ആലുവ:കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയെ നിയമം ലംഘിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലിന്റോ (23) ആണ് നാടുകടത്തൽ ലംഘിച്ച് റൂറൽ ജില്ലയിൽ പ്രവേശിച്ചതിന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.

കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇയാൾ പ്രവേശിച്ചത്.പെരുമ്പാവൂർ , കുറുപ്പംപടി, മൂവാറ്റുപുഴ സ്റ്റേഷനുകളിൽ മോഷണം, കവർച്ച തുടങ്ങി അഞ്ചോളം കേസിൽ പ്രതിയാണ്. ഇയാളുടെ പേരിൽ കഞ്ചാവ് കേസും ഉണ്ട്. റൂറൽ എസ്‌പി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാടു കടത്തിയത്. എസ്‌ഐ. സാലി ഒ.എം, എഎസ്ഐ മാരായ ലാൽ.ജി, അജി.പി. നായർ, സി.പി.ഒ വിപിൻ കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.