ആലുവ: അനിയൻ നൽകാനുള്ള പണത്തിന് വേണ്ടി ചേട്ടനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി. എട്ടുലക്ഷം രൂപ ഈടാക്കാനാണ് ചേട്ടനെ തട്ടി കൊണ്ടുപോയി തല്ലി വശംകെടുത്തിയത്. ഏഴംഗ സംഘം 3.5 ലക്ഷം രൂപയും ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുവിന്റെ പ്രമാണവും തട്ടിയെടുത്തു. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി 7 പേർക്കെതിരെ കേസെടുത്തതായി കുറുപ്പംപടി സിഐ .കെ.ആർ.മനോജ് അറിയിച്ചു.

പ്ലൈവുഡ് കമ്പനി ഉടമ മുടിക്കൽ മടത്താട്ട് ജെമീറിന്റെ മൊഴിപ്രകാരമാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുള്ളത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലാണ്. ഇന്നലെ വൈകിട്ട് 3 മണിയോടെ ചെറുകുന്നത്തിന് സമീപത്തുനിന്നുമാണ് ജെമീറിനെ അക്രമിസംഘം തട്ടിക്കൊണ്ടുപോകുന്നത്.

താൻ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി കത്തികാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അക്രമികൾ തന്നെ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നെന്നും പെരുമ്പാവൂർ വല്ലത്തുള്ള സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലെത്തിച്ച് മർദ്ദിച്ചെന്നും പണം തട്ടിയെടുത്തെന്നുമാണ് ജെമീർ പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്.

ജെമീറിന്റെ സഹോദരൻ അമീർ അക്രമികൾക്ക് എട്ടുലക്ഷത്തിൽപ്പരം രൂപ നൽകാനുണ്ടായിരുന്നെന്നും ഇത് ഈടാക്കുന്നതിനാണ് ജെമീറിനെ തട്ടിക്കൊണ്ടുപോയി പണം അപഹരിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേണത്തിൽ ലഭ്യമായ വിവരം.

അക്രമികളിൽ ഒരാൾ അമീറിന്റെ പക്കൽ നിന്നും വൻതോതിൽ പ്ലൈവുഡ് വാങ്ങിയിരുന്നു. ഇത് വിൽപ്പന നടത്തിയപ്പോൾ ഗുണനിലവാരമില്ലാത്തതിനാൽ 8 ലക്ഷത്തിൽപ്പരം രൂപ നഷ്ടമുണ്ടായി. ഇതോടെ പണം തിരിച്ചുനൽകാൻ അമീർ തയ്യാറാകാതെ വന്നതോടെയാണ് സഹോദരനെ തട്ടിക്കൊണ്ടുപോയത്. വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തത വരുത്തനാവു എന്നാണ് പൊലീസ് പറയുന്നത്.

ഗോഡൗണിലെത്തിച്ച സംഘം മർദ്ദനത്തിനിടയിൽ ജെമീറിൽ നിന്നും ചെക്കുകളിലും മുദ്രപത്രങ്ങളിലും ബലമായി ഒപ്പിട്ട് വാങ്ങുകയും ചെയ്തു. മകനും കൂട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവിൽ വൈകിട്ട് 6 മണിയോടെയാണ് വല്ലത്തെ ഗോഡൗണിലുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് പെരുമ്പാവൂർ പൊലീസെത്തിയാണ് ജെമീറിനെ മോചിപ്പിച്ചത്.