- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലെ ഓഫീസിൽ റെയ്ഡ് നടന്ന് നാലുമാസം പിന്നിടുമ്പോൾ ക്രൈം നന്ദകുമാറിന്റെ അറസ്റ്റും; കുറ്റം മന്ത്രി വീണ ജോർജിന് എതിരായ അപകീർത്തികരമായ പരാമർശം എഫ്ബി വഴിയും യൂട്യൂബ് ചാനൽ വഴിയും പ്രചരിപ്പിച്ചത്; അറസ്റ്റ് അതീവരഹസ്യമായി ജാമ്യമില്ലാ കുറ്റം ചുമത്തി
കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു. കാക്കനാട് സൈബർ പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുറച്ച് നാൾ മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. നന്ദകുമാറിനെ കോടതിയിൽ ഹാജരാക്കും.
മന്ത്രിക്കെതിരെ അപകീർത്തികരവും അശ്ലീലവുമായ ഫോൺ സംഭാഷണം നടത്തി ഫേസ്ബുക്ക് വഴിയും യൂട്യൂബ് ചാനൽ വഴിയും പ്രചരിപ്പിച്ചുവെന്നാണ് നന്ദകുമാറിനെതിരായ പുതിയ കേസ്. ഈ സംഭവത്തിൽ ഐ.ടി ആക്ട് പ്രകാരമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.
ക്രൈം നന്ദകുമാറിനെതിരെ ഹൈക്കോടതി അഭിഭാഷകൻ ബി.എച്ച് മൻസൂറാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ ജനപക്ഷം സെക്കുലർ നേതാവും മുൻ എംഎൽഎയുമായ പിസി ജോർജിനെതിരെ നേരത്തെ പൊലീസ് െേകസടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പിസി ജോർജ് സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയായിരുന്നു നടപടി. പിസി ജോർജിന്റെ ടെലിഫോൺ സംഭാഷണം സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ചതോടെയാണ് ക്രൈം ഉടമ നന്ദകുമാറിനെയും കേസിൽ പ്രതിയാക്കിയത്. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു നിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ജോർജുമായി നന്ദകുമാർ നടത്തിയ ടെലഫോൺ അഭിമുഖമാണ് വിവാദമായത്.
മന്ത്രിയാകാൻ യോഗ്യതയില്ലാത്ത ആളാണ് വീണ ജോർജെന്നു തെളിയിച്ചെന്നും സിനിമാ നടിയാകാൻ യോഗ്യയാണ് മന്ത്രിയെന്നും പിണറായിയുടെ അസിസ്റ്റന്റായ ആളെ പിടിച്ചു മന്ത്രിയാക്കിയിരിക്കുകയാണെന്നും സംഭാഷണത്തിൽ ജോർജ് പറയുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് അഭിമുഖമെന്നും അത് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രൈം ഓൺലൈനിൽ പിസി ജോർജ് നടത്തിയ വിവാദപരാമർശം ഇങ്ങനെ: 'സംസ്ഥാനത്തിന് അപമാനമാണ് വീണാ ജോർജെന്ന ആരോഗ്യമന്ത്രി. സംശയം വേണ്ട. എന്തൊരു കഷ്ടകാലമാണെന്നാലോചിക്കണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ള നാടായി കേരളത്തെ മാറ്റിയെടുത്തതിന് വീണാ ജോർജിന് അവാർഡ് കിട്ടും. അവര് ടീവീല് എന്നും വരുന്നതെന്തിനാ? അവരുടെ സൗന്ദര്യം കാണിക്കാൻ വരികയാ. എന്നാ സൗന്ദര്യം, ആരുടെ സൗന്ദര്യം? എയ്ജ് ഇത്ര ആയില്ലേ. കിളവിയാണെന്ന് ചിന്തിക്കേണ്ടേ അവർ. ആരെ കാണിക്കാനാ, ആർക്കു വേണ്ടിയാ ഇതൊക്കെ, കാണിക്കേണ്ടവരെ കാണിക്കുന്നുണ്ടെന്നാ. അത് ജനങ്ങളെ കാണിക്കണ്ടല്ലോ. കോവിഡ് പിടിച്ചു ജനങ്ങൾ മരിക്കുമ്പോ ചിരിച്ചുകൊണ്ടിരിക്കുകയല്ലേ. എങ്ങനെ അവർക്ക് ചിരിക്കാൻ പറ്റുന്നു. എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല.'
അതേസമയം, യാതൊരു മുന്നറിയിപ്പും കൂടാതെ നന്ദകുമാറിന്റെ എറണാകുളത്തെ ക്രൈമിന്റെ ഓഫിസിലെത്തി അതീവ രഹസ്യമായിട്ടാണ് നന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ കുറ്റം ചുമത്തിയുള്ള അറസ്റ്റ് ഇടതുസർക്കാരിനും, ലാവ്ലിൻ കേസിൽ പിണറായി വിജയനും എതിരെ നിരന്തരം വാർത്തകൾ നൽകുന്നതിന്റെ പകപോക്കലാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. നോട്ടീസും ചോദ്യം ചെയ്യലും ഒന്നും ഇല്ലാതെ അതീവ രഹസ്യമായി അറസ്റ്റ് വാറണ്ടുമായി പൊലീസ് എത്തിയപ്പോൾ നന്ദകുമാർ നടപടിക്ക് വഴങ്ങുകയായിരുന്നു.
നന്ദകുമാറിന് എതിരെ പകപോക്കലോ?
ഇക്കഴിഞ്ഞ ജൂലൈയിൽ ക്രൈം നന്ദകുമാറിന്റെ ഓഫീസിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരത്തു നിന്നുള്ള സൈബർ പൊലീസ് വിഭാഗമാണ് ക്രൈം നന്ദകുമാറിന്റെ ഓഫീസിലെത്തി പരിശോധന നടത്തിയത്. കൊച്ചി കല്ലൂരിലെ ഓഫീസിലായിരുന്നു പരിശോധന.
പരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളെ കൊന്നുകളയുന്നു എന്ന ആരോപണവുമായിട്ടായിരുന്നു പരിശോധനക്ക് ആധാരമായ വിവാദ വാർത്ത ക്രൈം യുട്യൂബ് ചാനൽ പുറത്തുവിട്ടത്. ഇതിന് തെളിവുണ്ടെന്നാണ് നന്ദകുമാർ അവകാശപ്പെട്ടത്. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ പരിയാരം മെഡിക്കൽ കോളേജ് അധികൃതരുടെ പരാതിയിൽ കേസു രജിസ്റ്റർ ചെയ്തതും.
പിണറായി വിജയനെതിരെ ലാവലിൻ കേസിൽ ഇഡി ഓഫിസിൽ ഹാജരായി ക്രൈം നന്ദകുമാർ മൊഴി നൽകുകയും രേഖകൾ കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി വന്നത്. അതേസമയം എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ മുഴുവൻ തെളിവുകളും കൈമാറിയെന്നാണ് നന്ദകുമാർ അവകാശപ്പെട്ടത്. ഇതിന്റെ പ്രതികാരം തീർക്കുകയാണ് പൊലീസ് റെയ്ഡിലൂടെ പിണറായി ചെയ്തതെന്നു നന്ദകുമാർ ആരോപിച്ചിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ