- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുവത്തൂരിലെ ഫാഷൻ ജൂവലറി തട്ടിപ്പിൽ പരാതികളുടെ പ്രവാഹം; എം.സി.കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളിലെ റെയ്ഡിന് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി; ചന്തേര സ്റ്റേഷനിലെ 22 കേസുകൾ അടക്കം 33 കേസുകൾ; സ്വർണക്കടയുടെ പേരിൽ സ്വീകരിച്ച നിക്ഷേപം തിരിച്ച് നൽകാതെ കാട്ടിയതുകൊടിയ വഞ്ചന; പണമോ വിഹിതമോ നൽകാതെ വൻതട്ടിപ്പ്
കാസർകോഡ്: ചെറുവത്തൂരിലെ ഫാഷൻ ഗോൾഡ്ജൂവലറിയുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേിഷിക്കും. മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീൻ പ്രതിയായ നിക്ഷേപത്തട്ടിപ്പ് കേസാണിത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയാണ് അറിയിച്ചത്. സ്വർണക്കടയുടെ പേരിൽ നിക്ഷേപമായി സ്വീകരിച്ച കോടിക്കണക്കിനു രൂപയും സ്വർണവും തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന കേസിൽ പ്രതികളായ യുഡിഎഫ് കാസർകോട് ചെയർമാനും മഞ്ചേശ്വരം എംഎൽഎയുമായ എം.സി.കമറുദ്ദീൻ, മുസ്‌ലിംലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ടി.കെ.പൂക്കോയ തങ്ങൾ എന്നിവരുടെ വീടുകളിൽ കഴിഞ്ഞദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
എംഎൽഎയുടെ പടന്ന എടാച്ചാക്കൈയിലെയും പൂക്കോയ തങ്ങളുടെ ചന്തേര പൊലീസ് സ്റ്റേഷനടുത്തെയും വീടുകളിലാണ് സിഐ പി.നാരായണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് എത്തിയത്. ഇരുവരും വീടുകളിൽ ഉണ്ടായിരുന്നില്ല. അവിടെ നിന്നു ലഭിച്ച ചില രേഖകൾ പൊലീസ് പരിശോധിച്ചു. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുന്നതിന്റെ മുന്നോടിയായി ആവശ്യമായ രേഖകളും മറ്റും ശേഖരിക്കാനാണു പൊലീസ് സംഘം വീടുകൾ പരിശോധിച്ചത്.
കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ.സതീഷ്‌കുമാർ വിവരങ്ങൾ ശേഖരിക്കാനായി ചന്തേര പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. 2009 മുതലുള്ള കാലയളവിൽ 35 ലക്ഷം രൂപ സ്വർണക്കടയിൽ നിക്ഷേപിച്ചതായും എന്നാൽ പിന്നീട് പണമോ ലാഭവിഹിതമോ നൽകിയില്ലെന്നുമാണു പരാതി.
ഫാഷൻ ഗോൾഡ് ജൂവലറി തട്ടിപ്പിനെതിരെ പരാതികളുടെ പ്രവാഹമാണ്. ബുധനാഴ്ച രജിസ്റ്റർ ചെയ്ത 14 കേസുകൾ ഉൾപ്പെടെ ചന്തേര സ്റ്റേഷനിൽമാത്രം 26 കേസുകളായി. കാസർകോട് സ്റ്റേഷനിൽ അഞ്ചും ഹോസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയിൽ രണ്ടും ഉൾപ്പെടെ 33 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് ബ്രാഞ്ചുകളായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജൂവലറിയിൽ നിക്ഷേപം നൽകിയവരാണ് കൂട്ടത്തോടെ പരാതി നൽകുന്നത്.
ജൂവലറി അടച്ചുപൂട്ടിയിട്ടും ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ ലഭിച്ചില്ലെന്നാണ് പരാതിക്കാർ പറയുന്നത്.ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ച ഫാഷൻ ഗോൾഡ് ജൂവലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട്ടെ അബ്ദുൽ ഷുക്കൂർ (30 ലക്ഷം), എം ടി.പി. സുഹറ (15 പവനും ഒരു ലക്ഷവും), വലിയപറമ്പിലെ ഇ.കെ. ആരിഫ (മൂന്നു ലക്ഷം) എന്നിവരുടെ പരാതിയിലാണ് ആദ്യം ചന്തേര പൊലീസ് കേസെടുത്തത്. കൂടാതെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരികയും ചെയ്തിരുന്നു. ചെയർമാൻ എം.സി. ഖമറുദ്ദീൻ എംഎൽഎ, മാനേജിങ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങൾ എന്നിവർക്കെതിരെയാണ് പരാതി. ഇവർക്കെതിരെ സ്വകാര്യനിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
അതേസമയം, തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും എല്ലാവർക്കും വേണ്ടത് തന്റെ ചോരയാണെന്നും എം.സി. ഖമറുദ്ദീൻ എംഎൽഎ പ്രതികരിച്ചിരുന്നു. സജീവരായിരുന്ന പല ഡയറക്ടർമാരും കമ്പനി നഷ്ടത്തിലായതോടെ രാജിവെച്ച് ഒഴിഞ്ഞതായി എംഎൽഎ പറഞ്ഞു. ഫാഷൻ ഗോൾഡ് സ്ഥാപനം ആരംഭിക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക ചർച്ചകളിൽ താൻ പങ്കെടുത്തിട്ടില്ല. പൂക്കോയ തങ്ങൾ ഉൾപ്പടെയുള്ളവരാണ് സ്ഥാപനം ആരംഭിച്ചത്. അവരാണ് തന്നെ സമീപിച്ചത്. ചെയർമാൻ ആവാനില്ലെന്ന് ആവർത്തിച്ചതായിരുന്നു. അവരുടെ നിർബന്ധപ്രകാരമാണ് ചുമതല ഏറ്റെടുത്തതുപോലും. പക്ഷേ, സ്ഥാപനം ആരംഭിക്കാൻ മുൻകൈയെടുത്ത പലരും ഇപ്പോൾ രംഗത്ത് ഇല്ല. ആസ്തികൾ വിൽപന നടത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നും എംഎൽഎ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ