- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുവത്തൂരിൽ മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘം കാർ തടഞ്ഞു നിർത്തി; നാട്ടുകാർ ഓടി എത്തിയപ്പോൾ ഡ്രൈവറും അക്രമി സംഘവും കാറുപേക്ഷിച്ച് രക്ഷപ്പെട്ടു; പൊലീസെത്തി പരിശോധിച്ചപ്പോൾ കണ്ടത്തിയത് രഹസ്യ അറയിൽ സൂക്ഷിച്ച 15 ലക്ഷത്തിന്റെ കുഴൽപ്പണം
കാസർകോട്: കാലിക്കടവ്: ചെറുവത്തൂർ മട്ടലായിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാറിനകത്തു നിന്നും 15,65,000 രൂപ കണ്ടെടുത്തു. ഇന്നലെ രാത്രി 8.30 മണിക്ക് മാരകായുധങ്ങളുമായെത്തിയ അഞ്ചംഗ അക്രമി സംഘം കാർ തടഞ്ഞതിനെത്തുടർന്നാണ് കാർ ഡ്രൈവർ കാറുപേക്ഷിച്ച് രക്ഷപ്പെട്ടത്.
ഇന്നലെ രാത്രി 8.30 മണിയോടെയാണ് കാഞ്ഞങ്ങാട് ഭാഗത്തു നിന്നും കാലിക്കടവ് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെ.എൽ58 ഏ.ബി.4324 നമ്പർ കാർ മട്ടലായിയിൽ ആയുധധാരികളായ സംഘം തടഞ്ഞു നിർത്തിയത്. വടിവാളും, മാരകായുധങ്ങളുമായെത്തിയ സംഘമാണ് കാർ തടഞ്ഞു നിർത്തിയത്.
ഇതേത്തുടർന്ന് ബഹളമുണ്ടായതോടെ നാട്ടുകാർ ഓടിയെത്തുകയും, ആക്രമി സംഘം ഓടി രക്ഷപ്പെടുകയുമായിരുന്നു. കാറോടിച്ചിരുന്ന കണ്ണൂർ മൊകേരിയിലെ തടിയന്റവീട് നൗഷാദ് കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തുടർന്ന് ചന്തേര പൊലീസ് സ്ഥലത്തെത്തി കാർ കസ്റ്റഡിയിലെടുത്തു.
തുടർന്ന് നടത്തിയ പരിശോധനയിൽ കാറിനകത്തു നിന്ന് നൗഷാദിന്റെ ഐഡന്റികാർഡ് കണ്ടെത്തി. ഇതോടെയാണ് കാറോടിച്ചിരുന്നയാളെ പൊലീസ് തിരിച്ചറിഞ്ഞത്. കാറിന്റെ മുൻ സീറ്റിൽ പ്രത്യേക അറയ്ക്കകത്ത് സൂക്ഷിച്ചിരുന്ന 15,65,000 രൂപ പൊലീസ് പരിശോധനയ്ക്കിടെ കണ്ടെടുക്കുകയായിരുന്നു. കാർ തലശ്ശേരി കൊളവല്ലൂരിൽ നിന്ന് വാടകയ്ക്കെടുത്തതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നൗഷാദിന്റെ മൊബൈൽ ഫോൺ സ്വിച്ചോഫ് ചെയ്ത നിലയിലാണ്.
കുഴൽപ്പണ ഇടപാട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് ഇന്നലെ രാത്രി മട്ടലായിയിൽ നടന്നതെന്ന് സംശയമുണ്ട്. ആയുധ ധാരികളായെത്തി കാർ തടഞ്ഞ സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവം നടന്നതിന് സമീപത്തുള്ള നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.മുഖംമൂടി ധരിച്ച സംഘം മട്ടലായിയിൽ ഒരാളെ ഓടിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് ചന്തേര പൊലീസ് ഉടൻ സ്ഥലത്തെത്തിയത്. അപ്പോഴേക്കും ആക്രമികൾ രക്ഷപ്പെട്ടിരുന്നു. പിടിച്ചെടുത്ത പണവും കാറും പൊലീസ് കോടതിയിൽ ഹാജരാക്കും. പണം പിടിച്ചെടുത്ത വിവരം എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റിനെ അറിയിക്കും.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും, തലശ്ശേരി പാനൂർ കൊളവല്ലൂരിൽ നിന്നും കാർ വാടകയ്ക്കെടുത്തയാളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും, ചന്തേര പൊലീസ് ഇൻസ്പെക്ടർ പി. നാരായണൻ പറഞ്ഞു.