക്ലബ് അംഗങ്ങൾ തന്നെ തയാറാക്കിയ രുചികരമായ കേരള ഭക്ഷണം ഗ്രൗണ്ടിൽ തയാറാക്കിയിരുന്നു.

പി.വി.ബി അറിയിച്ചതാണിത്.