കൊച്ചി: എൻഫോഴ്‌സ്‌മെന്റിനെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസിൽ ഹൈക്കോടതി ഈ മാസം 16 ന് വിധി പറയും. അതുവരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികൾ പാടില്ലെന്നാണ് കോടതി നിർദ്ദേശം. സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി നൽകണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഇഡി ഉദ്യോഗസ്ഥർക്കെതിരെ സന്ദീപ് പരാതിയുമായി വന്നതിന് പിന്നിൽ ക്രൈംബ്രാഞ്ചാണെന്നാണ് ഇഡിയുടെ വാദം. ഇഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ പേരുപറയാൻ നിർബന്ധിച്ചെന്ന പരാതി സന്ദീപ് മുൻപെവിടെയും പറഞ്ഞിട്ടില്ല. പരാതികളുണ്ടോയെന്ന് പല തവണ കോടതി ചോദിച്ചപ്പോഴും ഇല്ലാ എന്നായിരുന്നു സന്ദീപിന്റെ മറുപടി. എട്ട് മാസത്തിനു ശേഷം സന്ദീപ് പരാതിയുമായി വന്നതിന് പിന്നിൽ ഉന്നതരുടെ പ്രേരണയുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഇഡി ഉദ്യോഗസ്ഥർക്കെതിരായ കേസ് ചോദ്യംചെയ്തുള്ള ഹർജി ഹൈക്കോടതിയിൽ നിലനിൽക്കവെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തത് കോടതിയലക്ഷ്യമെന്നാണ് ഇഡിയുടെ വാദം. ക്രൈംബ്രാഞ്ച് എഫ്ഐആർ നിയമ നടപടികളെ ദുരുപയോഗം ചെയ്യുന്നു, വ്യാജതെളിവുകളുണ്ടാക്കി അസാധാരണ പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നെല്ലാമാണ് ഇഡിയുടെ ആരോപണം.

കള്ളപ്പണകേസിൽ ഇടപെടാനുള്ള ശ്രമമാണ് ഇഡിക്കെതിരായ നടപടികൾക്ക് പിന്നിലെന്നും ഇഡി കോടതിയെ അറിയിച്ചു. അതേസമയം, ഉന്നതരുടെ പേരുകൾ ഉൾപ്പെടുന്ന മൊഴികളോ രേഖകളോ മാധ്യമങ്ങൾക്ക് ചോർത്തിയിട്ടില്ലെന്നും, ആക്ഷേപമുന്നയിക്കുന്നവരുടെ കയ്യിൽ തന്നെ എല്ലാ രേഖകളും ഉണ്ടെന്നും ഇഡി വ്യക്തമാക്കി.

ഇഡി ഉദ്യോഗസ്ഥർക്കെതിരായ സന്ദീപ് നായരുടെ മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്. അതേസമയം, സന്ദീപിന്റെ മൊഴി പൂർണ്ണമായി വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ മുദ്രവെച്ച കവറിൽ വിവരങ്ങൾ കൈമാറാമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിലപാട്