- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികാരം തീർക്കാൻ പെണ്ണുകേസ്; എയർ ഇന്ത്യ ജീവനക്കാരൻ സിബുവിനെതിരെ 17 പെൺകുട്ടികളുടെ പേര് വെച്ച് വ്യാജ ലൈംഗികാതിക്രമ പരാതി നൽകിയത് സ്വപ്ന; പാർവതി സാബു എന്ന പേരിൽ നീതു മോഹനെ അവതരിപ്പിച്ചു ആൾമാറാട്ടം നടത്തിയതും സ്വപ്നയുടെ തന്ത്രം; വ്യാജ പരാതിയിൽ സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എയർഇന്ത്യാ സാറ്റ്സിലെ കേസുമായി ബന്ധപ്പെട്ട് ജയിലെത്തിയാണ് അറസ്റ്റ്. എയർ ഇന്ത്യാ ജീവനക്കാരനെതിരെ വ്യാജ പരാതികൾ ചമച്ചുവെന്നാണ് കേസ്. സ്വപ്നയെ ക്രൈംബ്രാഞ്ച് പത്ത് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ ജെഎഫ്എംസി കോടതിയിൽ അപേക്ഷ നൽകി. കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. എയർ ഇന്ത്യാ ജീവനക്കാരൻ സിബു എൽഎസിനെതിരെയാണ് വ്യാജ പരാതികൾ ചമച്ചുവെന്നാരോപണം.
എയർഇന്ത്യാ ജീവനക്കാരനായ വ്യക്തിയെ ലൈംഗിക അതിക്രമ കേസിൽ കുടുക്കാൻ വേണ്ടി തന്ത്രങ്ങൾ മെനഞ്ഞതും സ്വപ്നയായിരുന്നു. ഈ കേസിൽ സ്വപ്ന സുരേഷിനെതിരായി ക്രൈംബ്രാഞ്ച് അന്വേഷണം നിലനിൽക്കവേയാണ് മുഖ്യമന്ത്രിയുടെ കീഴിലെ നിർണായക വകുപ്പിൽ ഇവർ ജോലി നേടിയത്. ഇങ്ങനെ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി എങ്ങനെയാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിൽ നിർണായക സ്ഥാനത്ത് എത്തിയതെന്ന ചോദയം അന്നും ഉയർന്നിരുന്നു.
അഴിമതിക്കെതിരെ പോരാടിയതിന് ശിക്ഷ പെണ്ണു കേസ്
2014ലാണ് 2014ൽ എയർ ഇന്ത്യ ജീവനക്കാരനായിരുന്ന എഎൽ സിബുവിനെതിരെ ഉയർത്തിക്കൊണ്ടു വന്ന ലൈംഗിക അതിക്രമ ആരോപണം ഉയർന്നു വന്നത്. എയർ ഇന്ത്യയുടെ ഉന്നതരായ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം സിബുവിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിക്കാൻ സ്വപ്ന കൂട്ടു നിൽക്കുകയായിരുന്നു. ഇതിനായി പതിനേഴ് വനിതാ സ്റ്റാഫുകളെ ഉപയോഗിച്ചാണ് ഈ നീക്കം സ്വപ്ന നടത്തിയത്. എയർഇന്ത്യയിലെ ഗ്രൗണ്ട് മാനേജ്മെന്റ് ജീവനക്കാരനായിരുന്ന സിബുവിനെതിരെ എയർഇന്ത്യ സ്റ്റാറ്റ്സിലെ ഉന്നതർക്ക് കലിപ്പുണ്ടാക്കാൻ കാരണം അഴിമതിക്കതെിരെ നിലപാട് കൈക്കൊണ്ടതു കൊണ്ടാണ്.
2012ൽ തിരുവനന്തപുരത്തെ സാറ്റ്സ് വൈസ് പ്രസിഡന്റായി ബിനോയ് ജേക്കബിനെ നിയമിക്കുന്നത്. ബിനോയ് ജേക്കബിനെതിരെ വിസാ തട്ടിപ്പ് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്ന വ്യക്തിയായിരുന്നു. കുവൈത്ത്, ബഹറിൻ എന്നിവിടങ്ങളിലേക്ക് നഴ്സുമാർക്ക് വിസ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി കബളിപ്പിച്ചു എന്നതായിരുന്നു ബിനോയിക്കെതിരെ ഉണ്ടായിരുന്ന കേസ്. എയർഇന്ത്യയും സിങ്കപ്പൂർ എയർലൈൻസും ചേർന്നായിരുന്നു സാറ്റ്സിന്റെ തുടക്കം. ഇതോടെയാണ് സാറ്റ്സിന്റെ തിരുവനന്തപുരത്തെ വൈസ് പ്രസിഡന്റായി ബിനോയി നിയമിതനാകുന്നത്. എയർ ഇന്ത്യയുമായുള്ള കരാർ പ്രകാരം നിശ്ചിത വിഹിതം റോയൽറ്റി അടക്കണമായിരുന്നു. എന്നാൽ, ഇതിൽ വെട്ടിപ്പു നടത്താൻ ബിനോയി കൂട്ടു നിന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിബു പ്രധാനമന്ത്രിക്കും സിബിഐക്കും അടക്കം കത്തെഴുതിയത്.
അഴിമതിചൂണ്ടിക്കാട്ടി കത്തെഴുതിയതോടെ സിബു ഉന്നതരുടെ കണ്ണിലെ കരടായി. 2.6 കോടി രൂപയുടെ ക്രമക്കേടുകൾ സിബിഐ അന്വേഷണത്തിൽ കണ്ടെത്തുകയുമുണ്ടായി. എയർ ഇന്ത്യയും എയർ ഇന്ത്യ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡും ചെയ്തുവന്ന വലിയ ലാഭമുള്ള ഗ്രൗണ്ട് ഹാൻഡ്ലിങ് ബിസിനസ് ഒരു സ്വകാര്യ പങ്കാളിത്തമുള്ള സ്ഥാപനമായ എയൻ ഇന്ത്യ-സാറ്റ്സിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ഈ സംഭവങ്ങളുണ്ടാക്കിയ പകയാണ് ഉദ്യോഗസ്ഥരെ സിബുവിനെതിരെ തിരിച്ചത്. ഇതിനിടെയാണ് സിബുവിനെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റുന്നത്. അപ്രതീക്ഷിതമായി സ്ഥലം മാറ്റിയതോടെ എന്താണ് കാരണം എന്ന് അദ്ദേഹം അന്വേഷിച്ചത്. വിശദീകരണം പോലും ചോദിക്കാതെ നടത്തിയ സ്ഥലം മാറ്റത്തിന് പിന്നിൽ എന്താണ് എന്ന് പരിശോധിച്ചപ്പോഴാണ് സിബു തനിക്കെതിരായ കള്ളക്കേസിനെ കുറിച്ച് അറിയുന്നത്.
17 പെൺകുട്ടികളുടെ പേര് വെച്ച് വ്യാജ ലൈംഗികാതിക്രമ പരാതി, എല്ലാറ്റിനും ചരടുവലിച്ചു സ്വപ്ന
എയർ ഇന്ത്യയുടെ ഉന്നതരായ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം സിബുവിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിക്കാൻ സ്വപ്ന സുരേഷ് ചുക്കാൻ പിടിക്കുകയായിരുന്നു. പതിനേഴ് വനിതാ സ്റ്റാഫുകളെ ഉപയോഗിച്ചാണ് ഈ നീക്കം സ്വപ്ന നടത്തിയത്. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടുള്ള കേസ് വരുമ്പോൾ എഎൽ സിബു തിരുവനന്തപുരത്ത് എയർ ഇന്ത്യ ഗ്രൗണ്ട് സർവീസ് ഡിപ്പാർട്ട്മെന്റിൽ ഏപ്രൺ ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ ഉദ്യോഗസ്ഥകൾ ആരുംതന്നെ പിന്നീട് അന്വേഷണത്തോട് സഹകരിക്കുകയുണ്ടായില്ല. ഇവർക്കെല്ലാം നോട്ടീസയ്ക്കാനും കമ്പനിയിൽ ജോലിയിലില്ലെങ്കിൽ അവരുടെ ഇപ്പോഴത്തെ താമസസ്ഥലം കണ്ടെത്തി അവിടേക്ക് നോട്ടീസയയ്ക്കണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി.
പ്രാഥമികാന്വേഷണത്തിൽ തന്നെ സിബുവിനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ എയർ ഇന്ത്യ ഉദ്യോഗസ്ഥർ അന്വേഷണത്തോട് സഹകരിക്കാതെ നടപടികൾ നീട്ടിക്കൊണ്ടുപോകാനാണ് ഉത്സാഹിച്ചത്. കമ്പനി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി നൽകിയ റിപ്പോർട്ട് സിബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ കഴമ്പുണ്ടെന്നായിരുന്നു. ഇദ്ദേഹത്തെ ഇതിന്റെ പേരിൽ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഈ നടപടിയെ സിബു ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണം വേണെമെന്ന് ആവശ്യപ്പെടുകയും ചെയത്ു. 2017 ഓഗസ്റ്റ് മാസത്തിൽ അദ്ദേഹത്തിന് അനുകൂലമായി വിധി വരികയും ചെയ്തു. ബിനോയ് ജേക്കബായിരുന്നു സിബുവിനെതിരെ ചരടുവലിച്ചവരിൽ പ്രധാനി.
പീഡന പരാതിയായതിനാൽ ഇതു സംബന്ധിച്ച് ആഭ്യന്തര പരിശോധനാ സമിതി ഉമാ മഹേശ്വരിയുടെ അധ്യക്ഷതയിൽ അന്വേഷിച്ചു. 17 പെൺകുട്ടികളും എയർ ഇന്ത്യാ സാറ്റ്സിലെ ജീവനക്കാരാണ്. ഇതു സംബന്ധിച്ച് എയർ ഇന്ത്യാ സാറ്റ്സിലെ വൈസ് പ്രസിഡന്റ് ബിനോജ് ജേക്കബിന് രേഖാമൂലം അപേക്ഷ നൽകിയെങ്കിലും ഈ പെൺകുട്ടികളുടെ പേരോ വിലാസമോ നൽകിയില്ല. പിന്നീട് രണ്ട് പെൺകുട്ടികളുടെ മൊഴിയെത്തുടർന്ന് അച്ചടക്ക നടപടിയെടുത്തിരുന്നു. എന്നാൽ, തനിക്കെതിരേ ഉയർന്ന പരാതി വ്യാജമാണെന്നും അതെപ്പറ്റി അന്വേഷിക്കണമെന്നും കാട്ടി പൊലീസ് കമ്മിഷണർക്ക് സിബു പരാതി നൽകി. 2016 ജനുവരി 29-ന് നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ച് സിബുവിനെതിരെയുള്ള പരാതി വ്യാജമാണെന്നു കണ്ടെത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാൻ വലിയതുറ പൊലീസിന് കമ്മിഷണർ നിർദ്ദേശം നൽകി. എയർ ഇന്ത്യാ സാറ്റ്സ് വൈസ് പ്രസിഡന്റ് ബിനോജ് ജേക്കബിനെയും മറ്റുള്ളവരെയും പ്രതികളാക്കി 2016 മാർച്ച് 15-ന് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഈ കേസിന്റെ അന്വേഷണത്തിൽ സഹകരിക്കണമെന്ന് ബിനോജ് ജേക്കബിനോടും മറ്റും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
സിബുവിനെ കുടുക്കാൻ ശ്രമം നടന്നു എന്ന് വ്യക്തമായതോടെ എയർ ഇന്ത്യാ സാറ്റ്സ് വൈസ് പ്രസിഡന്റ് ബിനോജ് ജേക്കബിനെയും മറ്റുള്ളവരെയും പ്രതികളാക്കി 2016 മാർച്ച് 15-ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഈ കേസിന്റെ അന്വേഷണത്തിൽ സഹകരിക്കണമെന്ന് ബിനോജ് ജേക്കബിനോടും മറ്റും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഈ കേസിൽ അട്ടിമറി ശ്രമങ്ങൾ നടന്നിരുന്നു. പൊലീസ് അന്വേഷത്തിന് ഒടുവിൽ ബിനോയ് ജേക്കബിനെതിരായ കേസ് നിലനിൽക്കില്ലെന്ന് കാണിച്ചു കോടതിയിൽ റിപ്പോർട്ടു നൽകി.
ഈ റിപ്പോർട്ടിനെതിരെ സിബു ഹൈക്കോടതിയെ സമീപിക്കുകയും പൊലീസ് നടപടിയെ വിമർശിച്ചു കൊണ്ട് കോടതി തുടർ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. ലൈംഗികാതിക്രമ കേസിൽ സിബുവിന്റെ പരാതിയിൽ അന്വേഷകരോട് സഹകരിക്കാൻ എയർ ഇന്ത്യ തയ്യാറായില്ല. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ തയ്യാറാകാതിരുന്നു. തങ്ങളെ ചോദ്യം ചെയ്യുന്നതിനുള്ള ഉത്തരവിന്മേൽ എയർ ഇന്ത്യ ഉദ്യോഗസ്ഥർ സ്റ്റേ ഓർഡർ സമ്പാദിക്കുകയുമുണ്ടായി. പ്രാഥമികാന്വേഷണത്തിൽ ബിനോയ് ജേക്കബ് കുറ്റക്കാരനല്ലെന്നാണ് തനിക്ക് ബോധ്യപ്പെട്ടതെന്ന് കേസ് അന്വേഷിച്ച അന്നത്തെ ഡിസ്ട്രിക്റ്റ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറായ സന്തോഷ് പറഞ്ഞ്. ചോദ്യം ചെയ്യുന്നതിനെതിരെ സ്റ്റേ ഓർഡർ സമ്പാദിച്ചതോടെ അന്വേഷണം വഴിമുട്ടി.
ആഭ്യന്തര അന്വേഷണ സമിതി വലിയ ക്രമക്കേടുകൾ ചെയ്തതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തന്നെ ബോധ്യപ്പെട്ടിരുന്നു. ഈ സമിതിക്കു മുമ്പിൽ പരാതിക്കാരിലെ പാർവതി സിബു എന്ന പെൺകുട്ടി മൊഴി നൽകാൻ ഹാജരായിരുന്നു. എന്നാൽ നീതു മോഹൻ എന്നയാളെ പാർവ്വതി സിബു എന്ന പേരിൽ സ്വപ്ന സുരേഷ് ഹാജരാക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ആൾമാറാട്ടത്തിന് ചുക്കാൻ പിടിക്കുകയായിരുന്നു ഇവർ. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോൾ, രണ്ടു മാസം മുൻപാണ് സാറ്റ്സിൽ ജോലിയിൽ പ്രവേശിച്ചതെന്നാണ് വിവരം കിട്ടിയത്. തന്നെ ഉദ്യോഗസ്ഥർ തനിക്കുള്ള സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്ത് ക്രമക്കേടിന് പ്രേരിപ്പിക്കുകയായിരുന്നെന്ന് സ്വപ്ന സുരേഷ് അന്ന് മൊഴി നൽകി. 17 പെൺകുട്ടികളുടെ പേര് വെച്ച് പരാതി തയ്യാറാക്കിയതും സ്വപ്ന സുരേഷാണെന്ന് അന്ന് ക്രൈംബ്രാഞ്ചിന് ബോധ്യപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ