- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണാ ജോർജിനെതിരെയുള്ള വീഡിയോ ഡിലീറ്റ് ചെയ്തില്ല; ഭർത്താവ് എവിടെ എന്ന് ചോദിച്ച് വീണ്ടും വീഡിയോ ചെയ്തു; ക്രൈം നന്ദകുമാറിന്റെ ജാമ്യം റദ്ദാക്കാനുള്ള പൊലീസ് അപേക്ഷ അംഗീകരിച്ചു കോടതി; അപ്പീൽ നൽകിയ ശേഷം പിടികൊടുക്കാതെ മാറി നിന്ന് നന്ദകുമാർ; നന്ദകുമാർ വേട്ട തുടർന്ന് പിണറായി
കൊച്ചി: ക്രൈം നന്ദകുമാറിന്റെ ജാമ്യം കോടതി റദ്ദാക്കി. പൊലീസ് അപേക്ഷ അംഗീകരിച്ചാണ് നടപടി. ഈ സാഹചര്യത്തിൽ വീണ്ടും നന്ദകുമാർ ഒളിവിൽ പോയി. വീണാ ജോർജിനെതിരായ വീഡിയോ പിൻവലിക്കാത്ത നന്ദകുമാർ മന്ത്രിയുടെ ഭർത്താവ് എവിടെ എന്ന് ചോദിച്ച് വീഡിയോ വീണ്ടും ചെയ്തു. ഇതാണ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി പൊലീസ് പറയുന്ന കാരണം. ഇത് അംഗീകരിച്ചാണ് നന്ദകുമാറിന്റെ ജാമ്യം കോടതി റദ്ദാക്കിയത്. ഇതിനെതിരെ മേൽകോടതിയിൽ നന്ദകുമാർ അപ്പീൽ നൽകിയിട്ടുണ്ട്. എറണാകുളം ചീഫ് ജ്യൂഡീഷ്യൽ മജിസ്‌ട്രേട്ടാണ് ജാമ്യം റദ്ദാക്കിയത്.
ആരോഗ്യ മന്ത്രി വീണാ ജോർജിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ ക്രൈം വാരികയുടെ പത്രാധിപർ നന്ദകുമാറിനെ തൃക്കാക്കര സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയിന്മേൽ ഡി ജി പിയുടെ നിർദ്ദേശമനുസരിച്ചായിരുന്നുഅറസ്റ്റ്. ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിൽ വിളിച്ചു വരുത്തിയതിന് ശേഷമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.പ്രാഥമിക അന്വേഷണത്തിൽ നന്ദകുമാർ സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഈ കേസിൽ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
മന്ത്രിക്കെതിരായ യുട്യൂബ് വീഡിയോ പ്രൈവറ്റാക്കണമെന്നും തുടരപമാനം പാടില്ലെന്നും ജാമ്യം വ്യവസ്ഥയിൽ കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതു രണ്ടും നന്ദകുമാർ ലംഘിച്ചുവെന്ന് ജാമ്യം റദ്ദാക്കുന്ന ഉത്തരവിൽ മജിസ്‌ട്രേട്ട് വിശദീകരിക്കുന്നുണ്ട്. ജാമ്യം റദ്ദാക്കി നോൺ ബെയിലബർ വാറണ്ടും നന്ദകുമാറിനെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് നന്ദകുമാറിന്റെ തീരുമാനം. ഇതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
ക്രൈം വാരികയുടെ ഓൺലൈൻ പേജിലൂടെ മന്ത്രിക്കെതിരെ വളരെയേറെ മോശമായ പരാമർശങ്ങളാണ് നന്ദകുമാർ ഉന്നയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഫേസ്‌ബുക്കിലൂടെയും യൂട്യൂബിലൂടെയും നടത്തിയ പരാമർശങ്ങളിൽ ആരോഗ്യമന്ത്രി സ്ത്രീത്വത്തിന് വരെ അപമാനമാണെന്ന രീതിയിൽ നന്ദകുമാർ പ്രസ്താവന നടത്തിയതായി പൊലീസ് അറിയിച്ചു.കഴിഞ്ഞ ജൂലായിലും നന്ദകുമാറിനെതിരെ പരിയാരം മെഡിക്കൽ കോളേജിനെ മോശമാക്കി വാർത്ത നൽകിയെന്നാരോപിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ക്രൈം വാരികയുടെ കൊച്ചിയിലെ ഓഫീസിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു മറ്റൊരു പരാതിയിൽ അറസ്റ്റ്.
ജയിലിൽ നിന്ന് ജാമ്യം കിട്ടി പുറത്തിറങ്ങിയ നന്ദകുമാർ മുഖ്യമന്ത്രിക്ക് എതിരെ ആരോപണങ്ങളും ഉയർത്തി. പിണറായി വിജയനെതിരെയും മന്ത്രി വീണ ജോർജിനെതിരെയും നന്ദകുമാർ പ്രതികരിച്ചു.തന്നെ ജയിലിൽ വെച്ച് അപായപ്പെടുത്തുവാൻ മുഖ്യമന്ത്രിയുടെ ഇടപെടലിൽ ശ്രമം ഉണ്ടാവും എന്ന് താൻ കോടതിയെ അറിയിച്ചു, അതിനെ തുടർന്ന് തനിക്ക് ജയിൽമാറ്റം ഉണ്ടാവുകയും തനിക്ക് കോടതി ജയിലിൽ സുരക്ഷ നൽകുകയും ചെയ്തിരുന്നു. ഈ കേസിനെതിരെ ശക്തമായി പോരാടുമെന്നും ഹൈക്കോടതിയിൽ താൻ മറ്റൊരു ഹർജി നൽകുമെന്നും നന്ദകുമാർ പറഞ്ഞിരുന്നു. ഇപ്പോൾ ഒരു വീഡിയോയെ കുറിച്ചാണ് എനിക്കെതിരെ കേസ്. അതിനെ കുറിച്ച് ഇപ്പോൾ ഞാൻ ഒന്നും പ്രതികരിക്കുന്നില്ല. കാരണം കോടതിയുടെ പരിഗണയിലാണ് ഉള്ളത്-ഇതായിരുന്നു വെളിപ്പെടുത്തൽ.
വീണ ജോർജ് അങ്ങനെ ഉള്ള ആളല്ലെന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ അങ്ങനെ ആണെന്ന് ഞാൻ പറഞ്ഞെന്നാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. ഈ വീഡിയോ ഇനി ഹൈക്കോടതിയിൽ പരിഗണിക്കും. എന്റെ മുന്നിൽ തന്നെയാണ് പിണറായി വിജയനും ഡിജിപിയും ഈ കേസിൽ ഇടപെട്ടതെന്നും നന്ദകുമാർ ആരോപിക്കുന്നു. തനിക്കെതിരെ കേസെടുത്തതും ജയിലിലടച്ചതും രാഷ്ട്രീയ പ്രേരിതമാണെന്നും നന്ദകുമാർ കൂട്ടി ചേർത്തിരുന്നു. ഓഫീസിൽ റെയ്ഡ് നടത്തിയത് ലാവ്‌ലിൻ കേസ് രേഖകൾ എടുക്കാനാണെന്നും ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വീണാ ജോർജ്ജുമായി ബന്ധപ്പെട്ട് മറ്റൊരു വീഡിയോ ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിച്ചതും അത് അംഗീകരിച്ചതും. നന്ദകുമാറിനെ വീണ്ടും ജയിലിൽ അടയ്ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് വ്യക്തം.
മറുനാടന് മലയാളി ബ്യൂറോ