- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറിൽ ഓണനാളിൽ കാറിൽ സഞ്ചരിച്ച കുടുംബത്തിന് നേരേ നടന്ന ആക്രമണം: പ്രതി ഹരീഷ് പിടിയിൽ; പ്രതിയും കൂട്ടാളികളും കുടുംബത്തിലെ പുരുഷന്മാരെ ആക്രമിച്ചതായും സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറിയെന്നും മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചെന്നും പരാതി; ആക്രമണം നടന്നത് കാർ തടഞ്ഞ് നിർത്തി
മൂന്നാർ: കാറിലെത്തിയ കുടുംബത്തിലെ പുരുഷന്മാരെ മർദ്ദിക്കുകയും സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറുകയും ആഭരണങ്ങൾ അപഹരിക്കാൻ ശ്രമിക്കുകയും ചെയ്ത മൂന്നംഗസംഘത്തിലെ പ്രധാനി പിടിയിൽ. പള്ളിവാസൽ എസ്റ്റേറ്റ് ആറ്റുകാട് ഡിവിഷനിലെ 10 മുറി ലയത്തിലെ താമസക്കാരനായ ഹരീഷി(21)നെയാണ് മൂന്നാർ സി ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.ഇയാൾ മയക്കുമരുന്നിടമയാണെന്നാണ് പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ ഓണനാളിലാണ് നാട്ടുകാരെ നടുക്കിയ ആക്രമണ പരമ്പര നടന്നത്.
തൊടുപുഴ സ്വദേശികളെയാണ് ഹരീഷും സുഹൃത്തുക്കളായ ബാലകൃഷ്ണനും ,ബാലസുധനും ചേർന്ന് പലവട്ടം ആക്രമിച്ചത്.മാതാപിതാക്കളും മകനും മകന്റെ ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്.ആറ്റുകാട് വച്ചായിരുന്നു ആദ്യ ആക്രമണം.ഹരീഷായിരുന്നു കാർ തടഞ്ഞുനിർത്തിയത്.
കാറിൽ നിന്നും പുരുഷന്മാരെ ഹരീഷ് വലിച്ചുചാടിച്ച് പുറത്തിട്ട് മർദ്ദിച്ചെന്നും സ്ത്രീകളെ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ചെന്നുമാണ് പൊലീസിൽ ലഭിച്ച പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.
ആറ്റുകാട് നിന്നും കാർ യാത്ര സംഘം ഒരു വിധം രക്ഷപെട്ട് മുന്നോട്ടുപോയി പള്ളിവാസലിൽ എത്തിയപ്പോൾ ഹരീഷ് പിൻതുടർന്നെത്തി വീണ്ടും ആക്രമിച്ചെന്നും യുവതിയുടെ ചുരിദാർ വലിച്ചുകീറിയെന്നും കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
നാട്ടുകാർ നോക്കിനിൽക്കെയാണ് ഹരീഷും ഇയാളുടെ നിർദ്ദേശപ്രകാരം ഓട്ടോയിൽ പിൻതുടർന്നെത്തിയ സുഹൃത്തുക്കളും കാർയാത്രികരെ ആക്രമിച്ചതെന്നും ആക്രമണത്തിൽ കാറിന് കേടുപാടുകൾ പറ്റിയിരുന്നെന്നും പൊലീസ് അറിയിച്ചു.സംഭവത്തിൽ രണ്ടും മൂന്നും പ്രതികളായ ഇയാളുടെ സുഹൃത്തുക്കളെ നേരത്തെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
മറുനാടന് മലയാളി ലേഖകന്.