കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിനെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയ കേസിൽ ആലുവ റൂറൽ എസ്‌പി എ വി ജോർജിനെതിരയും നടപടിയുണ്ടാവുമെന്ന് ഉറപ്പായി. ജോർജിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ടൈഗർ സ്‌ക്വാഡാണ് ശ്രീജിത്തിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. മാത്രമല്ല, ശ്രീജിത്തിനെതിരെ വ്യാജ മൊഴി തയ്യാറാക്കിയ വിവരവും എ വി ജോർജിന് അറിയാമായിരുന്നു എന്ന സൂചനകളും ഇതോടൊപ്പം പുറത്തുവന്നു.

ഇക്കാര്യത്തിൽ വ്യക്തതവരുത്താനും ആരെല്ലാം ജോർജുമായി ബന്ധപ്പെട്ടുവെന്നും മറ്റും അറിയാനും ഫോൺരേഖകൾ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പരിശോധിച്ചുകഴിഞ്ഞു. വാസുദേവന്റെ മകൻ വിനീഷിന്റെ മൊഴി വ്യാജമായി തയ്യാറാക്കിയതായും അത് സിഐ ക്രിസ്പിൻ സാം അംഗീകരിച്ചതായും കണ്ടെത്തിയിരുന്നു. ഇതിൽ ക്രിസ്പിനെതിരെ വകുപ്പുതല നടപടിയെടുക്കുകയും ശ്രീജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാക്കുകയും ചെയ്തിരുന്നു. ഇതേ കുറ്റംതന്നെയാണ് എവി ജോർജും ചെയ്തിട്ടുള്ളതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ഇതോടൊപ്പം അന്വേഷിക്കുന്ന മറ്റൊരു വിവരവും നിർണായകമാണ്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ സിപിഎം പ്രാദേശിക നേതാക്കളുടെ ഇടപെടൽ ഉണ്ടായെന്ന ആക്ഷേപം സജീവമാണ്. ഇതിൽ തെളിവുകളുണ്ടോ എന്ന കാര്യവും പരിശോധിച്ചുവരികയാണ്.. ജോർജിന്റെ നിർദേശ പ്രകാരമാണ് ടൈഗർ ഫോഴ്‌സ് അംഗങ്ങൾ ശ്രീജിത്തിനെയും മറ്റുചിലരേയും കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുക്കാൻ നിർദ്ദേശം നൽകിയ ഉദ്യോഗസ്ഥൻ എന്ന നിലയിലും ജോർജിന്റെ പങ്കാളിത്തവും ചർച്ചയായി. സംഭവം വിവാദമായതിന് പിന്നാലെ ടൈഗർ ഫോഴ്‌സ് പിരിച്ചുവിട്ടിരുന്നു.

മാത്രമല്ല കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായതും പൊലീസ് ക്യാമ്പിൽ നിന്ന് ടൈഗർ ഫോഴ്‌സിലേക്ക് നിയോഗിച്ചിരുന്ന മൂന്ന് പൊലീസുകാരാണ്. ഇവരുടെ പൂർണ നിയന്ത്രണം ജോർജിനായിരുന്നു. അതിനാൽ ഇവർക്കെതിരെ നടപടി ഉണ്ടായ സാഹചര്യത്തിൽ ചുമതല ഉണ്ടായിരുന്ന ജോർജിനും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന വാദം ശക്തമാണ്. ജോർജിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കേസിൽ പ്രതിയാകുമെന്നും നേരത്തേ തന്നെ സൂചനകൾ വന്നിരുന്നു. ഇത് ശരിവയ്ക്കുംവിധമാണ് ഇപ്പോൾ ജോർജിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുമെന്ന വിവരവും പുറത്തുവരുന്നത്.

ഇന്നലെ ആഭ്യന്തര വകുപ്പിൽ ജില്ലാ പൊലീസ് മേധാവികളെ മാറ്റിക്കൊണ്ടുള്ള സർക്കാർ തീരുമാനം പുറത്തുവന്നിരുന്നു. എന്നാൽ ഇതോടൊപ്പം ജോർജിനെ എവിടെയും നിയമിക്കുന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം ചർച്ചയായതിന് പിന്നാലെ ജോർജിനെ റൂറൽ എസ്‌പി സ്ഥാനത്തുനിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്. മറ്റു പദവികൾ നൽകിയിരുന്നുമില്ല. ഇന്നലെ എസ്‌പിമാരെ മാറ്റി നിയമിക്കുന്നതിനൊപ്പം ജോർജിനെയും മറ്റേതെങ്കിലും ജില്ലയിലേക്ക് മാറ്റി നിയമിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല. ജോർജിനെതിരെ കർശന നടപടിയുണ്ടാകുമെന്ന സൂചനകളാണ് ഇതോടെ ലഭിക്കുന്നത്.