- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ സുഹൃത്ത് നിർമ്മാതാവ് റോഷൻ ചിറ്റൂരിനെ ചോദ്യം ചെയ്യുന്നു; അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുന്നത് ദിലീപും കൂട്ടാളികളും ഗുഢാലോചന നടത്തിയെന്ന കേസിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർമ്മാതാവ് റോഷൻ ചിറ്റൂരിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ദിലീപിന്റെ അടുത്ത സുഹൃത്താണ് റോഷൻ. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടാളികളും ഗുഢാലോചന നടത്തിയതിനെ കുറിച്ചുള്ള വിവരങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം ശേഖരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലും ബാലചന്ദ്രകുമാർ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ദിലീപടക്കമുള്ള പ്രതികൾക്കെതിരെ കേസ് എടുത്തു. എന്നാൽ കെട്ടിച്ചമച്ച ആരോപണമെന്നാണ് ദിലീപിന്റെ വാദം.
ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ല. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണ്. ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത് തുടങ്ങിയ ആരോപണങ്ങളാണ് ദിലീപ് ഉയർത്തുന്നത്.
നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന തോന്നലുണ്ടായതോടെയാണ് വ്യാജതെളിവുണ്ടാക്കി തുടരന്വേഷണം നടത്തുന്നതെന്നും ഇത് റദ്ദാക്കണമെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ദിലീപ് ആവശ്യപ്പെട്ടിരുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപിന് ലഭിച്ചെന്നും കേസിലെ ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നുമുള്ള ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് തുടരന്വേഷണം ആരംഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് തന്നോടുള്ള വ്യക്തിവിരോധമാണ് തുടരന്വേഷണത്തിന് കാരണമെന്ന് ഹരജിയിൽ ആരോപിക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന്? തനിക്കെതിരെ പരാതി നൽകിയതും ബൈജു പൗലോസാണ്. പരാതിക്കാരനായ ഉദ്യോഗസ്ഥൻ നടത്തുന്ന തുടരന്വേഷണം നീതിയുക്തമാകില്ല. വധഗൂഢാലോചനക്കേസിൽ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും പ്രതി ചേർത്തത് തന്നോടുള്ള വൈരാഗ്യത്തിലാണ്.
തുടര?ന്വേഷണത്തിന് വിചാരണക്കോടതിയുടെ അനുമതി ലഭിക്കും മുമ്പുതന്നെ ഇദ്ദേഹം സ്വന്തം നിലക്ക് അന്വേഷണം തുടങ്ങിയിരുന്നു. തുടരന്വേഷണം പൂർത്തിയാക്കാൻ ആറു മാസം ആവശ്യപ്പെട്ടത് നടിയെ അക്രമിച്ച കേസിലെ വിചാരണ നീട്ടിക്കൊണ്ടുപോകാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിക്കുന്നതിന്റെ തെളിവാണെന്നും ഹരജിയിൽ പറയുന്നു.
സഹപ്രവർത്തകന്റെ ക്വട്ടേഷൻ ബലാത്സംഗം എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന കേസിൽ വിചാരണ അന്തിമ ഘട്ടത്തിലെത്തിയിട്ടും പൊതു സമൂഹത്തിന് മുന്നിൽ ചുരുളഴിയാത്ത നിരവധി സംശയങ്ങൾ ബാക്കിയാണ്. അതിനിടെയാണ് ദിലീപിന്റെ പങ്കിൽ സൂചന നൽകി തെളിവുകളുമായി സുഹൃത്തായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാറെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ