കൊച്ചി: ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തത് ആരോഗ്യ മന്ത്രി വീണ ജോർജിന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള വാർത്താ പ്രചരണത്തിന് എന്ന് കൊച്ചി സൈബർ ക്രൈം പൊലീസ്. മന്ത്രിയുടെ സ്ത്രീത്വത്തെ അപമാനിക്കണമെന്നും, അപകീർത്തിപ്പെടുത്തണം എന്നുമുള്ള ഉദ്ദേശത്തോടെ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തി. മനുഷ്യമനസ്സിനെ ദുഷിപ്പിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ ഉൾപ്പെടുന്ന വീഡിയോ യൂട്യൂബിലും ഫേസ്‌ബുക്കിലും പ്രചരിപ്പിച്ചു. ഈ കുറ്റങ്ങൾക്കാണ് ഐടി നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ക്രൈം പത്രാധിപർ ടി.പി. നന്ദകുമാറിനെ കലൂരിലെ ക്രൈം ഓഫീസിൽ നിന്നും അറസ്റ്റ് ചെയ്തത്.

സ്ത്രീകൾക്കെതിരെയുള്ള അപവാദ പ്രചരണങ്ങൾക്കും സോഷ്യൽ മീഡിയ വഴിയുള്ള ആക്രമണങ്ങൾക്കും ശക്തമായ നടപടി സ്വീകരിക്കേണ്ടതാണെന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റ് എന്ന് കൊച്ചി സൈബർ ക്രൈം പൊലീസ് വാർത്താ കുറിപ്പിൽ പറഞ്ഞു.

പ്രതി സ്ഥിരമായി സമൂഹത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്നവരും മാന്യമായി ജീവിക്കുന്നവരുമായ സ്ത്രീകൾ ഉൾപ്പടെ ഉള്ളവരെ കുറിച്ച് അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ സോഷ്യൽ മീഡിയയിലുടെ പ്രചരിപ്പിക്കുന്നതിനാൽ കേരളത്തിലെ പല പൊലീസ് സ്റ്റേഷനുകളിലും കേസ്സുകൾ നിലവിലുണ്ട്.

ചാനലിന് സബ്‌സ്‌ക്രൈബേഴ്‌സിനെ വർദ്ധിപ്പിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നത് എന്നും കുറിപ്പിൽ പറയുന്നു. കൊച്ചി സൈബർ പാലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് നന്ദകുമാറിന്റെ വീട്ടിലും ഓഫീസിലും ഡിജിറ്റൽ തെളിവുകൾക്കും മറ്റുമായി പൊലീസ് തിരച്ചിൽ നടത്തി. ക്രൈം നന്ദകുമാറിനെതിരെ മന്ത്രിയുടെ പിഎ ആണ് പരാതി നൽകിയത്.

മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ ജനപക്ഷം സെക്കുലർ നേതാവും മുൻ എംഎൽഎയുമായ പിസി ജോർജിനെതിരെ നേരത്തെ പൊലീസ് കേസടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പിസി ജോർജ് സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയായിരുന്നു നടപടി. പിസി ജോർജിന്റെ ടെലിഫോൺ സംഭാഷണം സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ചതോടെ ക്രെം ഉടമ നന്ദകുമാറിനെയും ഈ കേസിൽ പ്രതിയാക്കിയിരുന്നു. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു നിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ജോർജുമായി നന്ദകുമാർ നടത്തിയ ടെലഫോൺ അഭിമുഖമാണ് വിവാദമായത്.

മന്ത്രിയാകാൻ യോഗ്യതയില്ലാത്ത ആളാണ് വീണ ജോർജെന്നു തെളിയിച്ചെന്നും സിനിമാ നടിയാകാൻ യോഗ്യയാണ് മന്ത്രിയെന്നും പിണറായിയുടെ അസിസ്റ്റന്റായ ആളെ പിടിച്ചു മന്ത്രിയാക്കിയിരിക്കുകയാണെന്നും സംഭാഷണത്തിൽ ജോർജ് പറയുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് അഭിമുഖമെന്നും അത് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയെന്നും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, യാതൊരു മുന്നറിയിപ്പും കൂടാതെ നന്ദകുമാറിന്റെ എറണാകുളത്തെ ക്രൈമിന്റെ ഓഫിസിലെത്തി അതീവ രഹസ്യമായിട്ടാണ് നന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ കുറ്റം ചുമത്തിയുള്ള അറസ്റ്റ് ഇടതുസർക്കാരിനും, ലാവ്‌ലിൻ കേസിൽ പിണറായി വിജയനും എതിരെ നിരന്തരം വാർത്തകൾ നൽകുന്നതിന്റെ പകപോക്കലാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. നോട്ടീസും ചോദ്യം ചെയ്യലും ഒന്നും ഇല്ലാതെ അതീവ രഹസ്യമായി അറസ്റ്റ് വാറണ്ടുമായി പൊലീസ് എത്തിയപ്പോൾ നന്ദകുമാർ നടപടിക്ക് വഴങ്ങുകയായിരുന്നു.