തിരുവനന്തപുരം: നെയ്യാറ്റിൻകയിൽ യുവാവിനെ തള്ളിയിട്ടു കൊലപ്പെടുത്തിയ ഡിവൈഎസ്‌പി ബി ഹരികുമാറിനെ സർവീസിൽ നിന്നും പുറത്താക്കിയേക്കും. ഇതിനുള്ള നടപടി ക്രമങ്ങളിലേക്ക് സേന കടന്നു. വകുപ്പുതല നടപടി പൂർത്തിയായ ശേഷമാകും ഇത്. അതിനിടെ, റൂറൽ എസ്‌പി അശോക് കുമാറിന്റെ ശുപാർശയിന്മേൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. അന്വേഷണ സംഘത്തെ ഇന്നു തീരുമാനിക്കും.

കൊലക്കേസ് ആണ് ഹരികുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. അതിനാൽ സർവീസിൽ തുടരുന്നത് അനുവദിക്കാനാകില്ലെന്ന് ഉന്നതോദ്യോഗസ്ഥർ പറഞ്ഞു. ഇക്കാര്യത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് രക്ഷിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ച് കർശന നിലപാടിലേക്ക് പൊലീസ് നടന്നത്. ഹരികുമാറിനെതിരെ നടപടി എടുക്കാൻ വകുപ്പുതല അന്വേഷണത്തിനു പൊലീസ് ആസ്ഥാനത്തെ ഐഐജി കെ.എസ്.വിമലിനെ സർക്കാർ ചുമതലപ്പെടുത്തി. ഡിവൈഎസ്‌പിക്കു കുറ്റാരോപണ മെമോ നൽകി മറുപടി വാങ്ങണം. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തണം. തുടർന്നുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാകും നടപടി.

അതേസമയം ഹരികുമാറിനെ നെയ്യാറ്റിൻകര ഡിവൈഎസ്‌പി സ്ഥാനത്തു നിന്നു നീക്കണമെന്ന് ഇന്റലിജൻസ് മൂന്നു പ്രാവശ്യം റിപ്പോർട്ട് നൽകിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. സേനയ്ക്കു യോജിക്കാത്ത തരത്തിലുള്ള ഇയാളുടെ പ്രവർത്തനങ്ങളെക്കുറിച്ചു രണ്ടു പ്രാവശ്യം ഇന്റലിൻജൻസ് സ്വന്തം നിലയ്ക്കും ഒരു തവണ ഡിജിപിയുടെ നിർദേശപ്രകാരവുമാണു റിപ്പോർട്ട് നൽകിയത്. ഇതിൽ നടപടിയെടുക്കാതിരുന്നത് ഒടുവിൽ ഒരു നിരപരാധിയുടെ ജീവൻ പൊലിയുന്നതിലെത്തിയത്.

അതിനിടെ ഒളിവിൽ പോയ ഹരികുമാറിനെ ഇനിയും പിടികിട്ടിയിട്ടില്ല. ഇയാൾ സംസ്ഥാനം വിട്ടതായാണു പൊലീസ് ഭാഷ്യം. സംഭവസ്ഥലത്തു നിന്നു രക്ഷപ്പെടാൻ സഹായിച്ച സ്വർണ വ്യാപാരി കെ.ബിനുവും ഒപ്പമുണ്ടെന്നാണു സൂചന. ഇയാളുടെ നീക്കവും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഒളിവിലിരുന്നു മുൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണു ഹരികുമാർ എന്നാണു സൂചന. ഇയാളുടെ പാസ്‌പോർട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനാണു തീരുമാനം.

അതിനിടെ സനൽ എന്ന യുവാവിനെ കാറിനുമുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്യേഷണം തൃപ്തികരമല്ലെന്ന് കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യ അഭിപ്രായപ്പെട്ടു. ഡി.വൈ.എസ്‌പി പ്രതിയായ കേസിൽ ഉന്നതതല അന്യേഷണം വേണമെന്നും സർക്കാരിൽനിന്ന് നീതികിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സനൽകുമാറിന്റെ ഭാര്യ വിജി പറഞ്ഞു.

ഭർത്താവിനെ ഇല്ലാതാക്കിയ ഡി.വൈ.എസ്‌പിക്കെതിരെ ശക്തമായ നടപടിയുണ്ടകണം. കുറ്റവാളി പൊലീസ് ഉദ്യോഗസ്ഥനായതിനാൽ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നും വിജി ആരോപിച്ചു. ഒരു തെറ്റും ചെയ്യാത്ത തന്റെ മകന്റെ മരണത്തിനു കാരണക്കാരായവരെ അറസ്റ്റു ചെയ്ത് ശിക്ഷിക്കണമെന്ന് സനലിന്റെ മാതാവ് രമണി ആവശ്യപ്പെട്ടു. അതേസമയം സനലിന്റെ കുടുബത്തിനു നഷ്ടപരിഹാരം നൽകുന്നതിനെപറ്റിയും കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകുന്നതും ഉൾപ്പടെയുള്ള കാര്യങ്ങൾ സർക്കാർ പരിഗണിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. കേസന്യേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയെങ്കിലും അന്യേഷണ ചുമതല ആർക്കാണെന്ന കാര്യത്തിൽ വെള്ളിയാഴ്‌ച്ച മാത്രമെ തീരുമാനമുണ്ടാകുകയുള്ളു.

പൊലീസിന്റെ അനാസ്ഥയും സനലിന്റെ ജീവൻ പൊലിയാൻ ഇടയാക്കിയെന്ന ആക്ഷേപം ശക്തമാണ്. ഡിവൈഎസ്‌പി അപകടത്തിലേക്കു തള്ളിയിട്ട എസ്.സനലിനെ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആംബുലൻസ് വഴി തിരിച്ചുവിട്ടു പൊലീസ് സ്റ്റേഷനു മുന്നിൽ കാത്തുകിടത്തിയത് ജീവൻ പൊലിയാൻ ഇടയാക്കിയെന്നാണ് ആക്ഷേപം. മനുഷ്യത്വരഹിതമായ ഈ പ്രവൃത്തി പൊലീസുകാർക്കു ഡ്യൂട്ടി മാറാൻ വേണ്ടിയായിരുന്നെന്നാണ് ആരോപണം. ആംബുലൻസ് ആശുപത്രിയിലെത്തും മുൻപേ സനലിന്റെ മരണം സംഭവിച്ചു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഒരു തെറ്റും ചെയ്യാത്ത യുവാവിന്റെ കൊലപാതകത്തിന് ഉത്തരവാദിയായെന്ന തീരാകളങ്കത്തിനു പിന്നാലെയാണു സേന വീണ്ടും പ്രതിക്കൂട്ടിലായത്. കാറിടിച്ചു ഗുരുതരാവസ്ഥയിൽ സനൽ ഏറെ സമയം റോഡിൽ കിടന്നു. പൊലീസ് എത്താനായി നാട്ടുകാരും കാത്തുനിന്നു. പൊലീസെത്തിയപ്പോൾ ആംബുലൻസ് വന്നില്ല. ഒടുവിൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുറേ സമയം പാഴായി.

അവിടെ പ്രാഥമിക ചികിൽസ നൽകി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഉടൻ കൊണ്ടുപോകാൻ നിർദേശിച്ചു. പക്ഷേ പോയതു പൊലീസ് സ്റ്റേഷനിലേക്ക്. പിന്നാലെ വന്ന ബന്ധുക്കൾ ആംബുലൻസ് കാണാതെ അന്വേഷിച്ചപ്പോഴാണ് ഇക്കാര്യമറിയുന്നത്. അവർ സ്റ്റേഷനിൽ ചെന്നു ബഹളമുണ്ടാക്കി. അതേസമയം പൊലീസ് ഈ വാദങ്ങളെല്ലാം തള്ളുന്ന അവസ്ഥയാണ്.