കോഴിക്കോട്: കാട്ടുപോത്തിനെ വേട്ടയാടി ഉണക്കയിറച്ചി പങ്കിടുന്നെന്ന രഹസ്യവിവരത്തെതുടർന്ന് സ്ഥലത്ത് പരിശോധനക്കെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നേരെ വേട്ടനായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെട്ട സംഭവത്തിൽ നായാട്ടു സംഘത്തിലെ ആറു പേരിൽ മൂന്ന് പേർ പിടിയിൽ . കൂടരഞ്ഞി കയ്യാലകത്ത് പി കെ ബിനോയ് (43), തേക്കുംകുറ്റി കൂറപ്പൊയിൽ ജിനിഷ് (36), കുമാരനല്ലൂർ കളരാത്ത് ഹരീഷ് കുമാർ (35) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരെയും വീടുകളിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോട് തമ്പുരാൻ കൊല്ലി പ്രദേശത്ത് ജനുവരി 21-ന് വ്യാഴാഴ്ചയാണ് സംഭവം നടന്നത്. നായാട്ടു സംഘത്തെ പിടികൂടാൻ തിരുവമ്പാടി പൊലീസിന്റെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ഇവർക്കു നേരെ പ്രതികൾ വേട്ട നായ്ക്കളെ അഴിച്ചു വിടുകയായിരുന്നു. കാക്യാനിയിൽ ജിൽസന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 50 കിലോയോളം കാട്ടുപോത്തിന്റെ ഉണക്കിയ ഉണക്കിയ ഇറച്ചി, രണ്ടു നാടൻ തോക്കുകൾ, പതിനെട്ട് തിരകൾ തുടങ്ങിയ കണ്ടെടുത്തിരുന്നു.

പ്രതികളുടെ ജീപ്പും അന്ന് കസ്റ്റഡിയിലെടുത്തിരുന്നു. താമരശ്ശേരി റേയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.രാജീവ് കുമാറിന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.പി.പ്രശാന്തൻ, പി.വിജയൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഒ.ശ്വേതപ്രസാദ്, എം.എസ്.പ്രസുധ, നിധിൻ ഡ്രൈവർ ഷബീർ എന്നിവരുൾപ്പെടുന്ന ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.പ്രധാന പ്രതി കാക്യാനിയിൽ ജിൽസനുൾപ്പടെ മൂന്ന് പേരെ പിടികിട്ടാനുണ്ട്.ഇവർക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് ഫോറസ്റ്റ് ഓഫിസർ എം.കെ.രാജീവൻ പറഞ്ഞു.പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി.