കൊച്ചി: അഗ്രഷൻ എന്നത് കളിയുടെ ഭാഗം മാത്രമാണെന്ന് ശ്രീശാന്ത്. അഗ്രഷൻ ഒട്ടും വ്യക്തിപരമല്ലെന്നും ശ്രീശാന്ത് പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. സ്വീറ്റ് റിവഞ്ച് ആണല്ലോ എന്നൊക്കെ ചിലർ പറയുമെങ്കിലും അങ്ങനെ ഉള്ള മാനസികാവസ്ഥ ഒന്നും ഇപ്പോൾ ഇല്ലെന്നും താരം പറയുന്നു. പണ്ട് അങ്ങനെയൊക്കെ ഉണ്ടായിരുന്നെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടുന്നു.

ഈ തിരിച്ചുവരവ് തന്റെ പുനർജന്മമാണെന്നാണ് ശ്രീശാന്ത് പറയുന്നത്. കളിച്ചുകൊണ്ടിരിക്കുമ്പോൾ മരിക്കാൻ പോലും താൻ തയ്യാറാണ് എന്നതാണ് സത്യമെന്നും അത്രയ്ക്ക് ആഗ്രഹിച്ചുള്ള തിരിച്ചുവരവാണിതെന്നും താരം പറയുന്നു. ഏത് ഫോർമാറ്റിലാണ് കളിക്കാൻ താത്പര്യപ്പെടുന്നതെന്ന് മുൻപ് തന്നോട് ചിലർ ചോദിച്ചിരുന്നെന്നും എന്നാൽ അവരോട് താൻ പറഞ്ഞത് സഹാറ മരുഭൂമിയിൽ ദാഹിച്ചു വലയുന്ന മനുഷ്യനോട് കുടിക്കാൻ ജ്യൂസില്ല, വെള്ളം കൊണ്ട് തൃപ്തിപ്പെടണം എന്നുപറയും പോലെയാണ് എന്നോട് ഫോർമാറ്റിനെ കുറിച്ചൊക്കെ ചോദിക്കുന്നത് എന്നാണെന്നും ശ്രീശാന്ത് പറയുന്നു.

വാതുവെപ്പ് വിവാദത്തെ തുടർന്ന് വിലക്ക് നേരിടേണ്ടി വന്ന ശ്രീശാന്ത് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ തന്നെ കേരളത്തിനായി ശ്രീശാന്ത് വിക്കറ്റും സ്വന്തമാക്കിയിരുന്നു. പുതുച്ചേരി ഓപ്പണർ ഫാബിദ് അഹമ്മദിനെയാണ് ശ്രീശാന്ത് വിക്കറ്റിനു മുന്നിൽ കുടുക്കിയത്.

ഇന്ത്യൻ പ്രീമിയർ ലീഗ് വാതുവെപ്പ്​ വിവാദത്തെ തുടർന്ന്​ 2013ലാണ്​ രാജസ്​ഥാൻ റോയൽസ്​ താരങ്ങളായ അജിത്ത്​ ചന്ദില, അങ്കിത്​ ചവാൻ എന്നിവർക്കൊപ്പം ശ്രീശാന്തിനെ ബി.സി.സിഐ വിലക്കിയത്​. കഴിഞ്ഞ വർഷം ശ്രീയുടെ ആജീവനാന്ത വിലക്ക്​ ഏഴുവർഷമാക്കി കുറച്ചതിനെത്തുടർന്നാണ്​ മടങ്ങിവരവ്​ സാധ്യമായത്​​. ​