- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനോദിനിയുടെ ഐഫോൺ കേസിൽ ട്വിസ്റ്റ്! വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോൺ എന്ന് ക്രൈംബ്രാഞ്ച്; ഫോൺ വാങ്ങിയത് കവടിയാറിലെ കടയിൽ നിന്നും; കവടിയാറിലെ കടയുടമ ഫോൺ വാങ്ങിയത് സ്പെൻസർ ജംഗ്ഷനിലെ കടയിൽ നിന്നും; സന്തോഷ് ഈപ്പൻ ഫോൺ വാങ്ങിയത് ഈ കടയിൽ നിന്നുമെന്നും റിപ്പോർട്ട്
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിച്ചിരുന്ന ഐഫോണിനെ ചൊല്ലിയുള്ള വിവാദത്തിനിടെ ട്വിസ്റ്റ്. സന്തോഷ് ഈപ്പൻ സമ്മാനമായി നൽകിയ ഐ ഫോണാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നതെന്ന കസ്റ്റംസ് കണ്ടെത്തലിനെ തള്ളി ക്രൈംബ്രാഞ്ച് രംഗത്തെത്തി. വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോൺ ആണ്. കവടിയാറിലെ കടയിൽ നിന്നാണ് ഫോൺ വാങ്ങിയതെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. വിനോദിനിയുടെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നത്.
കവടിയാറിലെ കടയുടമ ഫോൺ വാങ്ങിയത് സ്പെൻസർ ജംഗ്ഷനിലെ കടയിൽ നിന്നാണ്. ഇതേ കടയിൽ നിന്നാണ് സന്തോഷ് ഈപ്പനും ഐ ഫോൺ വാങ്ങിയത്. രണ്ടു ഫോണുകളുടെയും ഐഎംഇഐ നമ്പർ കസ്റ്റംസ് വാങ്ങിയിരുന്നു. ഇതാകാം ആശയക്കുഴപ്പത്തിന് കാരണമായതെന്ന് സംശയമുണ്ട്. സ്പെൻസർ ജംഗ്ഷനിലെ കടയിൽ നിന്ന് വിനോദിനിക്ക് നൽകിയ അതേ മോഡൽ ഫോൺ സ്റ്റാച്യുവിലെ കടയിലും നൽകിയിരുന്നു. സ്റ്റാച്യുവിലെ കടയിൽ നിന്നാണ് സന്തോഷ് ഈപ്പൻ ഐഫോൺ വാങ്ങി സ്വപ്നക്ക് നൽകിയത്.
അതേസമയം സ്വർണക്കടത്തു കേസിൽ ചോദ്യംചെയ്യലിനു ഹാജരാകാൻ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടിസ് നൽകിയിരുന്നു. രണ്ട് തവണ പോയിട്ടും ഇവർ കൊച്ചിയിൽ എത്തിയിരുന്നുമില്ല. കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ വാങ്ങിനൽകിയ 6 ഐഫോണുകളിലൊന്നിൽ വിനോദിനിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തലായിരുന്നു കസ്റ്റംസിന്റേത്.
സന്തോഷ് ഈപ്പൻ യുഎഇ കോൺസൽ ജനറലായിരുന്ന ജമാൽ അൽ സാബിക്കു നൽകിയ 1.14 ലക്ഷം രൂപയുടെ ഫോണാണിതെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു ഫോൺ ആവശ്യപ്പെട്ട് അൽ സാബി തിരിച്ചുകൊടുത്ത ഫോണിൽ, വിനോദിനിയുടെ പേരിലുള്ള സിം വന്നതെങ്ങനെയെന്നതിലാണ് അന്വേഷണം നടക്കുന്നത്. ബാക്കി 5 ഫോണുകളിലൊന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൽനിന്നു കണ്ടെടുത്തിരുന്നു. യുഎഇ കോൺസുലേറ്റിൽ നടന്ന നറുക്കെടുപ്പിലൂടെ മറ്റു 4 പേർക്കും ഫോൺ ലഭിച്ചിരുന്നു.
ഫോണിന്റെ ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി) നമ്പർ വച്ചു നടത്തിയ അന്വേഷണമാണു വിനോദിനിയിലെത്തിയത്. യുഎഇ വീസ സ്റ്റാംപിങ് കരാർ ലഭിച്ച യുഎഎഫ്എക്സ് സൊല്യൂഷൻസിന്റെ എംഡിയെ ഈ നമ്പറിൽ നിന്നു നിരന്തരം വിളിച്ചിരുന്നതായും കണ്ടെത്തി. സ്വർണക്കടത്തു കേസ് വിവാദമുയർന്നതോടെ ഫോണിൽ നിന്നു സിം മാറ്റി. ഫോൺ പിന്നീട് ഉപയോഗിച്ചയാളെയും കണ്ടെത്തിയിട്ടുണ്ട്.
ലൈഫ ്മിഷൻ കരാർ ലഭിക്കുന്നതിന് കോഴ നൽകിയതായി സന്തോഷ് ഈപ്പന്റെ മൊഴിയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി വാങ്ങി നൽകിയ മൊബൈൽ ഫോണുകൾ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, അഡീഷൺ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, പത്മനാഭ ശർമ്മ, ജിത്തു, പ്രവീൺ എന്നിവർക്ക് ലഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺസുൽ ജനറലാണ് ഐഫോൺ വിനോദിനിക്ക് കൈമാറിയതെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. യു.എ.ഇ കോൺസൽ ജനറലിന് ഫോൺ സമ്മാനിച്ചതായി വിവരങ്ങൾ പുറത്തുവന്നെങ്കിലും അദ്ദേഹം അത് തിരികെ നൽകിയതായി പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ