ലണ്ടൻ: ജീവിക്കാൻ ഏറെ ഭീഷണികൾ നേരിടുന്നതും ആക്രമണങ്ങളും കൊലപാതകങ്ങളും പെരുകുന്നതുമായ സ്ഥലങ്ങളുടെ പുതിയ മാപ്പ് പുറത്ത് വന്നു. ഇത്തരത്തിൽ ജീവന് ഏറെ ഭീഷണി നേരിടുന്നതും ജീവിക്കാൻ ഏറെ വെല്ലുവിളികൾ നിറഞ്ഞതുമായ ഇടങ്ങളിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലാണ് വെസ്റ്റ് യോർക്ക്ഷെയറും മാഞ്ചസ്റ്ററും ക്ലീവ് ലാൻഡും നിലകൊള്ളുന്നത്. ആക്രമണങ്ങളും കൊലപാതകങ്ങളും പെരുന്ന ലണ്ടൻ പോലും ഈ നഗരങ്ങളേക്കാൾ ഏറെ ഭേദമാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഈ അവസരത്തിൽ നിങ്ങൾ ജീവിക്കുന്ന ടൗൺ ക്രിമിനൽ കേസുകളുടെ കാര്യത്തിൽ എവിടെ നിൽക്കുന്നുവെന്ന് അറിയുന്നത് നന്നായിരിക്കും.

നാളിതുവരെ സമാധാനപരമായ ജീവിതം നയിക്കാൻ സാധിച്ചിരുന്ന സബർബുകളിൽ പോലും എത്തരത്തിലാണ് ആക്രമണങ്ങളും കുറ്റകൃത്യങ്ങളും പെരുകുന്നതെന്നും ഈ മാപ്പ് വെളിപ്പെടുത്തുന്നു. ഈ മാപ്പ് പ്രകാരം വെസ്റ്റ് യോർക്ക്ഷെയറാണ് ഇംഗ്ലണ്ടിലും വെയിൽസിലും വച്ച് ജീവിക്കാൻ ഏറെ പേടിക്കേണ്ടുന്ന പ്രദേശം.ഇവിടെ 1000 പേരിൽ നൂറിലധികം പേർ കുറ്റകൃത്യങ്ങൾക്കിരകളാണ്. ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും കാര്യത്തിൽ 42 കൗണ്ടികളിൽ ലണ്ടന് 10ാം സ്ഥാനം മാത്രമേയുള്ളൂ. തലസ്ഥാനത്ത് ഈ വർഷം കൊലപാതകങ്ങളും കത്തിക്കുത്തുകളും പെരുകിയിട്ടും ലണ്ടന് അത്ര പേടിക്കേണ്ടുന്ന സ്ഥലമല്ലെന്നും ഹോം ഓഫീസിൽ നിന്നുള്ള ഡാറ്റകൾ വെളിപ്പെടുത്തുന്നു.

പെരുകുന്ന ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും കാര്യത്തിൽ നാലാം സ്ഥാനമാണ് സൗത്ത് യോർക്ക്ഷെയറിനുള്ളത്. നോർത്തംബ്രിയ, കെന്റ്, ഹംബർസൈഡ്, ഡർഹാം, ലങ്കാഷെയർ, ലണ്ടൻ, നോട്ടിങ്ഹാംഷെയർ, മെഴ്സി സൈഡ്, വെസ്റ്റ് മിഡ്ലാൻഡ്സ്, ഗ്വെന്റ്, ലെയ്സെസ്റ്റർഷെയർ, ഹാംപ്ഷെയർ, നോർത്താംപ്ടൺഷെയർ, കേംബ്രിഡ്ജ്ഷെയർ, ഏവൻ ആൻഡ് സോമർസെറ്റ്, നോർത്ത് വെയിൽസ്, സ്റ്റാഫോർഡ്ഷെയർ, സൗത്ത് വെയിൽസ്, ബെഡ്ഫോർഡ്ഷെയർ, എസെക്സ്, വാർവിക്ക് ഷെയർ, ചെഷയർ, ഹെർട്ട്ഫോർട്ട്ഷെയർ, സഫോക്ക്, വെസ്റ്റ് മെർസിയ, ഡോർസെറ്റ്, തെയിംസ് വാലി, സസെക്സ്, വിൽറ്റ് ഷെയർ, കുംബ്രിയ,നോർഫോക്ക്,ഡെവൻ ആൻഡ് കോൺവാൾ, സറെ, ലിൻകോളിൻഷെയർ,ഗ്ലൗസെസ്റ്റർഷെയർ, ഡെർബിഷെയർ,നോർത്ത് യോർക്ക്ഷെയർ, ഡൈഫെഡ് പൗവിസ് എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ നിലകൊള്ളുന്നത്.

പുതിയ മാപ്പ് പ്രകാരം കെന്റിൽ ആക്രമണങ്ങൾ കടുത്ത തോതിലാണ് പെരുകുന്നത്. ഇവിടെ കഴിഞ്ഞ വർഷം കത്തിക്കുത്തിൽ 40 ശതമാനമാണ് പെരുപ്പമുണ്ടായിരിക്കുന്നത്. വെസ്റ്റ് യോർക്ക്ഷെയറിൽ 1000 പേരിൽ 101.7 പേർ ഇത്തരം ആക്രമണങ്ങൾക്ക് ഇരകളായിത്തീരുന്നുണ്ട്. 2001 മുതൽ മെട്രൊപൊളിറ്റൻ പൊലീസ് ഓഫീസർമാരുടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ലണ്ടനിൽ കടുത്ത രീതിയിലാണ് ആക്രമണങ്ങളും കൊലപാതകങ്ങളും പെരുകുന്നത്. പെരുകുന്ന മയക്കുമരുന്ന് വ്യാപാരമമാണ് ആക്രമണങ്ങൾ കൂടുന്നതിന് പ്രധാന കാരണമെന്നാണ് മുതിർന്ന ഓഫീസർമാർ കുറ്റപ്പെടുത്തുന്നത്.