- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രഞ്ജി ട്രോഫിയിൽ കേരളത്തിന് തോൽവി; പഞ്ചാബിനോട് എവേ മത്സരത്തിൽ തോറ്റത് പത്ത് വിക്കറ്റിന്; ഒരു മത്സരം മാത്രം ശേഷിക്കെ നോക്കൗട്ട് പ്രതീക്ഷകളും അസ്തമിച്ചു
മൊഹാലി: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് തോൽവി. 10 വിക്കറ്റിനാണ് ആതിഥേയരായ പഞ്ചാബിന്റെ വിജയം. 131 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യത്തിലെത്തുകയായിരുന്നു. 48 റൺസുമായി ജീവൻജോത് സിങ്ങും 69 റൺസടിച്ച ശുഭം ഗില്ലും പുറത്താകാതെ നിന്നു.
നേരത്തെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയടിച്ച മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തെ തകർച്ചയിൽ നിന്ന് കര കയറ്റിയത്. 168 പന്തിൽ നിന്ന് 12 ബൗണ്ടറികളും രണ്ടു സിക്സുമടക്കം 112 റൺസെടുത്ത അസ്ഹറുദ്ദീനെ ബാൽതേജ് സിങ് പുറത്താക്കുകയായിരുന്നു. വിഷ്ണു വിനോദ് 36ഉം രാഹുൽ പി 28ഉം റൺസ് അടിച്ചു. നാല് വിക്കറ്റെടുത്ത മായങ്ക് മർക്കാണ്ടേയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ സിദ്ധാർത്ഥ് കൗളും മൻപ്രീത് സിങ്ങ് ഗ്രെവാലും ബാൽതേജ് സിങ്ങും പഞ്ചാബിന്റെ ബൗളിങ്ങിൽ തിളങ്ങി. ആദ്യ ഇന്നിങ്സിൽ ആറു വിക്കറ്റെടുത്ത സിദ്ധാർത്ഥ് കൗളിന് രണ്ടിന്നിങ്സുമായി എട്ട് വിക്കറ്റായി.
വിജയത്തോടെ പഞ്ചാബിന് ഏഴു പോയിന്റായി. അതേസമയം ഈ തോൽവി കേരളത്തിന്റെ നോക്കൗട്ട് സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയാണ്. ഇനി ഹിമാചൽ പ്രദേശിനെതിരെ ഒരു മൽസരം കൂടി കേരളത്തിന് ബാക്കിയുണ്ട്. ഈ മൽസരം ജയിച്ചാലും മറ്റു ടീമുകളുടെ പ്രകടനത്തെ കൂടി ആശ്രയിച്ചായിരിക്കും കേരളത്തിന്റെ നോക്കൗട്ട് പ്രവേശം.