രാജ്യത്തെ മൈതാനങ്ങളിൽ ഏഷ്യാക്കാരായ യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതിനെതിരെ പരാതിയുമായി സ്വദേശികൾ രംഗത്ത്. എന്നാൽ ഈ പരാതിയുടെ അടിസ്ഥാനത്തിൽ യുവാക്കളെ ക്രിക്കറ്റ് കളിക്കുന്നതിന് വിലക്കേർപ്പെടു ത്തില്ലെന്ന് കുവൈത്ത് മുനിസിപ്പൽ ഡയറക്ടർ അഹ്മദ് അൽ മൻഫൂഹി പറഞ്ഞു.

സ്വദേശി യുവാക്കൾ ഫുട്ബാൾ കളിക്കുന്നതുപോലെ തന്നെ ഇതിനെ കണ്ടാൽ മതിയെന്നും വിദേശി കുടുംബങ്ങളിലെ കുട്ടികളും യുവാക്കളും തൊഴിലാളികളും ഒഴിവുദിനങ്ങളിൽ വിനോദത്തിന്റെ ഭാഗമായി ക്രിക്കറ്റ് കളിക്കുന്നതിനെ കാണേണ്ടതുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

പകൽ നീണ്ട സമയം ഇതുപോലുള്ള കളികൾ നടക്കുന്നത് ഫുട്ബാൾ പോലുള്ള തദ്ദേശീയ കളികൾ നടക്കുന്നതിന് തടസ്സമാകുന്നതിനാൽ ഏഷ്യക്കാരുടെ ക്രിക്കറ്റിന് വിലക്കേർപ്പെടു ത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു. . അതേസമയം, രാജ്യത്തിന്റെ പതിവ് നിയമങ്ങളും വ്യവസ്ഥകളും പാലിച്ച് മാത്രമേ ക്രിക്കറ്റ് ഉൾപ്പെടെ ഏത് കളികളും മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലെ യുവാക്കാളും കുട്ടികളുമാണ് ക്രിക്കറ്റ് കളിയിൽ കൂടുതലും ഏർപ്പെടുന്നത്.

വിദേശികൾ തിങ്ങിത്താമസിക്കുന്ന ഫർവാനിയ ഗവർണറേറ്റിലെ ഖൈത്താൻ, ഫർവാനിയ, ജലീബ് മേഖലകളിൽ ഒഴിവ് ദിവസങ്ങളിൽ ഇത് പതിവ് കാഴ്ചയാണ്. ക്രിക്കറ്റ് കാണുന്നതും കളിക്കുന്നതും വിനോദത്തിന്റെ ഭാഗമാക്കിയ രാജ്യക്കാരെ അതിൽനിന്ന് തടയുന്നതിന് ന്യായമില്ലെന്നും മുനിസിപ്പൽ ഡയറക്ടർ കൂട്ടിച്ചേർത്തു.