ആലുവ: പെരുമ്പാവൂർ വെടിവയ്‌പ്പു കേസിലെ ആറാം പ്രതിയായ വേങ്ങൂർ മുടക്കുഴ മറ്റപ്പാടൻ വീട്ടിൽ ലിയോ (25) യെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി, പെരുമ്പാവൂർ കുറുപ്പംപടി, കോതമംഗലം തുടങ്ങിയ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, കവർച്ച, ആയുധം കൈവശം വയ്ക്കൽ തുടങ്ങി പത്തോളം കേസുകളിൽ ലിയോ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ ഇപ്പോൾ റിമാന്റിലാണ്. കഴിഞ്ഞ ജൂലൈയിൽ അമൽ എന്നയാളെ നാടൻ ബോംബെറിഞ്ഞശേഷം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിന് കുറുപ്പംപടി പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയതിരുന്നു.

ഈ കേസിലെ പ്രധാന പ്രതിയായ ലാലുവിനെയും, സ്ഥിരം കുറ്റവാളിയായ അമലിനേയും കാപ്പ ചുമത്തി നേരത്തെ വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചിരുന്നു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി ഇതുവരെ 20 പേരെ ജയിലിൽ അടച്ചതായും 23 പേരെ നാടുകടത്തിയതായും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് വ്യക്തമാക്കി.