യേശുക്രിസ്തുവിന്റെ അമ്മയായ മറിയം ഹസ്മോണിയൻ രാജകുമാരിയും സ്വപ്നാടനക്കാരിയായിരുന്നെന്നും യെരുശലേം ദേവാലയത്തിലെ മുഖ്യ പുരോഹിതനായിരുന്ന ഹെരോദാവിൽ മറിയ ഇരട്ടകുട്ടികൾക്കു ജന്മം നൽകിയതിൽ ഒരാളായിരുന്നു യേശു എന്നുതുടങ്ങി വിചിത്രമായ അനവധി കഥകൾ കോർത്തിണക്കിയും ക്രൈസ്തവ വിശ്വാസങ്ങളെ വികലമാക്കിയും കൊണ്ടു ലിജി മാത്യു എഴുതിയ 'ദൈവാവിഷ്ട്ടർ' എന്ന നോവലിനെക്കുറിച്ചു മറുനാടൻ മലയാളിയിൽ വായിക്കുവാൻ ഇടയായി. ക്യാമ്പസ് രാഷ്ട്രീയം പറയുന്ന സിനിമയെടുത്തു വിജയിക്കണമെങ്കിൽ നായകൻ കമ്മ്യൂണിസ്റ്റുകാരനാകണം എന്നതുപോലെയാണ് ഇന്നത്തെ പല എഴുത്തുകാരും ക്രിസ്തുവിനെ വിമർശിച്ചെഴുതുന്നത്.

വർഷങ്ങൾക്കുമുൻപ് കേരളത്തിലെ 17 സ്റ്റേജുകളിൽ അവതരിപ്പിച്ചു കുപ്രസിദ്ധി നേടിയ നാടകമായിരുന്നു പി.എം ആന്റണിയുടെ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവു' സ്പാർട്ടക്കസ്സ് എന്ന നാടകത്തിന്റെയും കസാൻദ്സാക്കീസിന്റെ 'ക്രിസ്തുവിന്റെ അന്ത്യ പ്രലോഭനം എന്ന കൃതിയെയും ആധാരമായെടുത്താണ് ആന്റണി സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യാനായിരുന്നു ആന്റണിയുടെ ആഹ്വാനം ഈ നാടകത്തിന്റെ ചുവരെഴുത്ത് ഇങ്ങിനെയായിരുന്നു ദൈവപുത്രനല്ലാത്ത യേശു, ഒറ്റുകാരനല്ലാത്ത യൂദാസ്, വേശ്യയല്ലാത്ത മറിയം,കൊള്ളക്കാരനല്ലാത്ത ബറാബാസ് എന്നായിരുന്നു. ബറബ്ബാസിനെക്കാൾ നീചനായിട്ടാണ് ക്രിസ്തുവിനെ അതിൽ അവതരിപ്പിച്ചത്.

ആ കാലത്തു ക്രിസ്തീയ സഭാ ബിഷപ്പുമാരുടെയും,സിനിമയിൽ പ്രമുഖ താരമായിരുന്ന ഉണ്ണിമേരിയുടേയും നേതൃത്വത്തിൽ തൃശൂർ തേക്കിൻകാട് മൈതാനത്തു വച്ച് ഈ നാടകത്തിനെതിരെ പടുകൂറ്റൻ റാലി നടത്തുകയുണ്ടായി. പൊലീസ് പ്രൊട്ടക്ഷനോടു കൂടെയായിരുന്നു മിക്കയിടങ്ങളിലും ഈ നാടകം അരങ്ങേറിയിരുന്നതു അവസാനം സുപ്രീം കോടതിവരെ ഇതിന്റെ കേസ്സു പോയെങ്കിലും നാടകം നിരോധിക്കാനായിരുന്നു കോടതി വിധി. എഴുത്തുകാർക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നൽകുന്നത് ക്രിസ്തീയ മാർഗ്ഗമാണെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല കാരണം ക്രിസ്തീയതയ്‌ക്കെതിരെ അഭിപ്രായം പറഞ്ഞാലും എഴുതിയാലും ചിൻവാദ് പാലം എഴുതിയ സാമിനു വന്നപോലെയും,മുവാറ്റുപുഴ ന്യൂ മാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന ജോസഫ് സാറിനു വന്ന ഗതി കേടും ആർക്കും വരില്ലെന്നുറപ്പാണ്.

ലിജി മാത്യുവിന്റെ മനസ്സിന്റെ കൈവിട്ടകളിയായിരുന്നു ദൈവേഷ്ടർ എന്ന് നിസംശയം പറയാൻ കഴിയും കാരണം ഇതു ലിജിയുടെ കണ്ടുപിടുത്തമൊന്നുമല്ല ചരിത്രത്തിന്റെയോ ശാസ്ത്രത്തിനെയോ പിന്തുണയോ ഒന്നും ഇല്ലാതെ ഇന്നത്തെ പൈങ്കിളി കഥ പോലുള്ള അന്നത്തെ ചില പുസ്തകത്തിന്റെ വിവരണങ്ങൾ കോപ്പിയടിച്ചും,നോവലായതുകൊണ്ടു ലിജിയുടെ ഭാവനനയ്ക്കനുസരിച്ചും എഴുതിയ നോവൽ എന്നല്ലാതെ ഒന്നുമില്ല. തനിക്കോ കുടുംബക്കാർക്കോ നാശനഷ്ടങ്ങൾ ഒന്നുമില്ലാതെയും,ധന സമ്പാദനത്തിനുള്ള മാർഗ്ഗമായും ക്രിസ്തീയ മാർഗ്ഗത്തെബോധപൂർവം തേജോവധം ചെയ്യുക എന്നതിൽ കവിഞ്ഞു വേറൊന്നും ഈ പുസ്തകത്തിൽ കാണാനില്ല. പ്രസാധകരായിരിക്കുന്ന ഡി സി ബുക്സിനും ഭയം വേണ്ട നാശനഷ്ടങ്ങൾ അവർക്കും ഉണ്ടാകില്ല.

ക്രിസ്തുവിന്റെ ദൈവാസ്തിത്വത്തെ ചോദ്യം ചെയ്തുകൊണ്ടും എല്ലാ കാലഘട്ടത്തിലും പലരും രംഗത്തു വന്നിട്ടുണ്ടെങ്കിലും അതിനെല്ലാം തികഞ്ഞ ആധികാരികതയോടെ ക്രിസ്തീയ പണ്ഡിതന്മാർ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.വർഷങ്ങൾക്കു മുൻപു നടന്ന ഐതീഹ്യമോ കിഴവിക്കഥയോ ആളുകളുടെ സങ്കൽപ്പ സൃഷ്ടിയോ അല്ല ക്രിസ്തു ആ മഹാഗുരു ജീവിച്ചിരുന്നിട്ടുണ്ട് ലൂക്കോസിന്റെ സുവിശേഷത്തിൽ ഔഗസ്‌തോസ് കൈസർ റോമിലെ ഗവർണ്ണർ ആയിരുന്നപ്പോൾ ക്രിസ്തു ജനിച്ചു എഴുതിയിരിക്കുന്നു പീലാത്തോസ് യഹൂദ്യ നാടു വാഴുമ്പോൾ ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായിരിക്കുന്ന കാലം യേശു ശുശ്രൂഷ ആരംഭിച്ചു എന്നു വായിക്കുന്നു ഈ ഭരണാധികാരികളെല്ലാം ജീവിച്ചിരുന്നു എന്നതിൽ ആർക്കും തർക്കമില്ലല്ലോ?

യൂറോപ്പിലെ യുക്തിവാദികളും നിരീശ്വരവാദികളുമായ പണ്ഡിതന്മാർ നൂറ്റാണ്ടുകളായി രാപ്പകൽ വിശകലനം ചെയ്തിട്ടുണ്ട് യേശുവിന്റെ ദൈവത്വം നിഷേധിക്കുവാൻ അതിൽ കൂടുതലൊന്നും വരില്ല ഇന്നത്തെ നിരീശ്വര പണ്ഡിതന്മാർ.ന്യൂട്ടോണിയസ്സ്, പ്ലീനി, ടാസിറ്റസ്, ടെല്ലസ്, ഫ്‌ളാവിയസ്സു്, ജോസ്സിഫസ്സ് മുതലായ ചരിത്രകാരന്മാരുടെ കൃതികളിലും പുരാവസ്തു ഗവേഷകർ കണ്ടെടുത്തിട്ടുള്ള ശിലാലിഖിതങ്ങളിലും ക്രിസ്തുവിനെ കുറിച്ചും, തന്റെ ജീവിതത്തെ കുറിച്ചും മതിയായ തെളിവുകൾ ഉണ്ട്. എഴുതുന്നതിനു മുൻപ് ലിജി അതൊന്നും വായിക്കാതിരുന്നതെന്തേ? ക്രിസ്തുവിന്റെ ആറാം തിരുമുറിവു, യേശുക്രിസ്തു കാശ്മീരിൽ,ഡാവിഞ്ചി കോഡ്, ക്രിസ്തുവും, കൃഷ്ണനും ജീവിച്ചിരുന്നില്ല തുടങ്ങിയ ധാരാളം ക്രിസ്തു വിമർശന പുസ്തകങ്ങൾ വന്നുപോയി, ഒത്തിരി കുളിപ്പിച്ചാൽ ഇല്ലാതാകുന്നതാണ് യേശു എന്ന് ലിജി എഴുതി, രണ്ടായിരത്തിലധികം വർഷമായി പലരും യേശുക്രിസ്തുവിനെ ഇല്ലാതാക്കുവാൻ തുടങ്ങിയിട്ട് ഇതുമൂലം ക്രിസ്തീയ വിശ്വാസത്തിനു യാതൊരു ഉലച്ചിലും സംഭവിച്ചില്ല സംഭവിക്കുകയും ഇല്ല.

മനുഷ്യനു ദൈവം നൽകിയ നിർമ്മല മനസാക്ഷിയെ വഞ്ചിച്ചുകൊണ്ടല്ലാതെ ക്രിസ്തുവിനെക്കുറിച്ചുള്ള അപവാദ പുസ്തകങ്ങൾ എഴുതുവാൻ സാധ്യമല്ല എന്നോർപ്പിക്കട്ടെ.ക്രിസ്ത്യാനികൾക്കെതിരെയുള്ള എഴുത്തായതുകൊണ്ടു ലിജി മാത്യൂസിന് സുഖമമായി കേരളത്തിൽ ജീവിക്കാം അല്ലെങ്കിൽ ഒരു കൽബുർഗിയെ പോലെയോ, ഗൗരി ലങ്കഷിനെ പോലെയോ ആകുവാൻ സാധ്യത ഉണ്ടാകുമായിരുന്നു. ഈ പുസ്തകത്തിലെ സ്വപ്നാടനക്കാരി മറിയയല്ല ലിജിയാണെന്നു വായനക്കാർ ചിന്തിച്ചാൽ ആർക്കും എതിരഭിപ്രായം ഉണ്ടാകുമെന്നു തോന്നുന്നില്ല.