മലപ്പുറം: അനീഷിനെതിരേ കള്ളക്കേസ് ചമച്ച് അദ്ധ്യാപകജോലിയിൽനിന്നു നിഷ്‌കരുണം പുറത്താക്കുകയായിരുന്നു മുന്നിയൂർ സ്‌കൂൾ മാനേജ്‌മെന്റ് ലക്ഷ്യമെന്ന് വ്യക്തമായതോടെ സ്‌കൂൾ മാനേജരുടെ ചുമതല വഹിക്കുന്ന മൂന്നിയൂർ പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ സെയ്തലവിയെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനം.

ഭരണതലത്തിൽ പിടിപാടും ഉന്നതബന്ധങ്ങളുമുള്ളതിനാലാണു സെയ്തലവിക്കെതിരേയുള്ള നടപടി നീണ്ടു പോയത്. എന്നാൽ അദ്ധ്യാപകനെതിരേ കള്ളക്കേസ് ചമച്ച് പുറത്താക്കുകയായിരുന്നെന്നു വ്യക്തമായതോടെയാണ് സെയ്തലവിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞ ദിവസം പാലക്കാട്ട്‌നിന്നു ക്രൈംബ്രാഞ്ച് സംഘം മൂന്നിയൂരിലെത്തിയത്. എന്നാൽ അറസ്റ്റ് നടപടി ഉണ്ടാകുമെന്ന വിവരംമുൻകൂട്ടി ലഭിച്ചതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

മൂന്നിയൂർ പഞ്ചായത്ത് ഓഫീസ്, സ്‌കൂൾ, ക്ലാർക്കുമാരുടെ വീടുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും ക്രൈംബ്രാഞ്ചിന് സെയ്തലവിയെ ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല. മാതാവ് ബീപാത്തുമ്മയുടെ പേരിലുള്ള സ്‌കൂൾ വർഷങ്ങളായി നടത്തിവരുന്നത് സെയ്തലവിയാണ്. ഈ കാലയളവിൽ കോടികളുടെ വിദ്യാഭ്യാസക്കച്ചവടവും അന്യായമായുള്ള സ്വത്തുസമ്പാദനവും അകാരണമായി അദ്ധ്യാപകരെ പിരിച്ചുവിടലും ഉൾപ്പെടെ നിരവധി പരാതികൾ ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ട്.

മൂന്നിയൂർ ഹയർ സെക്കൻഡറി സ്‌കൂളിനു പുറമെ സമീപത്ത് ഒരു എൽ.പി സ്‌കൂളും ഇയാളുടെ പേരിലുണ്ട്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻകിട ബിസിനസ് സ്ഥാപനങ്ങളും സ്റ്റേറ്റ് സംസ്ഥാനതല ഡീലർഷിപ്പും ഇക്കാലയളവിൽ സ്വായത്തമാക്കി. പണത്തോടൊപ്പം രാഷ്ട്രീയ ബന്ധങ്ങളും ഉണ്ടായതോടെ ഉന്നതരെ വരുതിയിലാക്കി വിദ്യാഭ്യാസക്കച്ചവടം പൊടിപൊടിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബുമായി അടുത്തബന്ധമാണ് സെയ്തലവിക്കുള്ളത്. അഞ്ചര കിലോമീറ്റർ മാത്രം ദൂരമാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ വീട്ടിൽനിന്നും സെയ്തലവിയുടെ വീട്ടിലേക്കുള്ളത്.

കെ.കെ അനീഷിന്റെ മരണത്തിനിടയാക്കിയ പിരിച്ചുവിടലുമായി ബന്ധപ്പെട്ട് സെയ്്തലവി അറസ്റ്റിലാകുന്നതോടെ കൂടുതൽ പേർ കുടുങ്ങുമെന്നാണ് സൂചന. കള്ളസാക്ഷി പറഞ്ഞ മാനാജ്‌മെന്റ് അനുകൂലികളായ അദ്ധ്യാപകരും പിരിച്ചു വിടാൻ ഉത്തരവ് നൽകിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും കുടുങ്ങും. അനീഷിന്റെ ഭാര്യ ഷൈനി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിന്മേലാണ് പാലക്കാട് ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം നടത്തിയത്. അന്വേഷണം ഒടുവിൽ എത്തിനിൽക്കുന്നത് സ്‌കൂൾ മാനേജർ സെയ്തലവിയിലുമാണ്.

സെയ്തലവിയുടെ അറസ്റ്റോടെ മൂന്നിയൂർ സ്‌കൂളിൽ നീതി കിട്ടാതെ കഴിയുന്ന നിരവധി അദ്ധ്യാപകരുടെ നിരപരാധിത്വം തെളിയിക്കാൻ അവസരമാവുകയും അദ്ധ്യാപകർക്കെതിരെയുള്ള പീഡനങ്ങൾക്ക് അറുതിവരികയും ചെയ്യുമെന്നാണു പൊതുവേയുള്ള പ്രതീക്ഷ. അനീഷിനെ മരണത്തിലേക്ക് നയിക്കാൻ പ്രേരിപ്പിച്ചത് സ്‌കൂൾ മാനേജ്‌മെന്റിന്റെ ക്രൂരമായ പീഡനമാണെന്നാണ് ഭാര്യയും കുടുംബാംഗങ്ങളും സഹ അദ്ധ്യാപകരും വിശ്വസിക്കുന്നത്. പിരിച്ചുവിടൽ നടപടി സ്വീകരിക്കുന്നതിന് മുമ്പ് ഒന്നര വർഷക്കാലം അനീഷിനു കിട്ടേണ്ടിയിരുന്ന ഉപജീവനബത്തയോ മറ്റ് ആനുകൂല്യങ്ങളോ മാനേജർ നിഷേധിക്കുകയായിരുന്നു. ഡിഡിഇയുടെ ഉത്തരവുണ്ടായിട്ടും ഇത് നൽകാൻ മാനേജ്‌മെന്റ് തയ്യാറായില്ല. സസ്‌പെൻഷനിലാകുന്ന അദ്ധ്യാപകർക്ക് 65 ശതമാനം ഉപജീവനബത്ത നൽകണമെന്ന ചട്ടം മറികടന്നായിരുന്നു അനീഷിന് ഈ തുക പാടേ നിഷേധിച്ചത്.

അനീഷിനെതിരെ മാനേജ്‌മെന്റ് ചമച്ച തിരക്കഥ മുൻകൂട്ടി തയ്യാറാക്കിയതാണെന്ന് വ്യക്തമാക്കുന്നതാണ് അനീഷ് സസ്‌പെൻഷനിലായിരിക്കുന്ന കാലയളവിൽ തന്നെ ഈ തസ്തികയിലേക്ക് ലക്ഷങ്ങൾ വാങ്ങി മറ്റൊരധ്യാപകനെ നിയമിച്ച സംഭവം. 24 ലക്ഷം രൂപ കൈപ്പറ്റിയായിരുന്നു അഹമ്മദ് കബീർ എന്ന മറ്റൊരധ്യാപകനെ സെയ്തലവി ഈ പോസ്റ്റിലേക്ക് നിയമിച്ചത്. എന്നാൽ ഈ തസ്തികയിലേക്കുള്ള നിയമനത്തിനെതിരെ ഡി.പി.ഐ ഉത്തരവിറക്കിയെങ്കിലും ഇത് വകവയ്ക്കാതെ മാനേജർ പണം വാങ്ങി നിയമനം നടത്തുകയായിരുന്നു.

2006-ൽ ഒമ്പതര ലക്ഷം രൂപ നൽകിയായിരുന്നു അനീഷ് മൂന്നിയൂർ സ്‌കൂളിൽ പ്രവേശിക്കുന്നത്. എന്നാൽ ഈ തുക തിരികെ നൽകാനോ ഇതുവരെയും തയ്യാറാകാതെ മാറ്റൊരധ്യാപകനിൽനിന്നും ലക്ഷങ്ങൾ വാങ്ങി അനീഷിനെ സർവീസിൽനിന്നും പിരിച്ചു വിടുകയായിരുന്നു. ഡി.പി.ഐയുടെ ഉത്തരവുണ്ടായിട്ടും അനീഷിന്റെ പോസ്റ്റിൽ മറ്റൊരധ്യാപകൻ ഇപ്പോഴും തുടരുകയാണ്. തെളിവുകൾ ഒന്നിനു പിന്നാലെ മറ്റൊന്നായി വന്നിട്ടും സെയ്തലവി ഇപ്പോഴും മുസ്ലിംലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റായി വിലസുകയാണ്. അറസ്റ്റിനായി ക്രൈം ബ്രാഞ്ച് അനീഷിനു വേണ്ടി തിരച്ചിൽ തുടരുമ്പോഴും മുസ്ലിം ലീഗ് നേതൃത്വം മൗനമായിരിക്കുകയാണ്. വയനാട്ടിലെ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന സെയ്തലവി ഗൾഫിലേക്ക് കടന്നതായും സൂചനയുണ്ട്.

അതേസമയം സെയ്തലവിയെ ഉടൻ പിടികൂടുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. സെയ്തലവിയുടെ അറസ്റ്റിനായി ക്രൈംബ്രാഞ്ച് എത്തിയതോടെ, ഉദ്യോഗസ്ഥ രാഷ്ട്രീയ മേലാളന്മാരുടെ തിരക്കഥയിൽ നീതി ലഭിക്കാതെ ജീവനൊടുക്കേണ്ടിവന്ന മൂന്നിയൂർ സ്‌കൂളിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകൻ കെ.കെ അനീഷിന് ജീവിച്ചിരുന്നപ്പോൾ ലഭിക്കാതെ പോയ നീതി ഇനിയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും സഹപ്രവർത്തകരും.