കേരളത്തിനുവേണ്ടി 47 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച രഞ്ജി താരം സച്ചിൻ ബേബിയുടെ വിവാഹത്തിന്റെ ക്ഷണപത്രമാണ് ഇപ്പോൾ യൂട്യൂബിൽ തരംഗമായിരിക്കുന്നത്.

സിനിമയുടെ മാതൃകയിൽ ഐപിഎല്ലിനും കേരള ക്രിക്കറ്റ് അസോസിയേഷനുമെല്ലാം നന്ദി അറിയിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. കേരളത്തിന്റെ സ്വന്തം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് ലൊക്കേഷൻ. ഇതിനുമുമ്പ് പലതവണ ഇറങ്ങിയതുപോലെ പാഡണിഞ്ഞ്, ബാറ്റേന്തി, റോയൽ ചലഞ്ചേഴ്സിന്റെ മുപ്പത്തിയാറാം നമ്പർ ജേഴ്സിയുമണിഞ്ഞാണ് സച്ചിൻ ഗ്രൗണ്ടിലെത്തിയത്.

ക്രീസിൽ നിലയുറപ്പിച്ച സച്ചിന് നേരെ പന്തെറിയാൻ ആർസിബി കുപ്പായമണിഞ്ഞ സച്ചിന്റെ പ്രതിശ്രുത വധു ഡോ. അന്ന ചാണ്ടി എത്തി. മുടി കോതിയൊതുക്കി ജേഴ്സിയുടെ കൈ തെറുത്ത് കയറ്റി ഓടിവന്ന അന്നയുടെ മീഡിയം പേസ് ബൗളിംഗിൽ സച്ചിൻ ക്ലീൻ ബൗൾഡ്. പുറത്തായ സച്ചിൻ നിലത്ത് മുട്ടുകുത്തി നിന്നു. നടന്നടുത്ത അന്ന സച്ചിന് നെറുകയിൽ ഒരു ചുംബനം സമ്മാനിച്ചു.

ജനുവരി അഞ്ചിന് നടക്കാനിരിക്കുന്ന ഇവരുടെ വിവാഹത്തിന്റെ ക്ഷണപത്രമാണ് സച്ചിൻ തെണ്ടുൽക്കറെയും ഐപിഎല്ലിനെയും റോയൽ ചലഞ്ചേഴ്സിനെയും കൂട്ടിയിണക്കി തയാറാക്കിയിരിക്കുന്നത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വച്ചായിരിക്കും വിവാഹം. ഒന്നര വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്.