കോഴിക്കോട്: മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് നടത്തിയ ബലാത്സംഗ കേസിലുൾപ്പെട്ട് കഴിഞ്ഞ മൂന്നാഴ്ചയായി ഒളിവിൽകഴിഞ്ഞിരുന്ന പ്രതി പിടിയിൽ. മലപ്പുറം പുത്തൂർ കാളൂർ പുതുപ്പള്ളി പാലക്കവളപ്പിൽ ശിഹാബുദ്ദീൻ (37) ആണ് മടവൂർ സി എം മഖാം പരിസരത്ത് വെച്ച് പിടിയിലായത്.

കോഴിക്കോട് നോർത്ത് അസി. കമ്മീഷണർ അഷറഫിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ ടി വി ധനഞ്ജയദാസാണ് അറസ്റ്റു ചെയ്തത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലായി നാൽപതിലധികം കേസുകളിലെ പ്രതിയാണ് ഇയാൾ.

സ്ത്രീകളെ മന്ത്രവാദവും മറ്റും നടത്തുന്ന ഉസ്താദിന്റെ പേരു പറഞ്ഞ് ചതിയിൽ പെടുത്തി സ്വർണ്ണവും പണവും കൈക്കലാക്കലും ചിലരെ മാനഭംഗപ്പെടുത്തി ഭീഷണിപ്പെടുത്തലുമാണ് ഇയാളുടെ രീതി. പതിനാലോളം സിം കാർഡുകളുപയോഗിക്കുന്ന പ്രതി വിവിധ സംസ്ഥാനങ്ങളിലും ജില്ലകളിലുമായി നിരന്തരം യാത്രയിലായിരിക്കും. ഒട്ടനവധി വിവാഹങ്ങളും കഴിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ മൂന്നാഴ്ച നീണ്ട നിരന്തര പരിശ്രമത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായാണ് കുപ്രസിദ്ധ കുറ്റവാളിയായ ശിഹാബുദ്ദീൻ അറസ്റ്റിലായത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ ധനഞ്ജയദാസ് ടി വി, ജൂനിയർ എസ് ഐ വിപിൻ ടി എം, എസ് ഐ സൈനുദ്ദീൻ പി കെ എന്നിവരുണ്ടായിരുന്നു.