കാബൂൾ: അഫ്ഗാനിസ്താനിലെ ആറ് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തെന്ന റിപ്പോർട്ടുകൾക്കിടെ രാജ്യത്ത് സമാധാനം പുനഃ സ്ഥാപിക്കാൻ ലോകനേതാക്കൾ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് അഫ്ഗാൻ ക്രിക്കറ്റ് ടീം നായകൻ റാഷിദ് ഖാൻ. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് റാഷിദ് ഖാൻ ലോകനേതാക്കളുടെ ഇടപെടൽ അഭ്യർത്ഥിച്ചിരിക്കുന്നത്.

പ്രിയപ്പെട്ട ലോകനേതാക്കളെ, എന്റെ രാജ്യം ആകെ താറുമാറായി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറുക്കണക്കിന് നിരപരാധികളാണ് ദിവസവും മരിച്ചു വീഴുന്നത്. വീടുകളും സ്വത്തുക്കളും സ്‌കൂളുകളും പൊതുസ്ഥാപനങ്ങളും സേവനങ്ങളുമെല്ലാം ഓഫിസുകളുമെല്ലാം തകർക്കപ്പെപ്പെടുന്നു.

ആയിരക്കണക്കിന് കുടുംബങ്ങൾ വഴിയാധാരമായിരിക്കുന്നു. ഞങ്ങളെ ഈ ദുരന്തത്തിൽ ഉപേക്ഷിച്ചു പോവരുത്. ഈ ദുരന്തത്തിൽ നിന്ന് ഞങ്ങളെ കരകയറ്റു. അഫ്ഗാനിസ്ഥാനികളെ കൊല്ലുന്നതും അഫ്ഗാനെ തകർക്കുന്നതും നിർത്തിവെക്കു. എന്നായിരുന്നു റാഷിദ് ഖാൻ ഫേസ്‌ബുക്കിൽ കുറിച്ചത്.

സൈന്യവും താലിബാനും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ നടക്കുന്നത്. അമേരിക്കൻ സഖ്യസേന പിന്മാറിയതിനെത്തുടർന്ന് ഭരണം പിടിച്ചെടുക്കാനായി മെയ് മാസം മുതൽ അഫ്ഗാൻ സൈന്യവുമായി താലിബാൻ നടത്തുന്ന പോരാട്ടത്തിൽ നൂറുകണക്കിനാളുകളാണ് മരിച്ചത്. പോരാട്ടത്തിൽ അഫ്ഗാനിലെ പല തന്ത്രപ്രധാന മേഖലകളും നഗരങ്ങളും താലിബാൻ പിടിച്ചെടുത്തിരുന്നു.

വടക്കൻ മേഖലയിൽ സർക്കാർ നിയന്ത്രണത്തിലുള്ള പ്രധാന നഗരമായ മസർ ഇ ഷെരീഫ് ലക്ഷ്യമിട്ടാണ് താലിബാൻ, അഫ്ഗാൻ സൈന്യവുമായി ഇപ്പോൾ ഏറ്റുമുട്ടുന്നത്. നാലുഭാഗത്തു നിന്നും നഗരം ആക്രമിക്കുകയാണെന്ന് താലിബാൻ വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പടിഞ്ഞാറ് ഭാഗത്തുള്ള ഷെബർഗാനും കുണ്ടൂസും തലോഖാനും കഴിഞ്ഞ ദിവങ്ങളിൽ താലിബാൻ പിടിച്ചെടുത്തിരുന്നു.

താലിബാൻ ആക്രമണം രൂക്ഷമായതിന് പിന്നാലെ പതിനായിരക്കണക്കിന് ആളുകളാണ് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായത്. തുടർന്ന് താലിബാൻ ആക്രമണം അവസാനിപ്പിക്കാൻ അഫ്ഗാൻ സർക്കാർ ഇന്ത്യൻ വ്യോമസേനയോട് പിന്തുണ ആവശ്യപ്പെട്ടിരുന്നു.

ഓഗസ്റ്റ് 31 ഓടെ അമേരിക്ക സൈന്യത്തെ പൂർണമായും പിൻവലിക്കുന്നതോടെ താലിബാൻ അക്രമത്തിന്റെ തോത് വർദ്ധിപ്പിക്കുമെന്നാണ് അഫ്ഗാനിസ്താൻ ആശങ്കപ്പെടന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേന തങ്ങളുടെ വ്യോമസേനയുടെ പിന്തുണക്ക് എത്തണമെന്ന് അഫ്ഗാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.